ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതില്‍ അലസത; മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
ചീഫ് ജസ്റ്റിസ് ദിപാംകര്‍ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്
തങ്ങളുടെ ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ദിപാംകര്‍ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.
മെയ് 13ലെ കോടതിയുടെ ഉത്തരവുകളെ മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച അഫിഡവിറ്റിനെ ഉദ്ദരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. രോഗികളുടെ കുടുംബങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നേരിടേണ്ടിവന്ന അക്രമങ്ങളില്‍ പോലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറുകളും അതത് കേസുകളില്‍ സ്വീകരിച്ച നടപടികളുടെ വിവരങ്ങളും സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
കോടതിക്ക് മുന്നില്‍ മഹാരാഷ്ട്ര മെഡികെയര്‍ സെര്‍വീസ് നല്‍കിയ അഫിഡവിറ്റ് പ്രകാരം സംസ്ഥാനത്തൊട്ടാകെ 436 കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗം കേസുകളിലും എന്ത് നടപടി എടുത്തു എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും കൊടുത്തിട്ടില്ല. ഇതുകൊണ്ടാണ് എല്ലാ വിവരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തി സര്‍ക്കാര്‍ പ്രതിനിധിയുടെ പരിശോധക്ക് ശേഷം മാത്രം ഇനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന് ഹൈക്കോടതി പറഞ്ഞത്.