ഇനിയും ഇങ്ങനെ അപമാനിക്കരുത് മോദിയോട് മമത
ബംഗാളിനാണ് ഞാൻ പ്രഥമപരിഗണന നൽകുന്നത്. ബംഗാളിനെ ഒരിക്കലും ഞാൻ അപകടത്തിലാക്കില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ചതോടെയാണ് മമത പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.
എന്നെ ഇത്തരത്തിൽ അപമാനിക്കരുത്, നിങ്ങൾ നിങ്ങളുടെ എല്ലാ സംവിധാനങ്ങൾ ഉപയോഗിച്ചും എന്നെ തോൽപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും തെരഞ്ഞെടുപ്പിൽ ഞങ്ങൾ മഹാവിജയം നേടി. ആ വിജയമാണോ നിങ്ങളെ പ്രകോപിക്കുന്നത്് ?.
യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനർജി മടങ്ങിയതിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പോരുതുടങ്ങിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച് 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് നൽകിയശേഷം യാസ് ബാധിതപ്രദേശമായ ദിഗയിലേക്കുപോയി. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചിരുന്നു.രാത്രിയോടെ ചീഫ് സെക്രട്ടറി ആലോപൻ ബന്ദോപാധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
'ബംഗാളിനാണ് ഞാൻ പ്രഥമപരിഗണന നൽകുന്നത്. ബംഗാളിനെ ഒരിക്കലും ഞാൻ അപകടത്തിലാക്കില്ല. ഇവിടെയുളള ജനങ്ങൾക്ക് മുഴുവൻ വേണ്ടി ഒരു കാവൽക്കാരിയായി ഞാൻ തുടരും. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലുപിടിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതുചെയ്യാനും ഞാൻ തയ്യാറാണ്. പക്ഷേ എന്നെ അധിക്ഷേപിക്കരുത്.' മമത പറഞ്ഞു.
തനിക്ക് മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രധാനമന്ത്രി എന്നെ അവഹേളിച്ചു, തന്റെ പ്രതിച്ഛായ തകർക്കുന്നതിന് വേണ്ടി ട്വീറ്റുകൾ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പക്ഷപാതപരമായ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് അവർ തന്നെ അധിക്ഷേപിച്ചെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേ മമത പറഞ്ഞു.
പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യമര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഗവർണറും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി. എന്നാൽ, ദിഗയിലെ തന്റെ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താൻ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു.