മുസ്‍ലിംകളല്ലാത്ത അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്‍ലിമേതര വിഭാഗക്കാരിൽ നിന്നാണ് കേന്ദ്രം അപേക്ഷ ക്ഷണിച്ചത്.

Update: 2021-05-29 01:05 GMT
Advertising

അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം ഇതര അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ പോലും രൂപീകരിച്ചിട്ടില്ല എന്നിരിക്കെയാണ് അടിയന്തരമായി നടപ്പാക്കണമെന്ന് കാണിച്ച് കേന്ദ്രം പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ന്യൂനപക്ഷമായ മുസ്‍ലിമേതര വിഭാഗക്കാരിൽ നിന്നാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലായി ഇന്ത്യയിൽ താമസമാക്കിയ അഭയാ൪ഥികൾക്ക് ഇനി പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വ നിയമ ഭേദഗതിക്ക് ചട്ടങ്ങൾ പോലും രൂപീകരിക്കും മുൻപാണ് കേന്ദ്ര നടപടി.

2019ൽ പാസാക്കിയ ഭേദഗതിക്ക് ചട്ടങ്ങൾ കൊണ്ടുവരാനുള്ള ആറ് മാസ സമയം പാഴായതിനെ തുട൪ന്ന് രണ്ട് തവണയാണ് സമയം കേന്ദ്രം നീട്ടിചോദിച്ചിരുന്നത്. ലോക്സഭ അനുവദിച്ച സമയം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. രാജ്യസഭ അനുവദിച്ച സമയം ജൂലൈയിൽ അവസാനിക്കും. എന്നാൽ ഇതുവരെയും ചട്ടങ്ങൾ കേന്ദ്രം രൂപീകരിച്ചിട്ടില്ല. അതിനിടെയാണ് അടിയന്തരമായി ഉത്തരവ് നടപ്പാക്കണമെന്ന് കാണിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

1955ൽ കൊണ്ടുവന്ന പൗരത്വ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകൾ ഉപയോഗിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭേദഗതി ചെയ്ത വകുപ്പുകൾ ഉത്തരവിൽ പരാമ൪ശിച്ചിട്ടില്ല. രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ വിവാദ നിയമ ഭേദഗതി കുറുക്കുവഴിയിലൂടെ നടപ്പിലാക്കാനുള്ള കേന്ദ്രനീക്കമാണിതെന്നാണ് വിമ൪ശനം. നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള നിരവധി ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News