എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിയെ കണ്ട് കൂടുതൽ വാക്സിൻ ആവശ്യപ്പെടും
വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറക്കാൻ കഴിയൂവെന്നും വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു
Update: 2021-06-13 08:36 GMT
തമിഴ്നാട്ടിൽ കൂടുതൽ വാകിസിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറക്കാൻ കഴിയൂവെന്നും വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോവിഡ് ഒന്നാം തരംഗത്തിൽ വൈറസിന്റെ അതിവ്യാപനം നടന്ന കോയമ്പേട് പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്കുള്ള വാക്സിനേഷൻ പരിപാടികൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട്. നിലവിൽ 9,655 പേർക്ക് അവിടെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ ഭിന്നശേഷിക്കാർക്ക് അവരുടെ അടുത്ത് പോയി വാക്സിനേഷൻ നൽകിയ ആദ്യ സംസ്ഥാനവും തമിഴ്നാടാണ്. ഇതുവരെ 5000 ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.