സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി

കോവിഡ് വര്‍ധനക്ക് അനുസരിച്ച് രാജ്യത്ത് വാക്സിന്‍ ഉത്പാദനം നടക്കാത്തതിനാലാണ് ഇറക്കുമതിക്ക് അനുമതി നല്‍കിയത്

Update: 2021-05-07 01:26 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കി സര്‍ക്കാര്‍. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം, രാജ്യത്ത് അംഗീകാരമുള്ള ഏത് വാക്‌സിനും ലൈസന്‍സ് ലഭിക്കുന്ന പക്ഷം ഇറക്കുമതി ചെയ്യാം. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനിടെ രാജ്യത്തെ വാക്സിന്‍ നിര്‍മാണം പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങളില്‍ അയവ് വരുത്തുകയായിരുന്നു

ഇന്ത്യയിൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത വാക്സിനാണ് ഇറക്കുമതി ചെയ്യുന്നത് എങ്കില്‍, ഇറക്കുമതി ചെയ്യുന്നവരോ വാക്സിൻ നിർമാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസൻസ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതോടെ, ഇന്ത്യല്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ലോകോത്തര ബ്രാന്‍ഡുകളായ ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ മരുന്നുകളും രാജ്യത്ത് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. മരുന്ന് ഇറക്കുമതി ചെയ്യാനുദ്ദേശിക്കുന്ന കമ്പനിക്ക് ഇറക്കുമതി ലൈസന്‍സ് ലഭ്യമല്ലാത്ത പക്ഷം, സി.ഡി.എസ്.സി.ഒയില്‍ നിന്നും 'ന്യൂ ഡ്രഗ് പെര്‍മിഷന്‍' വാങ്ങിക്കേണ്ടതുണ്ട്.

കോവിഡ് മഹാമാരി കുതിച്ചുയരുന്ന ഘട്ടത്തിലും ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത പശ്ചാതലത്തിലാണ് കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നേരിട്ടുള്ള ഇറക്കുമതിക്ക് അനുമതി നല്‍കിയത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News