വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ യു.പിയിൽ 500 ​പൊലീസുകാരെ സ്ഥലം മാറ്റി

മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്​റ്റേഷൻ ഹൗസ്​ ഓഫീസർമാരെയും ഒരു സർക്കിൾ ഇൻസ്​പെക്​ടറെയും സസ്പെൻഡ് ചെയ്​തു

Update: 2021-06-05 04:53 GMT
Advertising

ഉത്തർപ്രദേശിൽ തുടർച്ചയായുണ്ടായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ്​ സേനയിൽ കൂട്ട സ്ഥലമാറ്റം. 500 ഓളം പേരെയാണ്​ വിവിധ സ്​റ്റേഷനുകളിലേക്ക്​ സ്ഥലം മാറ്റിയത്​. കഴിഞ്ഞ രണ്ടുവർഷമായി ഒരേ പൊലീസ്​ സ്​റ്റേഷനിൽ ​ജോലിയിൽ തുടരുന്ന പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്​. ഭൂരിഭാ​ഗം പേർക്കും ജില്ലയ്ക്ക് പുറത്തേക്കാണ്​ സ്ഥലം മാറ്റം.

ജൂൺ രണ്ടിന് നടന്ന റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തിന് പിന്നിലെ മാഫിയ സംഘവുമായി പൊലീസിന് ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്​റ്റേഷൻ ഹൗസ്​ ഓഫീസർമാരെയും ഒരു സർക്കിൾ ഇൻസ്​പെക്​ടറെയും സസ്പെൻഡ് ചെയ്​തതായി അധികൃതർ അറിയിച്ചു. ഇതിന്​ പിന്നാലെ വ്യാജമദ്യം വിതരണം ചെയ്​ത സംഭവത്തിൽ പ്രധാനപ്രതിയായ മദ്യമാഫിയ നേതാവ്​ റിഷി ശർമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ്​ ശക്തമാക്കി.

റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തിൽ 52 പേർ​ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്​​. അതിൽ 35 പേരുടെ മരണം വ്യാജമദ്യം കഴിച്ചത്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം കനാലിൽ നിന്ന്​ മൂന്ന്​ ​പേരെയും കൊഡിയഗുഞ്ച് ഗ്രാമത്തിൽ നിന്ന്​ മറ്റൊരാളെയും വ്യാജമദ്യം കഴിച്ച്​ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബീഹാറിൽ നിന്ന്​ കുടിയേറിയ ഇഷ്​ടിക ചൂള തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News