താലിബാനുമായി കൂടിക്കാഴ്ചയാകാമെങ്കിൽ എന്തുകൊണ്ട് പാകിസ്താനുമായി പറ്റില്ല? സമാധാന ചർച്ച ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, സിപിഎം നേതാവ് എംവൈ തരിഗാമി എന്നിവർ പങ്കെടുക്കും

Update: 2021-06-22 09:26 GMT
Editor : Shaheer | By : Web Desk
Advertising

പാകിസ്താനുമായി സമാധാന ചർച്ച നടത്തണമെന്ന ആവശ്യവുമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. കശ്മീർ സംഘർഷത്തിൽ പാകിസ്താനുമായി ചർച്ച നടത്തി മേഖലയിൽ സമാധാനം കൊണ്ടുവരണമെന്ന് മെഹബൂബ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

താലിബാൻ നേതാക്കളുമായി ഇന്ത്യൻ വൃത്തങ്ങൾ ചർച്ച നടത്തിയതായുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു മെഹബൂബ മുഫ്തി. ദോഹയിൽ പോയി താലിബാനുമായി ചർച്ച നടത്താമെങ്കിൽ അവർ തങ്ങളുമായും പാകിസ്താനുമായും ചർച്ച നടത്തി പ്രമേയം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സർവകക്ഷി യോഗം ചേരാനിരിക്കെയാണ് മെഹബൂബയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സംഘം ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി താലിബാൻ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തിയത്. ഖത്തറിന്റെ ഭീകരവാദവിരുദ്ധ, സംഘർഷ മാധ്യസ്ഥ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക ദൂതൻ മുത്‌ലഖ് ബിൻ മാജിദ് അൽഖഹ്താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗിക സമാധാന ചർച്ചയിൽ പങ്കെടുക്കുന്നത്. അതേസമയം, വിദേശകാര്യ മന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അതേസമയം, സർവകക്ഷി യോഗത്തിലേക്ക് പ്രതിനിധികളെ അയയ്ക്കാൻ പീപ്പിൾ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ തീരുമാനിച്ചു. ഗുപ്കാർ സഖ്യം പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, സിപിഎം നേതാവ് എംവൈ തരിഗാമി എന്നിവരാണ് യോഗത്തിൽ സംബന്ധിക്കുക. ഇന്ന് ഇന്ന് ഫാറൂഖ് അബ്ദുല്ലയുടെ വസതിയിലാണ് സഖ്യകക്ഷികളുടെ യോഗം ചേർന്നത്. ആർട്ടിക്കിൾ 370, 35 എ വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News