ടോക്ടെക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റും; മുന്നൊരുക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറും. ഒഡീഷ ബംഗാൾ തീരങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ടോക്ടെക്ക് പിന്നാലെ ആശങ്ക സൃഷ്ടിച്ച് യാസ് ചുഴലിക്കാറ്റും. മുന്നൊരുക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേർത്ത ഉന്നതതല യോഗം പുരോഗമിക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറും. ഒഡീഷ, ബംഗാൾ തീരങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇന്ന് രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടത്. നാളെ രാവിലെയോടെ ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടേക്കും. ഈ മാസം ഇരുപത്തിയാറിന് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയുടെ വടക്കൻ തീരങ്ങളിലും പശ്ചിമ ബംഗാളിന്റെ സുന്ദർബൻ തീര മേഖലകളിലും ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, വിവിധ മന്ത്രാലയങ്ങളിലെയും ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ചുഴലിക്കാറ്റ് സാധ്യതയുള്ള തീരമേഖലകളിൽ ഇതിനകം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ 12 ഇടത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 22 ദുരന്ത നിവാരണ സേന വിഭാഗങ്ങളെ ഒഡീഷയിലും വിന്യസിക്കും.