ശശികലയ്ക്ക് പാർട്ടിയിൽ ഇടമില്ല; വാതിലടച്ച് എഐഎഡിഎംകെ നേതാവ്
എഐഎഡിഎംകെ ഒരു കേഡർ പ്രസ്ഥാനമാണ്, ശശികലയ്ക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും തമിഴ്‌നാട് മുൻ മന്ത്രി സിവി ശൺമുഖം വ്യക്തമാക്കി
രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന വികെ ശശികലയുടെ പ്രഖ്യാപനത്തിനു പിറകെ വാതിലടച്ച് എഐഎഡിഎംകെ. എഐഎഡിഎംകെ ഒരു കേഡർ പ്രസ്ഥാനമാണെന്നും പാർട്ടിയിൽ ശശികലയ്ക്ക് ഇടമില്ലെന്നും തമിഴ്‌നാട് മുൻ മന്ത്രി സിവി ശൺമുഖം പ്രതികരിച്ചു.
വില്ലുപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശൺമുഖം. ശശികല എഐഎഡിഎംകെ അംഗമല്ല. പാർട്ടിയുമായി ഒരു ബന്ധവുമില്ല. എംജിആർ പാർട്ടി രൂപീകരിക്കുമ്പോൾ തന്നെ കേഡർ പ്രവർത്തകരാണ് പാർട്ടിയുടെ നെടുംതൂണുകളെന്നും അവരാണ് പാർട്ടിക്ക് അടിത്തറ നൽകിയതെന്നും വ്യക്തമാക്കിയതാണ്. എംജിആറിനുശേഷം എഐഎഡിഎംകെ മുഖമാണെന്ന് അവകാശപ്പെട്ടുവന്ന പല പ്രമുഖ നേതാക്കളും കാലത്തിന്റെ ഒഴുക്കിൽ അപ്രസക്തരായിത്തീർന്നിട്ടുണ്ടെന്നും ശൺമുഖം സൂചിപ്പിച്ചു.
ഒരു സഹായിയായിട്ടാണ് ശശികല ജയലളിതയുമായി ബന്ധം സ്ഥാപിക്കുന്നത്. അല്ലാതെ എഐഎഡിഎംകെയുമായി ഒരു ബന്ധവുമില്ല. ഇനിയും എത്ര ശശികലമാർ എഐഎഡിഎംകെ നേതൃത്വം അവകാശപ്പെട്ടുവന്നാലും പാർട്ടി പാറപോലെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ശബ്ദരേഖയിലാണ് എഐഎഡിഎംകെ മുൻ ആക്ടിങ് ജനറൽ സെക്രട്ടറി തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. പാർട്ടിയുടെ നേതൃത്വത്തിലേക്കു തന്നെ ഇവർ തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.