സ്പുട്നിക് വാക്സിന്‍ നിര്‍മാണത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു.

Update: 2021-06-03 09:10 GMT
Advertising

റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്- 5ന്‍റെ തദ്ദേശീയ നിർമാണത്തിന് സിറം ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ) അനുമതി തേടി. സിറം ഇൻസ്​റ്റിറ്റ്യൂട്ട് വാക്സിൻ ടെസ്റ്റ് ലൈസൻസിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. 

സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിർമാണ- വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനം വാക്സിൻ നിര്‍മിക്കുന്നുണ്ട്. വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. 

റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ (ആർ.ഡി.ഐ.എഫ്) സഹകരണത്തോടെ ഡൽഹിയിലെ പനേസിയ ബയോടെക്കും സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. വർഷത്തിൽ 10 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. 

നിലവില്‍ സ്പുട്‌നിക് വാക്സിൻ റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തിൽ സ്പുട്‌നിക്കിന്‍റെ ഫലപ്രാപ്തി. 66 രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗത്തിലുണ്ട്. 

ഓക്സ്ഫോർഡ്- ആസ്ട്രസെനക വാക്സിനായ കോവിഷീൽഡ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ജൂണില്‍ 10കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമെ, അമേരിക്കയില്‍ വിതരണത്തിനുദ്ദേശിക്കുന്ന നോവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കമ്പനി യു.എസില്‍ അനുമതി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News