ശ്രീപെരുംപത്തൂരിലെ ഓക്സിജന്‍ ആന്ധ്രക്കും തെലങ്കാനക്കും: എതിര്‍പ്പുമായി തമിഴ്നാട്

എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കത്തെഴുതി.

Update: 2021-04-25 13:10 GMT
Advertising

കോവിഡ് സുനാമിയായി ആഞ്ഞടിക്കുന്നതിനിടെ ഓക്സിജന്‍ സംഭരിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ഇതിനിടെ തമിഴ്നാട്ടിലെ പ്ലാന്‍റില്‍ ഉത്പാദിപ്പിച്ച ഓക്സിജന്‍ ആന്ധ്ര പ്രദേശിനും തെലങ്കാനയ്ക്കും നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കത്തെഴുതി.

ശ്രീപെരുംപത്തൂരിലെ പ്ലാന്റില്‍ നിന്ന് 80 മെട്രിക് ടണ്‍ ഓക്‌സിജന്‍ വീതം ആന്ധ്ര പ്രദേശിനും തെലങ്കാനയ്ക്കും നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമുണ്ടെന്നാണ് പളനിസ്വാമി പ്രധാനമന്ത്രിയെ അറിയിച്ചത്. നിലവില്‍ 450 മെട്രിക് ടണ്ണിന്റെ ആവശ്യം തമിഴ്‌നാട്ടിലുണ്ട്. 220 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് തമിഴ്‌നാടിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്നും ഇത് ശരിയായ തീരുമാനമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആന്ധ്രക്കും തെലങ്കാനക്കും തമിഴ്നാട്ടിലെ പ്ലാന്‍റില്‍ നിന്ന് ഓക്സിജന്‍ നല്‍കാനുള്ള തീരുമാനം റദ്ദാക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.

നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം തമിഴ്നാട്ടില്‍ ഒരു ലക്ഷം കവിഞ്ഞു. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരങ്ങളില്‍ രണ്ടാമതാണ് ചെന്നൈ. മെയ് 15ഓടെ ചെന്നൈയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 1.25 ലക്ഷമാകുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി പറയുന്നത്. ഈ സാഹചര്യത്തില്‍ കോവിഡ് കേസുകള്‍ കുറവുള്ള സംസ്ഥാനങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്ന് ഓക്സിജന്‍ വകമാറ്റരുത്. അത് നീതിയല്ലെന്ന് എടപ്പാളി പളനിസ്വാമി കത്തില്‍ ചൂണ്ടിക്കാട്ടി.




 


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News