അര കിലോയിലധികം സ്വര്‍ണ്ണം ധരിച്ച് കുല്‍ഫി-ഫലൂദ വില്‍പ്പനക്കാരന്‍; വൈറലായി വീഡിയോ
ഇന്‍ഡോര്‍ ആസ്ഥാനമായി കുല്‍ഫി വില്‍പന നടത്തുന്ന നട്വര്‍ നേമയാണ് ഈ പണക്കാരനായ വില്‍പനക്കാരന്‍
വ്യത്യസ്തമായ വിഭവങ്ങള്‍ പോലെയാണ് ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിലെ കാഴ്ചകളും. പറക്കുന്ന ദോശയും വടാ പാവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പറന്നു നടന്ന കാഴ്ചകളാണ്. ഇപ്പോള്‍ ഒരു കുല്‍ഫി ഫലൂദ വില്‍പ്പനക്കാരനാണ് സമൂഹമാധ്യമങ്ങളിലൂടെ ഇങ്ങനെ പറന്നു നടക്കുന്നത്. ചില്ലറക്കാരനല്ല ഇദ്ദേഹം, ശരീരത്തില്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് കക്ഷിയുടെ വില്‍പന.
ഇന്‍ഡോര്‍ ആസ്ഥാനമായി കുല്‍ഫി വില്‍പന നടത്തുന്ന നട്വര്‍ നേമയാണ് ഈ പണക്കാരനായ വില്‍പനക്കാരന്‍. ഇന്‍ഡോറിലെ പ്രധാന സ്വര്‍ണ വ്യാപാര മാര്‍ക്കറ്റായ സര്‍ഫ ബസാര്‍ പ്രദേശത്താണ് നേമയുടെ കട സ്ഥിതി ചെയ്യുന്നു. നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ട് തന്നെ ഗോള്‍ഡ് മാന്‍ കുല്‍ഫി വാല എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ 45 വര്‍ഷമായി നേമ ഇവിടെ ബിസിനസ് ചെയ്യുന്നുണ്ട്. വ്യത്യസ്തനായ വില്‍പ്പനക്കാരനെ കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ 'ഫുഡി അവതാര്‍' എന്നറിയപ്പെടുന്ന ഫുഡ് ബ്ലോഗര്‍ അമര്‍ സിരോഹിയാണ് വീഡിയോ പങ്കുവച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍, വീഡിയോ 32 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ചാനലിലെ ടോപ് ട്രെന്‍ഡിങ് വീഡിയോകളില്‍ ഒന്നായി മാറി.കുല്‍ഫി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നുള്ള വീഡിയോയും ഇതോടൊപ്പമുണ്ട്. കേസര്‍, ബദാം, മാമ്പഴം, സീതാഫാല്‍, കാജു, കേവ്ര തുടങ്ങി വ്യത്യസ്തമായ കുല്‍ഫികള്‍ കടയില്‍ ലഭ്യമാണ്.
ഇന്‍ഡോര്‍ മധ്യപ്രദേശിന്‍റെ വാണിജ്യ സിരാകേന്ദ്രം എന്നതിലുപരി ഇന്‍ഡോറിനെ ഭക്ഷ്യ തലസ്ഥാനം എന്നും വിശേഷിപ്പിക്കാം. ഇന്‍ഡോര്‍ സരഫ ബസാര്‍ പരമ്പരാഗതമായി സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ക്ക് പ്രശസ്തമാണ്. ഏറ്റവും രുചികരമായ വെജിറ്റേറിയന്‍ ലഘുഭക്ഷണങ്ങള്‍, ചാട്ട്, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കും പ്രശസ്തമായ പ്രദേശം കൂടിയാണ്.