'എന്‍റെ ഭര്‍ത്താവിനെ കൊന്നതാണ്': മാധ്യമപ്രവര്‍ത്തകന്‍റെ മരണം വാഹനാപകടമെന്ന യുപി പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭാര്യ

വാഹനാപകടമല്ല, മാഫിയകളുടെ അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് കൊന്നുകളഞ്ഞതാണെന്ന് രേണുക

Update: 2021-06-15 04:48 GMT
Advertising

എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയുടെ മരണം വാഹനാപകടമെന്ന യു.പി പൊലീസിന്‍റെ വാദം തള്ളി ഭാര്യ രേണുക ശ്രീവാസ്തവ. തന്റെ ഭര്‍ത്താവിനെ മദ്യ മാഫിയ കൊന്നതാണെന്ന് രേണുക പരാതി നല്‍കി.

മദ്യ മാഫിയയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഭര്‍ത്താവിന്‍റെ ജീവന് ഭീഷണി ഉണ്ടായിരുന്നു. ഇക്കാര്യം രേഖാമൂലം പൊലീസില്‍ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് രേണുക വ്യക്തമാക്കി. ജൂണ്‍ 13ന് അനധികൃത ആയുധ നിര്‍മാണ കേന്ദ്രത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സുലഭ് ശ്രീവാസ്തവ, രാത്രി 11 മണിയോടെ വാഹനാപകടത്തില്‍പ്പെട്ടു എന്ന ഫോണ്‍ കോളാണ് തനിക്ക് ലഭിച്ചതെന്ന് ഭാര്യ പറഞ്ഞു. ആശുപത്രിയിലേക്ക് ഓടിയെത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. എന്നാല്‍ അതൊരു വാഹനാപകടമല്ല, മാഫിയകളുടെ അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് അദ്ദേഹത്തെ കൊന്നുകളഞ്ഞതാണ്. കുറ്റവാളികളെ കണ്ടെത്തണം. അദ്ദേഹത്തിന് നീതി കിട്ടണമെന്നും രേണുക ആവശ്യപ്പെട്ടു.

തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് അഭ്യര്‍ഥിച്ച് സുലഭ് ശ്രീവാസ്തവ പൊലീസിന് നല്‍കിയ കത്തും പുറത്തുവന്നു- "അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യ യൂണിറ്റില്‍ നടന്ന റെയ്ഡിനെ കുറിച്ചുള്ള എന്‍റെ റിപ്പോര്‍ട്ട് ജൂണ്‍ 9ന് ചാനലിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മദ്യ മാഫിയ എന്നെ അപായപ്പെടുത്തിയേക്കുമെന്ന വിവരം എന്‍റെ വാര്‍ത്താ സോഴ്സ് വഴി ലഭിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതല്‍ ആരോ എന്നെ നിരന്തരം പിന്തുടരുന്നതായി തോന്നുന്നുണ്ട്. സുരക്ഷ ഓര്‍ത്ത് എന്‍റെ കുടുംബവും ആശങ്കയിലാണ്". പൊലീസില്‍ പരാതി നല്‍കി അടുത്ത ദിവസമാണ് സുലഭ് ശ്രീവാസ്തവയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്.

ഞായറാഴ്ചയാണ് സംഭവം. കത്ര റോഡിലാണ് ശ്രീവാസ്തവയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകനാണ് ആശുപത്രിയിലെത്തിച്ചത്. മാധ്യമപ്രവര്‍ത്തകന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവം നടന്ന സമയത്ത് എടുത്ത ഫോട്ടോയില്‍ മാധ്യമപ്രവര്‍ത്തകന്‍റെ മുഖത്ത് പരിക്കുണ്ട്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആരോ അദ്ദേഹത്തെ അപായപ്പെടുത്തി എന്നാണെന്ന് സുഹൃത്തുക്കളും പറയുന്നു.

മദ്യമാഫിയ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നിട്ടും യു.പി സര്‍ക്കാര്‍ ഉറങ്ങുകയാണ്. മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തിന്‍റെ കണ്ണീരിന് ആര് ഉത്തരം പറയുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News