ആൽവാർ ആള്‍ക്കൂട്ടക്കൊല: വിഎച്ച്പി നേതാവ് അറസ്റ്റിൽ

രാംഗഢിൽ വച്ച് 31കാരനായ റക്ബർ എന്ന അക്ബർ ഖാനെ ആൾക്കൂട്ടം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് മൂന്നു വർഷങ്ങൾക്കുശേഷം മുഖ്യപ്രതികളിൽ ഒരാളായ നവാൽ കിഷോർ ശർമ പിടിയിലാകുന്നത്

Update: 2021-06-20 12:29 GMT
Editor : Shaheer | By : Web Desk
Advertising

രാജസ്ഥാനിലെ ഏറെ കോളിളക്കം സൃഷ്ടിച്ച ആൽവാർ ആൾക്കൂട്ടക്കൊല സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് അറസ്റ്റിൽ. സംഭവം നടന്ന് മൂന്നുവർഷങ്ങൾക്കുശേഷമാണ് മുഖ്യപ്രതികളിൽ ഒരാളായ നവാൽ കിഷോർ ശർമ എന്ന പ്രാദേശിക വിഎച്ച്പി നേതാവ് അറസ്റ്റിലാകുന്നത്.

2018 ജൂലൈ 20നാണ് രാംഗഢിൽ വച്ച് പശുക്കടത്ത് ആരോപിച്ച് 31കാരനായ റക്ബർ എന്ന അക്ബർ ഖാനെയും സുഹൃത്ത് അസ്ലമിനെയും ആൾക്കൂട്ടം ആക്രമിക്കുന്നത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ റക്ബർ ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു. അസ്ലം അക്രമികളിൽനിന്നു രക്ഷപ്പെട്ടു. സംഭവത്തിൽ തുടക്കം മുതൽ തന്നെ നവാൽ കിഷോറിനെതിരെ ആരോപണവുമായി റക്ബറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

രാംഗഢിലെ ഗോരക്ഷാ സെല്ലിന്റെ തലവനാണ് നവാൽ കിഷോർ. ആൾക്കൂട്ട ആക്രമണത്തിനു നേതൃത്വം നൽകിയതും ഇയാൾ തന്നെയായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. സംഭവത്തിൽ 2019ൽ മറ്റു നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കോടതി അന്തിമവാദം കേൾക്കാനിരിക്കെയാണ് കിഷോറിനെ അറസ്റ്റ് ചെയ്യുന്നത്.

നവാൽ കിഷോറിനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കേസ് അന്വേഷിക്കുന്ന റൂറൽ എഎസ്പി ശ്രീമാൻ മീണ പറഞ്ഞു. ഐപിസി 302(കൊലപാതകം), 304(ശിക്ഷാർഹമായ നരഹത്യ) തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മീണ അറിയിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News