സംസ്കരിക്കാന്‍ ഇടമില്ല; ബംഗളൂരുവില്‍ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി
ഗെദ്ദനഹള്ളിയിലാണ് താല്‍കാലിക ശ്മശാനം. ഇവിടെ 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അര്‍ബര്‍ ജില്ല കമീഷണര്‍ മഞ്ജുനാഥ് പറഞ്ഞു
കോവിഡ് മരണങ്ങള്‍ കൂടിയതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കള്‍. ശ്മശാനങ്ങള്‍ പലതും നിറഞ്ഞതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കരിങ്കല്‍ ക്വാറി സംസ്കരിച്ചിരിക്കുകയാണ് ബംഗളൂരു. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത് .
കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ് താല്‍കാലിക ശ്മശാനം. ഇവിടെ 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അര്‍ബര്‍ ജില്ല കമീഷണര്‍ മഞ്ജുനാഥ് പറഞ്ഞു.ഇതിന് പുറമെ തേവരെകരെ മേഖലയില്‍ ഉപയോഗിക്കാതിരുന്ന ശ്മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിന്‍റെ പടിഞ്ഞാറന്‍ പ്രദേശത്താണ് ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ് ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്മശാനത്തില്‍ പ്രതിദിനം 30 മുതല്‍ 40 മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശ്മശാനം നിയന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്.
മൂന്നാഴ്ചയായി 24 മണിക്കൂറാണ് ബംഗളൂരുവിലെ ഏഴു ശ്മശാനങ്ങളുടെയും പ്രവര്‍ത്തനം. താല്‍ക്കാലിക ശ്മശാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പലരും മുന്‍പരിചയമില്ലാത്തവരാണ്. ഞായറാഴ്ച കര്‍ണാടകയില്‍ 490 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 281 മരണങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ്.