ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല കവർന്നു
72 മുത്തുള്ള മാലയാണ് പകരം വച്ചത്
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ ചാർത്തിയിരുന്ന 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല മോഷണം പോയതായി പൊലീസ്. 72 മുത്തുള്ള മാലയാണ് പകരം വച്ചത്.
വിവാദം ഉണ്ടായ ശേഷം ഈ മാല റജിസ്റ്ററിൽ ചേർക്കുകയായിരുന്നു. ഏറ്റുമാനൂർ സിഐ സി.ആർ. രാജേഷ് കുമാർ ഇന്നു ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.
പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒൻപത് മുത്തുകളാണ് കാണാതായെന്നാണ് കരുതിയിരുന്നത്. എന്നാൽ മാല പൂർണമായി മോഷ്ടിച്ച് മറ്റൊന്ന് പകരം വെച്ചെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസും ദേവസ്വം ബോർഡും അന്വേഷണം ആരംഭിക്കുകയായിരുന്നു.
മുൻ മേൽശാന്തിയിൽ നിന്ന് സംഭവത്തിൽ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് മേൽശാന്തി പറഞ്ഞിരുന്നത്.