ഇഞ്ചുറി ടൈം ഗോളിൽ ചെൽസിയെ വീഴ്ത്തി ഫുൾഹാം; ആസ്റ്റൺ വില്ലക്കെതിരെ ന്യൂകാസിലിന് വമ്പൻ ജയം
ടോട്ടനത്തെ വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർലീഗ് ടേബിളിൽ മൂന്നാംസ്ഥാത്തേക്ക് കയറി.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിലെ ബോക്‌സിങ് ഡേ പോരാട്ടത്തിൽ അടിതെറ്റി വമ്പൻമാർ. ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന ചെൽസിയെ ഫുൾഹാം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നീലപട തോൽവി വഴങ്ങിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ റോഡ്രിഗോ മ്യൂനിസാണ്(90+5) വിജയ ഗോൾ നേടിയത്. ഹാരി വിൽസണാണ്(82) മറ്റൊരു സ്‌കോറർ. ചെൽസിക്കായി കോൾ പാൽമർ(16) ആശ്വാസ ഗോൾനേടി. സീസണിൽ ചെൽസിയുടെ മൂന്നാം തോൽവിയാണിത്. 1979ന് ശേഷമാണ് ചെൽസി തട്ടകത്തിൽ ഫുൾഹാം വിജയം സ്വന്തമാക്കുന്നത്.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂകാസിൽ യുണൈറ്റഡ് തകർത്തു. ആന്റണി ഗോർഡൻ(2), അലക്‌സാണ്ടർ ഇസാക്(59), ജോലിന്റൺ(90+1) എന്നിവരാണ് വലകുലുക്കിയത്. 32ാം മിനിറ്റിൽ സ്‌ട്രൈക്കർ ജോൺ ദുരാൻ ചുവപ്പ് കാർഡ് വഴങ്ങി പുറത്ത് പോയതോടെ പത്തു പേരുമായാണ് വില്ല പൊരുതിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയാണ് ന്യൂകാസിൽ വിജയം പിടിച്ചത്.
ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് നോട്ടിങ്ഹാം ഫോറസ്റ്റും ബോക്‌സിങ് ഡേയിൽ വിജയ കുതിപ്പ് നടത്തി. ആന്റണി എലാംഗ(28) നേടിയ ഏകഗോളിലാണ് സ്വന്തം തട്ടകത്തിൽ നോട്ടിങ്ഹാം വിജയം സ്വന്തമാക്കിയത്. സീസണിൽ പത്താം ജയം സ്വന്തമാക്കിയ നോട്ടിങ്ഹാം ആർസനലിനെ മറികടന്ന് പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.