കേന്ദ്രം തരം താഴുന്നു; ആം ആദ്മി ദേശീയ വക്താവ്
ആം.ആദ്മി പാർട്ടിക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു
എല്ലാ വർഷവും ആം.ആദ്മി പാർട്ടിക്ക് നോട്ടീസുകൾ അയച്ച് കേന്ദ്രം തരം താഴുകയാണെന്ന് ആം.ആദ്മി എം.എൽ.എ യും പാർട്ടി ദേശീയ വക്താവുമായ രാഗവ് ചദ്ദ. ഇ.ഡി, സി.ബി.ഐ, ഡെൽഹി പോലീസ്, ഇൻകം ടാക്സ്, ഇലക്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ വർഷവും ആം.ആദ്മി പാർട്ടിക്കെതിരെ ഓരോ ഏജൻസികളിൽ നിന്ന് നോട്ടീസുകൾ ലഭിക്കാറുണ്ട്. ഇതിലൂടെ കേന്ദ്രം തരം താഴുകയാണ്. അദ്ദേഹം പറഞ്ഞു.
'2012 ലാണ് ഞങ്ങൾക്കെതിരെ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ ആദ്യ നോട്ടീസ് ലഭിക്കുന്നത്. അണ്ണാ ആന്ദോളന്‍റെ വിദേശ ഫണ്ടുകളുമായി ബന്ധപ്പെട്ടായിരുന്നു ആ നോട്ടീസ്.കെജ്‍രിവാളടക്കം പാർട്ടി നേതാക്കൾക്കൊക്കെ നോട്ടീസ് ലഭിച്ചു. കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണങ്ങൾക്കൊക്കെ ശേഷം കേന്ദ്ര അഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അക്കൗണ്ടുകൾ ഒക്കെ സുതാര്യമാണെന്നാണ് അവർ അവസാനം എഴുതിയത്. അക്കൗണ്ടുകളിൽ ചെറിയൊരു പിഴവ് പോലും അവർക്ക് കണ്ടെത്താനായില്ല. ഇതിലൂടെയൊക്കെ ബി.ജെ.പി സർക്കാർ സ്വയം തരം താഴുകയാണ്' അദ്ദേഹം പറഞ്ഞു.
ഇതിന് ശേഷം എല്ലാ വർഷവും കേന്ദ്രത്തിന്‍റെ നോട്ടീസുകൾ ലഭിക്കാറുണ്ടെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഓഫീസിൽ വരെ റൈഡ് നടത്തിയിട്ടും കേന്ദ്രത്തിന് ഇത് വരെ ഒരു തുമ്പും തങ്ങൾക്കെതിരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇ.ഡി നോട്ടീസ് ലഭിച്ചയുടൻ 'കേന്ദ്രത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഏജൻസിയിൽ നിന്ന് ഞങ്ങൾക്കൊരു പ്രേമ ലേഖനം ലഭിച്ചിച്ചിട്ടുണ്ട്' എന്നാണ് രാഗവ് ചദ്ദ ട്വിറ്ററിൽ കുറിച്ചത്.