"പടിക്കലേ, ഒന്നു നിർത്തുമോ?" സെൽഫ് ട്രോളുകളിൽ അപാര 'ഫോമി'ൽ രാജസ്ഥാൻ ട്വിറ്റർപട

നിരാശപ്പെടുത്തി വീണ്ടും സഞ്ജു

Update: 2021-04-23 08:31 GMT
Editor : Shaheer | By : Web Desk
Advertising

സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തിയ ദിനത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽനിന്ന് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ്. എല്ലാംകൊണ്ടും ശനിദിനമായിരുന്നു ഇന്നലെ സഞ്ജുവിന്. തുടർച്ചയായ തോൽവികളുടെ ക്ഷീണവും ബാറ്റിങ് സ്ഥിരതയില്ലായ്മയുടെ പഴിയും തീർക്കാനിറങ്ങിയതായിരുന്നു ഇന്നലെ. എന്നാൽ, പവർപ്ലേയിൽ തന്നെ സൂപ്പർ താരങ്ങളായ ജോസ് ബട്‌ലറിനെയും ഡെവിഡ് മില്ലറെയും ഓപണർ മനൻ വോറെയെയും നഷ്ടപ്പെട്ടു. തുടർച്ചയായ ഫോറുകളുമായി രക്ഷാപ്രവർത്തനം ഏറ്റെടുത്ത സഞ്ജു അധികം വൈകാതെത്തന്നെ പതിവ് പോലെ വിക്കറ്റ് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് മടങ്ങി.

എന്നാൽ, രാജസ്ഥാൻ താരങ്ങൾ കളത്തിൽ മോശം 'ഫോം' തുടരുമ്പോൾ സെൽഫ്‌ട്രോളുകളുമായി ട്വിറ്റർലോകത്ത് അപാര 'ഫോമി'ലായിരുന്നു രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയപ്പട. 'പടിക്കലേ, ഒന്നു നിർത്താമോ' എന്നായിരുന്നു ഹാൻഡ്‌ലിൽ വന്ന ഒരു ട്വീറ്റ്. ഇന്നലെ രാജസ്ഥാൻ താരങ്ങളും ആരാധകരുമെല്ലാം മനസിൽ പറഞ്ഞുകൊണ്ടിരുന്ന കാര്യം സോഷ്യൽ മീഡിയ ടീം നേരെ ട്വിറ്ററിലേക്ക് പകർത്തുകയായിരുന്നു എന്നു തന്നെ വേണം പറയാൻ. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ബാംഗ്ലൂരിന്റെ മലയാൡതാരം ദേവ്ദത്ത് പടിക്കൽ ഒരു അവസരവും നൽകാതെ രാജസ്ഥാൻ ബൗളർമാരെ അടക്കിഭരിക്കുകയായിരുന്നു.

പശുക്കൾക്ക് മുൻപല്ലുകളില്ലെന്നതാണ് യാഥാർത്ഥ്യമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഒടുവിൽ രാജസ്ഥാൻ ഉർത്തിയ 177 റൺസിന്റെ ടോട്ടൽ 21 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റും കളയാതെ ബംഗ്ലൂർ അനായാസം മറികടന്നപ്പോഴും രാജസ്ഥാന്റെ ട്വിറ്റർ ടീം പണിനിർത്തിയില്ല. ''നല്ല വാർത്ത: ഒരു ഇന്ത്യൻ യുവതാരത്തിന്റെ മികച്ച പ്രകടനം കൂടി... മോശം വാർത്ത: അതു നമ്മൾക്കെതിരായിപ്പോയി!' എല്ലാം കഴിഞ്ഞ് Directed by Robert B Weide എന്ന സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയ 'മീം' വാചകം ട്വീറ്റ് ചെയ്താണ് ഇവർ കളിനിർത്തിത്. ട്രോളുകൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരവും ലഭിച്ചിട്ടുണ്ട്. രാജസ്ഥാൻ ട്വിറ്റർ ടീമാണ് താരങ്ങളെക്കാൾ മികച്ചതെന്നായിരുന്നു പലരും പങ്കുവച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസ്് നേടിയത്. മുൻനിരയുടെ കൂട്ടത്തകർച്ചയിൽനിന്ന് ശിവം ദുബെ(32 പന്തിൽ 46), രാഹുൽ തെവാട്ടിയ(23 പന്തിൽ 40), റിയാൻ പരാഗ്(16 പന്തിൽ 25) എന്നിവരാണ് ടീമിനെ കരകയറ്റിയത്. മറുപടി ബാറ്റിങ്ങിൽ കന്നി ഐപിഎൽ സെഞ്ച്വറി സ്വന്തമാക്കിയ ദേവ്ദത്ത് പടിക്കൽ(52 പന്തിൽ ആറു സിക്‌സും 11 ഫോറും സഹിതം 101), നായകൻ വിരാട് കോലി(47 പന്തിൽ മൂന്നു സിക്‌സും ആറു ഫോറും സഹിതം 72) എന്നിവരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിന് വിജയക്കുതിപ്പ് എളുപ്പമാക്കിയത്. നാല് മത്സരങ്ങളിൽനിന്നായി തോൽവിയറിയാതെ മുന്നേറുന്ന ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News