ആഷ്‌ലി ബാര്‍ട്ടി പുറത്ത്; ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത് സ്‌പെയിന്‍ താരം
ലോക റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സാറ സോറിബസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്‌ലി ബാര്‍ട്ടിനെ തകര്‍ത്തത്.
ഒളിമ്പിക്സ് ടെന്നീസില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ആദ്യ റൌണ്ടില്‍ തന്നെ പുറത്ത്. വിംബിള്‍ഡൺ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ വനിതാതാരവും ആഷ്‌ലി ബാര്‍ട്ടിനെ സാറ സോറിബസ് ആണ് അട്ടിമറിച്ചത്. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിനാണ് ഇന്ന് ടെന്നീസ് ലോകം സാക്ഷ്യം വഹിച്ചത്. ലോക റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സാറ സോറിബസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്‌ലി ബാര്‍ട്ടിനെ തകര്‍ത്തത്. സ്‌കോര്‍: 6-4, 6-3. ഒളിമ്പിക്‌സില്‍ സ്വര്‍ണ പ്രതീക്ഷയുമായി എത്തിയ ബാര്‍ട്ടി പക്ഷേ കളിക്കളത്തില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഇതുമുതലെടുത്ത സാറ ആദ്യ സെറ്റിലും രണ്ടാം സെറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ബാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വന്ന നിരവധി പിഴവുകളും സാറയ്ക്ക് തുണയായി.
അതേസമയം ഒളിമ്പിക്സ് ടെന്നീസില്‍ ഇന്ത്യക്ക് ആദ്യ ദിനം തന്നെ തിരിച്ചടി നേരിട്ടു. ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിൾസ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിർസ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടത്. യുക്രെയ്നിന്‍റെ ല്യുദ്‌മില കിചെനോക് – നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ 6–0, 6–7, 8–10.ആദ്യ റൌണ്ടില്‍ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയ സാനിയ സഖ്യത്തിന് രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തിയതോടെയാണ് കളി കൈവിട്ടുതുടങ്ങിയ്. രണ്ടാം റൌണ്ടിലെ പോരാട്ടത്തില്‍ 6-7ന് ആയിരുന്നു യുക്രെയ്ന്‍ ടീമിന്‍റെ വിജയം. ഒളിമ്പിക്സിലെ കന്നി അങ്കമായിരുന്നു കിചെനോക് – നാദിയ കിചെനോക് സഹോദരിമാരുടേത്. അതേസമയം സാനിയ-അങ്കിത സഖ്യം ഒരുമിച്ച് ഇറങ്ങുന്നതും ആദ്യമായായിരുന്നു