'ഇത് ശരിയല്ല': സ്വർണം നേടിയ ബ്രസീൽ ഫുട്‌ബോൾ ടീമിനെതിരെ ഒളിമ്പിക് കമ്മിറ്റി
മെഡൽദാന ചടങ്ങിൽ ഫുട്ബോള്‍ താരങ്ങള്‍ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിക്കാത്തതാണ് ഒളിമ്പിക് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്. ഫൈനലിൽ സ്‌പെയിനിനെ തോൽപിച്ചാണ് ബ്രസീൽ സ്വർണം ചൂടിയത്.
ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിയ ബ്രസീല്‍ ഫുട്ബോള്‍ ടീമിനെതിരെ ബ്രസീല്‍ ഒളിമ്പിക് കമ്മിറ്റി. മെഡൽദാന ചടങ്ങിൽ ഫുട്ബോള്‍ താരങ്ങള്‍ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിക്കാത്തതാണ് ഒളിമ്പിക് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്. ഫൈനലിൽ സ്‌പെയിനിനെ തോൽപിച്ചാണ് ബ്രസീൽ സ്വർണം ചൂടിയത്. ടീമിനെതിരെ നടപടിയെടുക്കുമെന്ന് ബ്രസീലിയൻ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. ടീമംഗങ്ങളുടെയും ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷന്റേയും മനോഭാവത്തേയും ഒളിംപിക് കമ്മിറ്റി അപലപിച്ചു.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി(ഐഒസി) അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ബ്രസീലിയൻ അത്‌ലറ്റുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ചൈനീസ് കമ്പനിയായ പീക് സ്‌പോർട്‌സായിരുന്നു ഈ ജഴ്‌സിയുടെ സ്‌പോൺസർ. എന്നാൽ മെഡൽ വാങ്ങാനായി ബ്രസീൽ താരങ്ങൾ പോഡിയത്തിലെത്തിയത് നൈക്കിയുടെ ജഴ്‌സിയണിഞ്ഞും. ജാക്കറ്റുകൾ അരക്കെട്ടിന് ചുറ്റും കെട്ടുകയും ചെയ്തു. പാന്റ്‌സ് മാത്രമാണ് ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായിരുന്നത്.
അതേസമയം ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷന്റെ ഉത്തരവുകൾ മാത്രമാണ് പിന്തുടർന്നതെന്നായിരുന്നു ബ്രസീൽ കളിക്കാരുടെ പ്രതികരണം.ഒളിമ്പിക്‌സിലെ ചട്ടങ്ങൾ സംബന്ധിച്ച് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ താരങ്ങളെ അറിയിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫുട്‌ബോൾ താരങ്ങൾക്കെതിരെ ബ്രസീലിയൻ നീന്തൽ താരം ബ്രൂണോ ഫ്രാറ്റസും രംഗത്തെത്തി. ബ്രസീലിന്റെ ഒളിംപിക് സംഘത്തിൽ നിന്ന് വേറിട്ടാണ് ഫുട്‌ബോൾ കളിക്കാർ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളതെന്നും ഒളിംപിക് സംഘത്തിന്റെ ഭാഗമാണ് എന്ന് അവർക്ക് തോന്നാറില്ലെന്നും ബ്രൂണോ വ്യക്തമാക്കുന്നു.
ആവേശകരമായ മത്സരത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു ബ്രസീല്‍ സ്വര്‍ണം നിലനിര്‍ത്തിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ മാല്‍ക്കോമാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. 2016 റിയോ ഒളിമ്പിക്‌സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ നേടുന്ന രണ്ടാം സ്വര്‍ണമാണിത്.