മത്സരത്തിന് മുന്‍പ് ജൂഡോ താരത്തിന്‍റെ മുഖത്തടിച്ച് പരിശീലകന്‍; അമ്പരന്ന് കായികപ്രേമികള്‍
ആരും വിഷമിക്കേണ്ട. മത്സരത്തിനിറങ്ങും മുന്‍പ് താന്‍ തന്നെ തീരുമാനിച്ച ഒരു 'ആചാര'മായിരുന്നു അതെന്ന് ജൂഡോ താരം
ടോക്യോ ഒളിംപിക്സില്‍ ജൂഡോ മത്സരം നടക്കും മുന്‍പ് പരിശീലകന്‍ താരത്തിന്‍റെ മുഖത്തടിക്കുന്ന ദൃശ്യം കണ്ട് അമ്പരന്നിരിക്കുകയാണ് കായികപ്രേമികള്‍. ജർമൻ കായികതാരം മാർട്യാന ട്രാജോസിനെയാണ് മത്സരം തുടങ്ങും മുന്‍പ് കോച്ച് കരണത്തടിച്ചത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഹംഗറിയുടെ സോഫി ഓസ്‌ബാസുമായുള്ള മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു സംഭവം. പരിശീലകൻ ക്ലോഡിയോ പുസ, താരത്തിന്‍റെ കോളറിൽ പിടിച്ചുവലിക്കുകയും ചുമലിൽ പിടിച്ചുകുലുക്കുകയും ചെയ്ത ശേഷം മുഖത്ത് രണ്ടു തവണ അടിക്കുകയായിരുന്നു. ആരോ പകര്‍ത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പരിശീലകനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. പിന്നാലെ വിശദീകരണവുമായി ജൂഡോ താരം തന്നെ രംഗത്തെത്തി.
'ആരും വിഷമിക്കേണ്ട. മത്സരത്തിനിറങ്ങും മുന്‍പ് ഞാന്‍ തന്നെ തീരുമാനിച്ച ഒരു 'ആചാര'മായിരുന്നു അത്. എനിക്ക് പ്രചോദനം നല്‍കാനാണ് പരിശീലകന്‍ അങ്ങനെ ചെയ്തത്. മത്സരത്തിന് തൊട്ടുമുമ്പ് കൂടുതൽ ജാഗരൂകയാകാൻ ഇതെന്നെ സഹായിക്കുന്നു'- ട്രാജോസ് വ്യക്തമാക്കി. പരിശീലകന്റെ അടിയുടെ ശക്തി കുറഞ്ഞു പോയെന്നും അതുകൊണ്ടാവാം ഞാന്‍ തോറ്റുപോയതെന്നും ട്രാജോസ് തമാശയായി പറഞ്ഞു. താൻ ഇന്ന് വാർത്തകളിൽ മറ്റൊരു രീതിയിൽ ഇടം നേടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും ജൂഡോ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഈ 'ആചാര'ത്തിനെതിരെ പലതരം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. കായികതാരങ്ങളുടെ മനോബലം കൂട്ടാന്‍ സഹായിക്കുമെങ്കില്‍ പരിശീലകൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് ഒരു വിഭാഗം പറയുന്നു.
സാഹചര്യം എന്തുതന്നെയായാലും പരിശീലകന്‍ ചെയ്തത് തെറ്റാണെന്ന് മറ്റു ചിലര്‍ പറയുന്നു.