ബോള്‍ട്ടില്ലാത്ത ട്രാക്കില്‍ ഇനിയാര്? ലോകത്തെ വേഗരാജാവിനെ ഇന്നറിയാം
ലോകം ഇമ ചിമ്മാതെ കാത്തിരിക്കുകയാണ് ബോള്‍ട്ട് അടക്കിവാണ സിംഹാസനത്തിന്‍റെ അടുത്ത അവകാശിയെ കാണാന്‍...
ലോകത്തെ വേഗരാജാവിനെ ഇന്നറിയാം, ഉസൈന്‍ ബോള്‍ട്ടില്ലാത്ത ട്രാക്കില്‍ ആരാകും ജേതാവെന്ന ആകാംക്ഷയിലാണ് കായികലോകം. വൈകിട്ട് 6.20നാണ് ഫൈനല്‍. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും 100 മീറ്ററില്‍ രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യം മാത്രമേ ഉയർന്നിട്ടുള്ളൂ, പക്ഷെ ഇത്തവണ ആ ട്രാക്കില്‍ ബോള്‍ട്ടില്ല, ആരാകും ബോള്‍ട്ട് അടക്കിവാണ ട്രാക്കിലെ അടുത്ത രാജാവ്? ഹീറ്റ്സില്‍ 9.91 സെക്കന്‍റിന്‍റെ വേഗവുമായി കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ ആ സിംഹാസനത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി കഴിഞ്ഞു.
ഇറ്റലിയുടെ ലാമന്‍റ് മാഴ്സലാണ് ഹീറ്റ്സിലെ മികച്ച രണ്ടാമത്തെ സമയം കുറിച്ചത്. 9.94 സെക്കന്‍റായിരുന്നു 100 മീറ്റര്‍ പിന്നിടാന്‍ ലാമന്‍റ് മാഴ്സക്ക് വേണ്ടിവന്നത് , തന്‍റെ പിന്‍ഗാമിയാകുമെന്ന് ബോള്‍ട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവണ്‍ ബ്രൊമല്‍, ലണ്ടനില്‍ വെള്ളി നേടിയ യൊഹാന്‍ ബ്ലേക്ക്, അമേരിക്കയുടെ ഫ്രൈഡ് കേർലി, നൈജീരിയയുടെ എനോക് അഡിഗോകെ. ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈന്‍. അങ്ങനെ നീളുന്നു ട്രാക്ക് പിടിക്കാനുള്ള മോഹവുമായി എത്തുന്ന കരുത്തരുടെ നിര. ലോകം ഇമ ചിമ്മാതെ കാത്തിരിക്കുകയാണ് ബോള്‍ട്ട് അടക്കിവാണ സിംഹാസനത്തിന്‍റെ അടുത്ത അവകാശിയെ കാണാന്‍...
അതേസമയം ഇന്നലെ നടന്ന വനിതകളുടെ നൂറുമീറ്ററില്‍ ജമൈക്കയുടെ എലൈൻ തോംപ്‌സൺ കിരീടമണിഞ്ഞു. 10.61 സെക്കൻഡിലാണ് എലൈൻ നൂറു മീറ്റർ പൂർത്തിയാക്കിയത്. 2016ൽ റിയോ ഒളിംപിക്‌സിലും എലൈന്‍ ആയിരുന്നു ജേതാവ്. എന്നാല്‍ 33 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ടായിരുന്നു താരം ഇത്തവണ സ്വർണത്തിലേക്ക് ഓടിക്കയറിയത്. ഷെല്ലി ആൻ ഫ്രേസർക്കാണ് വെള്ളി. ഷരിക ജാക്‌സണ്‍ വെങ്കലം നേടി. മൂന്നു മെഡൽ ജേതാക്കളും ജമൈക്കൻ താരങ്ങളാണെന്ന അപൂര്‍വതക്കും ടോക്യോ സാക്ഷിയായി.10.74 സെക്കൻഡിലാണ് ഷെല്ലി ഓട്ടം പൂര്‍ത്തിയാക്കിയത്. ഷരിക ഓടിയെത്തിയത് 10.76 സെക്കൻഡിലും. മത്സരത്തിൽ പങ്കെടുത്ത ആറ് അതലറ്റുകൾ പതിനൊന്ന് സെക്കൻഡിൽ താഴെ സമയമെടുത്താണ് ഓടിയത്.
നൂറ് മീറ്റർ ഓട്ട മത്സരത്തിന് പുറമെ ഇന്ന് 28 മെഡൽ ഇവന്‍റുകളാണ് നടക്കുന്നത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, അത്‌ലെറ്റിക്‌സ്, ബാഡ്മിന്‍റൺ, ബേസ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബീച്ച് വോളിബോൾ, ബോക്‌സിംഗ്, സൈക്ലിംഗ് ബിഎംഎക്‌സ് ഫ്രീസ്റ്റൈൽ, ഡൈവിംഗ്, ഇക്വിസ്‌ട്രെയ്ൻ, ഫെൻസിംഗ്, ഗോൾഫ്, ഹാൻഡ്‌ബോൾ, ഹോക്കി, സെയ്‌ലിംഗ്, ഷൂട്ടിംഗ്, സർഫിംഗ്, നീന്തൽ, ടേബിൾ ടെന്നിസ്, ടെന്നിസ്, വോളിബോൾ, വാട്ടർ പോളോ, ഭാരോദ്വഹനം, ഗുസ്തി എന്നിവയാണ് പ്രധാന ഇവന്‍റുകള്‍