ഒളിമ്പിക്സ് പുരുഷ ഹോക്കി: സെമിയിൽ ഇന്ത്യക്ക് തോൽവി, ഇനി വെങ്കല പ്രതീക്ഷ

ആദ്യം ലീഡ് നേടിയത് ബെല്‍ജിയം ആയിരുന്നെങ്കില്‍ രണ്ട് ഗോളുകള്‍ നേടി ഇന്ത്യ തിരിച്ചുവന്നിരുന്നു. എന്നാല്‍ പിന്നീട് ഗോള്‍ മടക്കി ബെല്‍ജിയം മത്സരം വരുതിയിലാക്കി.

Update: 2021-08-03 03:30 GMT
Editor : rishad | By : Web Desk
Advertising

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ കരുത്തരായ ബെല്‍ജിയത്തിന് മുന്നില്‍ വീണ് ഇന്ത്യ. സെമിയില്‍ 5-2നാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ലീഡ് നേടിയത് ബെല്‍ജിയം ആയിരുന്നെങ്കില്‍ രണ്ട് ഗോളുകള്‍ നേടി ഇന്ത്യ തിരിച്ചുവന്നിരുന്നു. എന്നാല്‍ പിന്നീട് ഗോള്‍ മടക്കി ബെല്‍ജിയം മത്സരം വരുതിയിലാക്കി.

ഇതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും. ഹര്‍മന്‍പ്രീത് സിങും മന്‍പ്രീത് സിങുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ലോയിക് ഫാന്നിയാണ് ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ബെല്‍ജിയം സമനില ഗോള്‍ കണ്ടെത്തി. 19-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ഗോളടിയന്ത്രം അലെക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സാണ് ഗോള്‍ നേടിയത്. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി. മൂന്നാം ക്വാര്‍ട്ടറില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ നേടാനായില്ല. നാലാം ക്വാര്‍ട്ടറില്‍ നേടിയ ഗോളുകളിലൂടെ ബെല്‍ജിയം കളി പിടിക്കുകയായിരുന്നു.

1980 ന് ശേഷം ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ബെല്‍ജിയത്തിന്റെ കരുത്തിന് മുന്നില്‍ ഇന്ത്യ വീഴുകയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News