മെഡൽ നേട്ടത്തിൽ ഡ്രസിങ് റൂമിലും ആഘോഷം; ശ്രീജേഷിനെ വാഴ്ത്തി സഹ താരങ്ങൾ

തുടർച്ചയായി രണ്ട് ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ മലയാളി താരവുമായി 36 കാരൻ

Update: 2024-08-08 17:38 GMT
Editor : Sharafudheen TK | By : Sports Desk
Advertising

പാരീസ്: ഒളിമ്പിക്‌സ് വെങ്കല മെഡൽ നേട്ടം ആഘോഷമാക്കി ഇന്ത്യൻ ഹോക്കി താരങ്ങൾ. മൈതാനത്തും ഡ്രസിങ് റൂമിലുമെല്ലാം താരങ്ങൾ ആർത്തുല്ലസിച്ചു. ടോക്കിയോ ഒളിമ്പിക്‌സിലെ മെഡൽനേട്ടം നിലനിർത്താനായതും ഇന്ത്യക്ക് ആശ്വാസമായി. സ്‌പെയിനെതിരായ മത്സരത്തിൽ മികച്ച സേവുകളുമായി കളംനിറഞ്ഞ് മലയാളി താരം പി.ആർ ശ്രീജേഷായിരുന്നു. അവസാന മിനിറ്റിലുൾപ്പെടെ ഉജ്ജ്വല സേവ് നടത്തിയ ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി ഒരിക്കൽ കൂടി അവതരിച്ചു. മത്സരശേഷം മൻപ്രീത് സിങ് പറഞ്ഞത് ഈ ജയം ഞങ്ങൾ ശ്രീജേഷിന് സമർപ്പിക്കുന്നുവെന്നായിരുന്നു. സമൂഹ മാധ്യമങ്ങളിലും താരത്തെ വാഴ്ത്തി നിരവധി പോസ്റ്റുകളാണെത്തിയത്. 52 വർഷങ്ങൾക്ക് ശേഷമാണ് ഹോക്കിയിൽ തുടർച്ചയായി രണ്ട് വെങ്കലമെഡൽ ഇന്ത്യ സ്വന്തമാക്കുന്നത്.

 വെങ്കല പോരാട്ടത്തിനൊടുവിൽ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായത്തോട് വിടപറയുമ്പോൾ ഹോക്കിയിൽ സമാനതകൾ ഇല്ലാത്തൊരു അധ്യായത്തിന് കൂടിയാണ് അവിടെ വിരാമമായത്. മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യൻ ഹോക്കിയിൽ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്. ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തിൽ നിന്നാണ് ശ്രീജേഷ് സ്വപ്‌നനേട്ടത്തിലേക്കെത്തിയത്. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സ്  മെഡൽ നേടുന്ന ആദ്യ മലയാളി താരവുമായി 36 കാരൻ.

തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്‌കൂളിലൂടെയായിരുന്നു തുടക്കം. 2004ൽ ഇന്ത്യൻ ജൂനിയർ ടീമിൽ ഇടംപിടിച്ചു. രണ്ടുവർഷത്തിനകം  സീനിയർ ടീമിലേക്കുള്ള വിളിയെത്തി. 2006 മുതൽ സീനിയർ ടീമിൽ കളിക്കുന്ന ശ്രീ ഇതിനകം 335  മത്സരങ്ങളിൽ കളത്തിലിറങ്ങി. നാല് ഒളിംപിക്സിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവൽക്കാരനായി രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ടു. നിരവധി മത്സരങ്ങളിലാണ് ഇന്ത്യയുടെ രക്ഷകന്റെ റോളിൽ താരം അവതരിച്ചത്. രാജ്യം അർജുനയും പത്മശ്രീയും ഖേൽരത്നയും നൽകി ആദരിച്ചു. നിലവിൽ കേരള സർക്കാരിൽ ഹയർ എഡ്യുക്കേഷനലിൽ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News