ഒളിംപിക്സിൽ നിന്ന് മേരി കോം പുറത്ത്; കീഴടക്കിയത് ഇൻഗ്രിറ്റ് വലൻസിയ
റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേത്രിയാണ് ഇൻഗ്രിറ്റ് വലൻസിയ
ടോക്യോ: ഒളിംപിക്സ് വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വർട്ടറിൽ പുറത്ത്. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് ഇന്ത്യൻ താരം കീഴടങ്ങിയത്. 3-2 നാണ് വലൻസിയയുടെ ജയം. സ്കോര്‍ (30-27, 29-28, 27-30, 29-28, 28-29).
ആദ്യ റൗണ്ടിൽ വലൻസിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം തിരിച്ചെത്തി. എന്നാൽ നിർണായകമായ മൂന്നാം സെറ്റും ജയവും വലൻസിയ സ്വന്തമാക്കി.
റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേത്രിയാണ് ഇൻഗ്രിറ്റ് വലൻസിയ. ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യൻഷിപ്പ് ക്വർട്ടർ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം.
ആറു തവണ ലോകചാമ്പ്യനായ മേരി കോം ഇത്തവണ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒരാളായിരുന്നു. സ്വർണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ടോക്യോയിലേക്ക് തിരിക്കും മുമ്പെ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നത്. 4-1 എന്ന സ്‌കോറിനാണ് മേരി കോമിന്റെ വിജയം. ലണ്ടൻ ഒളിംപ്കിസിൽ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയ താരം കൂടിയാണ് മേരി.