ഒളിമ്പിക് ഹീറോ നാടണഞ്ഞു; മീരാഭായിക്ക് ഗംഭീര സ്വീകരണം നല്‍കി രാജ്യം
മെഡൽ നേട്ടത്തിന് പിന്നാലെ മണിപ്പൂർ ഗവൺമെൻറ് മീരാബായ് ചാനുവിന് പൊലീസിൽ എ.എസ്.എ.പിയായി നിയമനം നൽകി.
ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം മീരാഭായ് ചാനുവിന് ഡൽഹിയിൽ ഉജ്ജ്വല സ്വീകരണം. പരിശീലകനൊപ്പമാണ് മീരാഭായ് തിരിച്ചെത്തിയത്. ടോക്കിയോ ഒളിമ്പിക്സില്‍ വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ വെള്ളി കരസ്ഥമാക്കിയ മീരാഭായ് വൈകീട്ടാണ് നാട്ടില്‍ തിരിച്ചെത്തിയത്.
മെഡൽ നേട്ടത്തിന് ശേഷം രാജ്യത്തെത്തിയ മീരാഭായ് ചാനുവിനെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും കായിക മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്തും നിരവധി ആരാധകർ ആവേശത്തോടെ ചനുവിനെ കാണാനായെത്തിയിരുന്നു. കോവിഡ് ടെസ്റ്റിന് ശേഷമാണ് മീരാഭായ് ചനു പുറത്തിറങ്ങിയത്.
ഇത്ര സന്തോഷകരമായ നിമിഷം ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മീരബായ് ചാനുവിൻറെ പരിശീലനൻ വിജയ് ശർമ്മ മീഡിയവണിനോട് പറഞ്ഞു.
മെഡൽ നേട്ടത്തിന് പിന്നാലെ മണിപ്പൂർ ഗവൺമെൻറ് മീരാബായ് ചാനുവിന് പൊലീസിൽ എ.എസ്.എ.പിയായി നിയമനം നൽകി. നിലവിൽ റെയിൽവെയിൽ ഉദ്യോഗസ്ഥയാണ് മീരബായ് ചാനു.
വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തിലായിരുന്നു മീരാഭായ്ക്ക് വെള്ളി ലഭിച്ചത്. എന്നാൽ അതേ ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഹൂ ഷിഹൂയി ഉത്തേജക മരുന്നടിച്ചെന്ന സംശയത്തെ തുടര്‍ന്ന് മീരാഭായിക്ക് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. സംശയത്തെതുടര്‍ന്ന് ഹൂ ഷിഹൂയിയുടെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്.