പാരീസ് ഒളിംപിക്‌സ്: ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
ദീപിക കുമാരി, അങ്കിത ഭക്ത്, ഭജൻ കൗർ എന്നിവരടങ്ങിയ ടീമാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്.
പാരീസ്: പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് മികച്ച തുടക്കം. വനിതാകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ ടീം ക്വാർട്ടറിലെത്തി. അങ്കിത ഭക്ത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവരടങ്ങിയ ടീം ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. ഇന്നു നടന്ന റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനത്തെത്തിയാണ് ടീം ക്വാർട്ടറിലെത്തിയത്. 1983 പോയന്റാണ് ടീം കരസ്തമാക്കിയത്.
അങ്കിത പതിനൊന്നാം സ്ഥാനത്തും ഭജനും ദീപികയും യഥാക്രമം 22, 23 സ്ഥാനങ്ങളിലും എത്തുകയായിരുന്നു. മത്സരത്തിൽ ആകെ 21 തവണ 'ബുൾസ് ഐ' നേടിയ ഇന്ത്യക്ക് 83 തവണ പെർഫക്ട് ടെൻ സ്വന്തമാക്കാനും കഴിഞ്ഞു.
മത്സരത്തിൽ ദക്ഷിണ കൊറിയ 2046 പോയന്റുമായി ഒന്നാമതെത്തി. 1996 പോയിന്റ് നേടിയ ചൈന രണ്ടാമതും 1986 പോയിന്റ് നേടിയ മെക്സിക്കോ മൂന്നാമതുമെത്തി. ടീമിനത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. മൂവർ സംഘത്തിൽ മിന്നും പ്രകടനം നടത്തിയത് അങ്കിതയായിരുന്നു. അതേ സമയം സൂപ്പർ താരമായ ദീപികക്ക് തന്റെ മികച്ച ഫോമിലേക്കുയരാനായില്ല. എന്നാൽ അടുത്ത മാച്ചിൽ ടീം മികവിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ