പരിക്ക്; മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കർ ഒളിംപിക്‌സിൽ നിന്ന് പിൻമാറി
ഡയമണ്ട് ലീഗിൽ പങ്കെടുക്കാനായി ഈമാസം 24ന് ചൈനയിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു.
ന്യൂഡൽഹി: പാരീസ് ഒളിംപിക്‌സ് അടുത്തിരിക്കെ ഇന്ത്യക്ക് തിരിച്ചടി. ലോങ്ജംപ് താരം എം ശ്രീശങ്കർ ഒളിംപിക്‌സിൽ മത്സരിക്കില്ല. പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശസ്ത്രക്രിയക്കായി ശ്രീശങ്കർ മുംബൈയിലാണ് ഇപ്പോഴുള്ളത്. ഇന്നലെ പാലക്കാട് മെഡി:കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് കാലിന് പരിക്കേറ്റത്. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ലോക റാങ്കിങിൽ ഏഴാംസ്ഥാനത്തുള്ള യുവ അത്‌ലറ്റ്.
ഡയമണ്ട് ലീഗിൽ പങ്കെടുക്കാനായി ഈമാസം 24ന് ചൈനയിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. ദോഹ ഡയമണ്ട് ലീഗിലേക്കും താരത്തിന് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ പരിക്ക് വില്ലനായെത്തി. ദീർഘകാലമായി ഒളിംപിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലായിരുന്നു. ലോങ് ജംപ് ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തെത്തി നിൽക്കുന്ന ശ്രീശങ്കർ പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ട്രാക്ക് ആന്റ്് ഫീൽഡ് അത്ലറ്റും കൂടിയാണ് ഈ സാഹചര്യത്തേയും അതിജീവിക്കുമെന്നും എല്ലാവരുടേയും പ്രാർത്ഥനയും സ്‌നേഹവും വേണമെന്നും താരം എക്‌സിൽ കുറിച്ചു.