ബിക്കിനി ബോട്ടം ധരിക്കാതിരുന്ന നോർവേ ടീമിന് പിഴ; താൻ അടയ്ക്കാമെന്ന് പോപ് ഗായിക പിങ്ക്

നോർവീജിയൻ ടീമിന് 1500 യൂറോയാണ് യൂറോപ്യൻ ബീച്ച് ഹാൻഡ് ബോൾ അസോസിയേഷൻ പിഴയിട്ടത്

Update: 2021-07-27 10:16 GMT
Editor : abs | By : abs
Advertising

ഓസ്‌ലോ: വനിതാ താരങ്ങളുടെ വസ്ത്രധാരണത്തെ ചൊല്ലി കായിക രംഗത്ത് പുതിയ ചര്‍ച്ചകള്‍ സജീവമാകുന്നു. ബിക്കിനി ബോട്ടം ധരിക്കാത്തതിന്റെ പേരിൽ നോർവേ വനിതാ ബീച്ച് ഹാൻഡ് ബോൾ ടീമിന് പിഴയിട്ട അധികൃതരുടെ നടപടിയാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. പിഴയിട്ട യൂറോപ്യൻ ബീച്ച് ഹാൻഡ് ബോൾ അസോസിയേഷന്‍റെ തീരുമാനത്തിനെതിരെ വ്യാപക വിമർശമുയർന്നു. പിഴ താൻ അടച്ചോളാമെന്ന് യുഎസ് പോപ് ഗായിക പിങ്ക് തുറന്നടിച്ചു. 

'യൂണിഫോമിലെ ലൈംഗികച്ചട്ടങ്ങൾക്കെതിരെ പ്രതിഷേധിച്ച നോർവീജിയൻ വനിതാ ബീച്ച് ഹാൻഡ് ബോൾ ടീമിനെയോർത്ത് ഞാൻ അഭിമാനിക്കുന്നു. വനിതകളേ, അഭിവാദ്യങ്ങൾ. നിങ്ങളുടെ പിഴ അടക്കുന്നതിൽ സന്തോഷം. ഇതു തുടരൂ' -എന്നാണ് പിങ്കിന്റെ ട്വീറ്റ്. 'അനുചിത വസ്ത്രധാരണത്തിന്റെ' പേരിൽ 1500 യൂറോയാണ് നോർവീജിയൻ ടീമിന് അസോസിയേഷൻ കഴിഞ്ഞയാഴ്ച പിഴയിട്ടിരുന്നത്.  

നിയമം അങ്ങേയറ്റം നിന്ദ്യമാണ് എന്നാണ് നോർവേ സാംസ്‌കാരിക മന്ത്രി ആബിദ് രാജ പ്രതികരിച്ചത്. വനിതാ കായിക താരങ്ങളെ ലൈംഗികവത്കരിക്കുന്നത് നിർത്തണമെന്ന് മുൻ ടെന്നിസ് താരം ബില്ലി ജീൻ കിങ്ങും ആവശ്യപ്പെട്ടു.

ഒളിംപ്ക്‌സിൽ ജർമൻ താരങ്ങളുടെ പ്രതിഷേധം

വസ്ത്രവിവാദം ഒളിംപിക്‌സ് വേദിയിലുമെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജർമൻ വനിതാ ജിംനാസ്റ്റുകൾ സ്വിംസ്യൂട്ട് മാതൃകയിലുള്ള ബിക്കിനി കട്ട് ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന ശരീരം മുഴുവൻ മറയുന്ന വേഷം -യൂണിറ്റാർഡ്- ധരിച്ചാണ് എത്തിയത്. എലിസബത്ത് സീത്സ്, കിം ബുയി, പൗളിൻ ഷഫർ, സാറ വോസ് എന്നിവരാണ് യൂണിട്രാഡ് അണിഞ്ഞ് മത്സരത്തിൽ പങ്കെടുത്തത്.

പുതുതലമുറയ്ക്ക് ജിംനാസ്റ്റിക്‌സ് സുരക്ഷിതമായ ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം സാറ വോസ് പറഞ്ഞു. ഞങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് എന്ന് ഒളിമ്പിക്‌സിനെിത്തിയ ടീമംഗം പൗലീൻ ഷഫർ പ്രതികരിച്ചു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാവണം. ഇത് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഷഫര്‍ കൂട്ടിച്ചേര്‍ത്തു.  

യൂണിറ്റാർഡ് ധരിച്ച് മത്സരത്തിൽ പങ്കെടുത്ത ജർമനിയുടെ വനിതാ ജിംനാസ്റ്റുകൾ

ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗികാതിപ്രസരത്തോടെ സംപ്രേഷണം ചെയ്യുന്നത് തടയുമെന്ന് ഒളിമ്പിക് ബ്രോഡ്കാസ്റ്റിംഗ് സർവീസും അറിയിച്ചിരുന്നു. വനിതാ താരങ്ങളുടെ ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്. കായികതാരങ്ങളുടെ പ്രകടനത്തിനാണ് മുൻഗണനയെന്നും, എല്ലാവരും തന്നെ ബഹുമാനം അർഹിക്കുന്നവരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News