വീണ്ടും പ്രൈം വോളിബോൾ ആവേശം; ഫെബ്രുവരി 15 മുതൽ ചെന്നെയിൽ

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും.

Update: 2024-01-30 11:31 GMT
Editor : Sharafudheen TK | By : Web Desk
Advertising

ചെന്നൈ: പ്രൈം വോളിബോൾ ലീഗ് മൂന്നാം പതിപ്പിന് ഫെബ്രുവരി 15 മുതൽ ചെന്നൈയിൽ തുടക്കമാകും. കേരളത്തിൽ നിന്ന് കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമാണ് പങ്കെടുക്കുന്നത്. ഇത് കൂടാതെ അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ബെംഗളൂരു ടോർപ്പിഡോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മെറ്റിയോഴ്സ് ഫ്രാഞ്ചൈസികൾ ലീഗ് ട്രോഫിക്കായി മത്സരിക്കും.

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോർപ്പിഡോസ് അതേ ദിവസം തന്നെ സീസൺ ഒന്നിലെ ജേതാക്കളായ കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും. ചെന്നൈയിലെ എസ്ഡിഎടി മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ മാർച്ച് 21ന് ഫൈനൽ മത്സരം നടക്കും.

ഫെബ്രുവരി 16നാണ് കേരള ടീമുകളുടെ മത്സരം. രാത്രി 8.30ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്-കാലിക്കറ്റ് ഹീറോസിനെ നേരിടും. മാർച്ച് 11നും മാർച്ച് 18 നും ഇടയിലായിരിക്കും സൂപ്പർ 5 ഘട്ട മത്സരങ്ങൾ നടക്കുക. ലീഗ് ഘട്ടത്തിലെ മികച്ച അഞ്ച് ടീമുകളായിരിക്കും അവസാന മൂന്ന് ടീമുകളെ നിർണയിക്കാൻ റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരിക്കുക.സൂപ്പർ 5ൽ ഒന്നാമതെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ മാർച്ച് 19ന് എലിമിനേറ്ററിൽ മത്സരിക്കും. എലിമിനേറ്റർ വിജയിയാകും ഫൈനലിൽ ഇടം നേടുന്ന രണ്ടാമത്തെ ടീം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News