പ്രീ ക്വാർട്ടറിൽ എതിരാളി മിയ ബ്ലിഷ്‌ഫെൽഡ്; ചരിത്രം സിന്ധുവിന് ഒപ്പം
രണ്ടാം റൗണ്ടിൽ ഹോങ്കോങ് താരം ചിയുങ് ഗാൻ യിയെയാണ് സിന്ധു തോൽപ്പിച്ചത്
ടോക്യോ: ഒളിംപ്ക്‌സ് വനിതാ ബാഡ്മിന്റണിൽ പ്രീക്വാർട്ടറിലേക്ക് മുന്നേറിയ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ പിവി സിന്ധുവിന് അടുത്ത എതിരാളി ഡെന്മാർക്ക് താരം മിയ ബ്ലിഷ്‌ഫെൽഡ്. ആഗോള റാങ്കിങ്ങിൽ പന്ത്രണ്ടാമതാണ് മിയ. സിന്ധു ഏഴാം റാങ്കുകാരിയും.
ഇരുവരും ഇതുവരെ അഞ്ചു തവണയാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതിൽ നാലു തവണയും ജയം ഇന്ത്യൻ താരത്തിനൊപ്പമായിരുന്നു. ഒരു തവണ മിയ ജയിച്ചു. ഈ വർഷം ആദ്യം യോനക്‌സ് തായ്‌ലൻഡ് ഓപണിലാരുന്നു താരത്തിന്റെ ജയം. 74 മിനിറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ 21-16 24-26 13-21 എന്ന സ്‌കോറിനായിരുന്നു മിയ സിന്ധുവിനെ കീഴടക്കിയത്.
രണ്ടാം റൗണ്ടിൽ ഹോങ്കോങ് താരം ചിയുങ് ഗാൻ യിയെയാണ് സിന്ധു തോൽപ്പിച്ചത്. 21-9, 21-16 എന്ന സ്‌കോറിന് അനായാസമായായിരുന്നു റിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേത്രിയുടെ ജയം. ഗാൻ യിക്കെതിരെ ഇതിനു മുമ്പ് അഞ്ചു തവണയാണ് സിന്ധു നേരിട്ടിട്ടുള്ളത്. എല്ലാ കളിയിലും ഇന്ത്യൻ താരത്തിന് തന്നെയായിരുന്നു ജയം. ഇതോടെ സിന്ധു റെക്കോർഡ് 6-0 ആക്കി ഉയർത്തി.
തുടക്കത്തിൽ തന്നെ ലീഡ് നേടിയ ഇന്ത്യൻ താരത്തിനെതിരെ ഒന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ഗാൻ യിക്കായില്ല. എന്നാൽ രണ്ടാം സെറ്റിൽ അവർ കളിയിലേക്ക് തിരിച്ചുവന്നു. 6-6,8-8 എന്ന നിലയിൽ തുല്യത പിടിക്കുകയും ചെയ്തു. എന്നാൽ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത ഇന്ത്യൻ ഷട്ട്‌ലർ വെല്ലുവിളി അതിജീവിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇസ്രയേൽ താരം സെനിയ പൊലികർപോവയെയാണ് സിന്ധു തോൽപ്പിച്ചിരുന്നത്.