ദക്ഷിണ കൊറിയയെ ഉത്തര കൊറിയയാക്കി; പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിനിടെ വൻ അബദ്ധം

ഉദ്ഘാടന ചടങ്ങിൽ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിനിടെയാണ് സംഘാടകർക്ക് തെറ്റ് പറ്റിയത്.

Update: 2024-07-28 08:29 GMT
Editor : Sharafudheen TK | By : Sports Desk
Advertising

പാരിസ്: ലോകകായിക മാമാങ്കാണ് ഒളിംപിക്‌സ്. ഒരുക്കങ്ങളെല്ലാം വളരെ മുൻപ് തന്നെ തുടങ്ങിയത്. ലോകം മുഴുവൻ ഉറ്റുനോക്കിയതായിരുന്നു പാരീസിലെ ഉദ്ഘാടന ചടങ്ങ്. സെൻ നദിയിലൂടെ ഓരോ രാജ്യത്തേയും പ്രതിനിധീകരിച്ച് അത്‌ലറ്റുകൾ ബോട്ടുകളിൽ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. ആവേശം അലയടിച്ച അന്തരീക്ഷം. മൂന്ന് മണിക്കൂറിലേറെയാണ് ഉദ്ഘാടന പരിപാടികൾ നീണ്ടത്.

 കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഉദ്ഘാടന ചടങ്ങിൽ വമ്പൻ അബദ്ധമാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് സംഭവിച്ചത്. ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയൻ ടീമിനെ ഉത്തര കൊറിയ എന്ന് അബദ്ധത്തിൽ അഭിസംബോധന ചെയ്യുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ രാജ്യങ്ങളുടെ പരേഡിനിടെയാണ് സംഘാടകർക്ക് തെറ്റ് പറ്റിയത്. ഇംഗ്ലീഷിലും ഫ്രഞ്ച് ഭാഷയിലും അബദ്ധം ആവർത്തിച്ചു. ഇതോടെ വിവാദംകത്തി. ഒടുവിൽ ഖേദപ്രകടനവുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി രംഗത്തെത്തുകയായിരുന്നു.

മാർച്ച് പാസ്റ്റിൽ ഫ്രഞ്ച് ആൽഫബെറ്റ് അനുസരിച്ച് ദക്ഷിണ കൊറിയ 153-ാം സ്ഥാനത്താണ് എത്തിയത്. താരങ്ങൾ എത്തിയതോടെ 'ഡെമോക്രാറ്റിക്ക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ' (ഉത്തര കൊറിയ) എന്നാണ് അനൗൺസ് ചെയ്തത്. 'റിപ്പബ്ലിക് ഓഫ് കൊറിയ' എന്ന് മാത്രമാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക നാമം.  സംഭവത്തിന് പിന്നാലെ വിമർശനവുമായി ദക്ഷിണ കൊറിയ അധികൃതർ രംഗത്തെത്തുകയായിരുന്നു. ദക്ഷിണ കൊറിയയുടെ കായിക മന്ത്രാലയവും അതൃപ്തി പരസ്യമാക്കി. അബദ്ധം തിരിച്ചറിഞ്ഞ ഒളിംപിക് കമ്മിറ്റി ഒരു നിമിഷം പോലും ആലോചിക്കാതെ ക്ഷമാപണം നടത്തി തലയൂരി. 'ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയൻ ടീമിന്റെ പേര് തെറ്റായി അഭിസംബോധന ചെയ്ത പിഴവിന് പൂർണ മാപ്പുചോദിക്കുന്നു', ഐഒസി എക്സിൽ ഇങ്ങനെ രേഖപ്പെടുത്തി. എന്തായാലും വിവാദം രാജ്യാന്തര തലങ്ങളിലേക്ക് തത്തിപടരും മുൻപ് അവസാനിപ്പിക്കാൻ ഒളിംപിക്‌സ് സംഘാടകർക്കായി.

പാരീസ് ഒളിംപിക്‌സിന്റെ തുടക്കം മുതൽ കല്ലുകടിയായിരുന്നു. നേരത്തെ പാരീസിൽ ഉദ്ഘാടന ചടങ്ങിനെത്തിയ ഇതിഹാസ താരം സീക്കോയെ കൊള്ളയടിച്ചതായി പരാതി ഉയർന്നിരുന്നു. വജ്രാഭരണണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ഭാഗാണ് മോഷണം പോയത്. സമാനമായ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അർജന്റീനൻ ഫുട്‌ബോൾ ടീമിന്റെ കൈവശമുണ്ടായിരുന്ന കിറ്റും കഴിഞ്ഞ പാരീസിൽ നിന്ന് നഷ്ടമായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News