ഷൂട്ടിങില്‍ വീണ്ടും പിഴച്ചു; ഇന്ത്യആദ്യ റൗണ്ടില്‍ പുറത്ത്
മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്മാരുടെ വ്യക്തിഗത സ്‌കീറ്റ് ഷൂട്ടിങ്ങിലാണ് ഇന്ത്യക്ക് തിരിച്ചടി ലഭിച്ചത്.
ഒളിമ്പിക്സ് ഷൂട്ടിങില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ പുരുഷ താരങ്ങള്‍ പുറത്ത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്മാരുടെ വ്യക്തിഗത സ്‌കീറ്റ് ഷൂട്ടിങ്ങിലാണ് ഇന്ത്യക്ക് തിരിച്ചടി ലഭിച്ചത്. ഇന്ത്യന്‍ താരങ്ങളായ അംഗദ് വീര്‍ സിങ്ങും മായിരാജ് അഹമ്മദ് ഖാനുമാണ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. രണ്ട് ദിവസം നീണ്ട മത്സരത്തില്‍ അംഗദ് 18-ാം സ്ഥാനത്തും മായിരാജ് 25-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അംഗദ് 120 പോയിന്‍റ് നേടിയപ്പോള്‍ മായിരാജിന് 117 പോയിന്‍റ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
ഇത്തവണ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വെച്ചിരുന്നു ഇനങ്ങളില്‍ ഒന്നായിരുന്നു ഷൂട്ടിങ്. പക്ഷേ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ക്കെല്ലാം ഈ വിഭാഗത്തില്‍ അടിപതറി. സ്‌കീറ്റ് വിഭാഗത്തില്‍ ഫ്രാന്‍സിന്‍റെ എറിക് ഡെലായുനായ് ഒളിമ്പിക് റെക്കോഡോടെയാണ് യോഗ്യതാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇറ്റലി, ഫിന്‍ലന്‍ഡ്, അമേരിക്ക, കുവൈറ്റ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളും ഫൈനലിലേക്ക് യോഗ്യത നേടി.