ഒഴിവാക്കിയ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്; ടോക്യോയിലെ മെഡലുകൾക്ക് പിന്നിലെ അറിയപ്പെടാത്ത കഥ
ഇ വേസ്റ്റിൽ നിന്ന് ഒളിംപിക്‌സ് ജേതാക്കൾക്ക് വേണ്ട അയ്യായിരം സ്വർണ, വെള്ളി, വെങ്കല മെഡലുകളാണ് ജപ്പാൻ നിർമിച്ചത്
ടോക്യോ: കായിക ലോകത്തിന്റെ കണ്ണും കാതുമെല്ലാം ഇപ്പോൾ ജപ്പാനിലെ ടോക്യോ നഗരത്തിലാണ്. പുതിയ ഉയരവും വേഗവും തേടിയെത്തിയ താരങ്ങളെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ആരാധകർ. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ചാണ് ടോക്യോ ഒളിംപിക്‌സിനായി അണിഞ്ഞൊരുങ്ങിയത്.
ലോക കായിക മാമാങ്കത്തിനായി ഒട്ടേറെ വിസ്മയങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു ടോക്യോ. സാങ്കേതിക വിദ്യയ്ക്ക് പേരു കേട്ട രാഷ്ട്രം ആ വൈദഗ്ധ്യം എങ്ങനെ സ്‌പോർട്‌സിനായി ഉപയോഗിക്കും എന്നതായിരുന്നു വലിയ കൗതുകങ്ങളിൽ ഒന്ന്. അതിന് ഉത്തരമാണ് വിജയികൾക്കായി തയ്യാറാക്കിയ മെഡലുകൾ.
ഒഴിവാക്കിയ സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പുനരുപയോഗിച്ചാണ് ഒളിംപിക്സിലെ മെഡലുകൾ നിര്‍മിച്ചത് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ്. മെഡലുകൾ ഉണ്ടാക്കാനായി രാജ്യത്തെ ഒഴിവാക്കിയ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് ജപ്പാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ടോക്യോ മെഡൽ പ്രോജക്ട് എന്നായിരുന്നു പദ്ധതിയുടെ പേര്. ഇ വേസ്റ്റിൽ നിന്ന് ജേതാക്കൾക്ക് വേണ്ട അയ്യായിരം സ്വർണ, വെള്ളി, വെങ്കല മെഡലുകളാണ് ജപ്പാൻ നിർമിച്ചത്.
2017 ഏപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള രണ്ടു വർഷത്തെ കഠിനാധ്വാനം ഈ പദ്ധതിക്കു പിന്നിലുണ്ട്. ഇക്കാലയളവില്‍ രാജ്യത്തെ 90 ശതമാനം നഗരങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇ വേസ്റ്റുകൾ സ്വീകരിക്കാനായി സർക്കാർ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. ദശലക്ഷക്കണക്കിന് ഉപകരണങ്ങളാണ് അതുവഴി ലഭ്യമായത്. റീസൈക്ലിങ്ങിലൂടെ 70 പൗണ്ട് (32 കിലോഗ്രാം) സ്വർണവും 7700 പൗണ്ട് വെള്ളിയും 4850 പൗണ്ട് വെങ്കലവും ലഭ്യമായി. മൊത്തം 80 ടൺ ചെറുകിട ഇലക്ട്രോണിക് ഉപകരണങ്ങളാണ് ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു.
ആദ്യമായല്ല റീസൈക്കിൾ ചെയ്ത് ഒളിംപിക്‌സിൽ മെഡൽ നിർമിക്കുന്നത്. 2016ലെ റിയോ ഒളിംപിക്‌സിലെ 30 ശതമാനം മെഡലുകൾ നിർമിച്ചത് കാർ പാർട്‌സുകൾ പോലുള്ള പഴയ വസ്തുക്കളിൽ നിന്നായിരുന്നു. ടോക്യോ മെഡൽ പ്രോജക്ടിന്റെ പാത പിന്തുടർന്ന് പുനരുപയോഗത്തിന്റെ കാര്യത്തിൽ 2024ലെ പാരിസ് ഒളിംപിക്‌സ് പുതിയ മാതൃക തീർക്കുമെന്നാണ് കരുതപ്പെടുന്നത്.