വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി ഇന്നില്ല; തീരുമാനം നാളെയെന്ന് റിപ്പോർട്ട്
ഞായറാഴ്ച രാത്രി 9.30നുള്ളിൽ കോടതിയുടെ അന്തിമവിധി വരുമെന്നാണ് റിപ്പോർട്ട്
പാരീസ്: പാരീസ് ഒളിമ്പിക്സിൽ അയോഗ്യത നേരിട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയുടെ വിധി ശനിയാഴ്ചയുണ്ടായില്ല. വിധി പറയുന്നത് ഒരുദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഞായറാഴ്ച രാത്രി 9.30നുള്ളിൽ കോടതിയുടെ അന്തിമവിധി വരുമെന്നാണ് പുതിയ റിപ്പോർട്ട്
100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ മത്സരത്തിൽ നിന്ന് മാറ്റിനിർത്തിയതിനെതിരെയാണ് ഫോഗട്ട് അപ്പീൽ നൽകിയത്. അപ്പീലിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. വെള്ളിമെഡൽ അനുവദിക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വാദ പ്രതിവാദമാണ് നടന്നത്. ആർബിട്രേറ്റർ അന്നാബെൽ ബെന്നെറ്റിന് മുൻപാകെയാണ് വാദം നടന്നത്. ശനിയാഴ്ച രാത്രി 9.30 ഓടെ വിഷയത്തിൽ കോടതി വിധി പറയുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുൻപായി തീരുമാനമുണ്ടാകുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ ഒളിമ്പിക്‌സ് സമാപിക്കാനിരിക്കെ നാളെ തീരുമാനമുമെന്നാണ് പ്രതീക്ഷിക്കുന്നത്.