'വിനേഷ് ഫോഗട്ട് വെള്ളി മെഡൽ അർഹിക്കുന്നു'; പിന്തുണയുമായി റസ്‌ലിങ് ഇതിഹാസം ജോർഡാൻ ബറോസ്

ഗുസ്തിയിലെ എക്കാലത്തെയും മികച്ച താരമായാണ് ബറോസ് അറിയപ്പെടുന്നത്

Update: 2024-08-07 13:18 GMT
Editor : abs | By : Web Desk
Advertising

പാരിസ്: ഭാരക്കൂടുതൽ മൂലം ഒളിമ്പിക്‌സ് മെഡൽ നഷ്ടപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി വിഖ്യാത യുഎസ് റസ്‌ലർ ജോർഡാൻ ബറോസ്. അന്താരാഷ്ട്ര റസ്‌ലിങ് നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് തുറന്നടിച്ച ബറോ ഇന്ത്യൻ താരത്തിന് വെള്ളി മെഡൽ നൽകണമെന്നും ആവശ്യപ്പെട്ടു. 2012ലെ ഒളിംപിക് മെഡൽ ജേതാവും ആറു തവണ ഫ്രീസ്റ്റൈൽ ലോക ചാമ്പ്യനുമാണ് ബറോസ്. ഗുസ്തിയിലെ എക്കാലത്തെയും മികച്ച താരമായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് വേൾഡ് റസ്‌ലിങ് നിയമങ്ങളിൽ നാലു ഭേദഗതികളാണ് ഇദ്ദേഹം നിർദേശിക്കുന്നത്. രണ്ടാം ദിവസം ഒരു കിലോ വെയ്റ്റ് അലവൻസ്, സെമി ഫൈനൽ വിജയത്തിന് ശേഷം ഫൈനൽ നഷ്ടമായാലും രണ്ടു പേർക്കും മെഡൽ നൽകണം തുടങ്ങിയവയാണ് താരത്തിന്റെ നിർദേശങ്ങൾ. ആദ്യ ദിനത്തിൽ നിശ്ചിത ഭാരത്തിന്റെ പരിധിയിൽ മത്സരിച്ച വിനേഷ് ഫോഗട്ടിന് രണ്ടാം ദിവസം ഭാരം വർധിച്ചതാണ് വിനയായത്. 



50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സര രംഗത്തുണ്ടായിരുന്ന ഫോഗട്ടിന്റെ ഭാരം 100 ഗ്രാം ആണ് വർധിച്ചത്. അയോഗ്യത കൽപ്പിക്കപ്പെട്ടതോടെ ഫോഗട്ടിന് ഒരു മെഡലും ലഭിക്കില്ല. യുണൈറ്റഡ് വേൾഡ് റസ്‌ലിങിന്റെ നിയമപുസ്തകത്തിലെ വകുപ്പ് 11 ഇതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്; 'ഒരു അത്‌ലറ്റ് ഭാരപരിശോധനയ്ക്ക് എത്താതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ മത്സരാർഥി ടൂർണമെന്റിൽ നിന്ന് പുറത്താക്കപ്പെടും. റാങ്കില്ലാതെ അവസാന സ്ഥാനത്താകുകയും ചെയ്യും.' 

അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ഗുസ്തിക്കാർ രണ്ടു തവണയാണ് ഭാരപരിശോധനയ്ക്ക് വിധേയരാകേണ്ടത്. ഒന്ന് പ്രാഥമിക റൗണ്ട് ആരംഭിക്കുന്ന ദിവസം രാവിലെയും മറ്റൊന്ന് ഫൈനൽ ദിവസം രാവിലെയും. ചൊവ്വാഴ്ച രാവിലെ നടന്ന ഭാരപരിശോധനയിൽ അമ്പത് കിലോഗ്രാം മത്സരത്തിന്റെ നിശ്ചിത പരിധിക്കകത്തായിരുന്നു ഫോഗട്ട്. എന്നാൽ സെമി ഫൈനൽ കഴിയുമ്പോൾ 52.7 കിലോഗ്രാം ആയിരുന്നു ഫോഗട്ടിന്റെ ഭാരം. തുടർച്ചയായ മത്സരങ്ങൾ മൂലം ഭക്ഷണം കഴിച്ചതാണ് താരത്തിന് വിനയായത് എന്ന് കരുതപ്പെടുന്നു. ഫൈനലിലേക്ക് യോഗ്യത ലഭിക്കാൻ രണ്ടു കിലോഗ്രാം വരെ ഭാരമാണ് താരത്തിന് കുറയ്‌ക്കേണ്ടിയിരുന്നത്. സൈക്ലിങ്, ജോഗിങ്, ഭക്ഷണം നിയന്ത്രിക്കൽ തുടങ്ങി ഭാരം ഇല്ലാതാക്കാനുള്ള സർവമാർഗങ്ങളും തേടിയെങ്കിലും നിഷ്ഫലമാകുകയായിരുന്നു.

അയോഗ്യത കൽപ്പിച്ചതിനെതിരെ ഗുസ്തി ഫെഡറേഷൻ യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങിന് മുമ്പാകെ അപ്പീൽ നൽകി. ആശുപത്രിയിൽ ചികിത്സയിലുള്ള ഫോഗട്ടിനെ കണ്ട് ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡണ്ട് പി.ടി ഉഷ പിന്തുണ അറിയിച്ചു. ഒളിംപിക്‌സ് വില്ലേജിലെ ക്ലിനിക്കില്‍ ചികിത്സയിലാണിപ്പോൾ ഫോഗട്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News