കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെങ്കലം
ആകെ 355 കിലോ ഉയർത്തിയാണ് ലവ്പ്രീത് മൂന്നാമതെത്തിയത്
ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെങ്കലം. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിലാണ് ലവ്പ്രീത് വെങ്കലം നേടിയത്.
ആകെ 355 കിലോ ഉയർത്തിയാണ് ലവ്പ്രീത് മൂന്നാമതെത്തിയത്. സ്നാച്ചിൽ 163 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 192 കിലോയുമാണ് താരം ഉയർത്തിയത്. സ്നാച്ച് അവസാനിച്ചപ്പോൾ ലവ്പ്രീത് രണ്ടാമതായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജർക്കിൽ എതിരാളികൾ 200 കിലോ കടന്നതോടെ ലവ്പ്രീത് മൂന്നാം സ്ഥാനത്തേക്ക് വീണു.
361 കിലോ ഉയർത്തിയ കാമറൂണിന്റെ ജൂനിയർ പെറിക്ലക്സ് എൻഗാഡ്യ ന്യാബെയേയു ഈ ഇനത്തിൽ സ്വർണം നേടി. സ്നാച്ചിൽ 160 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 201 കിലോയുമാണ് താരം ഉയർത്തിയത്. 358 കിലോ ഉയർത്തിയ സമോവയുടെ ജാക്ക് ഹിറ്റില ഒപ്പലോജി വെളളിമെഡൽ നേടിയത്.
നിലവിൽ അഞ്ച് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 32 സ്വർണവും 22 വെള്ളിയും 25 വെങ്കലവും നേടിയ ആസ്‌ട്രേലിയയാണ് പട്ടികയിൽ ഒന്നാമത്.