ഈ ലവ്‌ലിന വന്നത് ചുമ്മാതങ്ങ് പോകാനല്ല; ആരാണ് ലവ്‌ലിന ?

പ്രതീക്ഷയുടെ ഭാരം മുഴുവൻ മേരി കോം എന്ന ഇതിഹാസ ബോക്‌സറിലേക്ക് ചുരുങ്ങിയപ്പോൾ ടോക്യോയിൽ ഇന്ത്യൻ ബോക്‌സിങ് ഒളിപ്പിച്ചുവച്ച പവർഹൗസായിരുന്നു ലവ്‌ലിന ബോർഗോഹെയ്ൻ.

Update: 2021-07-30 05:46 GMT
Editor : Nidhin | By : Sports Desk
Advertising

ടോക്യോ: ലവ്‌ലി... ബോക്‌സിങ് റിങ്ങിൽ ലവ്‌ലിനയുടെ പ്രകടനത്തെ ഇങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും. പ്രതീക്ഷയുടെ ഭാരം മുഴുവൻ മേരി കോം എന്ന ഇതിഹാസ ബോക്‌സറിലേക്ക് ചുരുങ്ങിയപ്പോൾ ടോക്യോയിൽ ഇന്ത്യൻ ബോക്‌സിങ് ഒളിപ്പിച്ചുവച്ച പവർഹൗസായിരുന്നു ലവ്‌ലിന ബോർഗോഹെയ്ൻ. കോവിഡ് ബാധിച്ച് പരിശീലനം മുടങ്ങിപ്പോയിട്ടും നിരവധി മത്സരങ്ങൾ നഷ്ടപെട്ടെങ്കിലും തോറ്റു കൊടുക്കാൻ മനസില്ലാതെ ലവ്‌ലിന പൊരുതി. ഒടുവിലിതാ ഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേട്ടത്തിലേക്ക് നടക്കുന്നു ലവ്‌ലിന.

കോവിഡിനെ പോലും തോൽപ്പിച്ച ലവ്‌ലിനയുടെ പോരാട്ടവീര്യത്തിന്‍റെ തുടക്കം അച്ഛൻ വാങ്ങിവന്ന മധുരപലഹാരം പൊതിഞ്ഞുവന്ന മുഹമ്മദ് അലിയുടെ ചിത്രവും വാർത്തയും കണ്ടിട്ടായിരുന്നു. അന്നു മുതൽ ഇന്നുവരെ ഇടിക്കൂട്ടിൽ ഓരോതവണയും കൂടുതൽ ഉറക്കെ കേൾപ്പിച്ചുകൊണ്ടിരിക്കുകയാണ് ലവ്‌ലിന എന്ന അസംകാരി.

അസമിലെ ഗൊലാഘട്ട് ജില്ലയിൽ 1997 ഒക്ടോബർ രണ്ടിനായാരുന്നു ലവ്‌ലിനയുടെ ജനനം. കിക്ക്‌ബോക്‌സറായിട്ടാണ് അവളുടെ കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് ബോക്‌സിങിലേക്ക് മാറി. സാധാരണ കച്ചവടക്കാരനായ ലവ്‌ലിനയുടെ അച്ഛന് പലപ്പോഴും അവളുടെ സ്വപ്നത്തിനൊപ്പം നിൽക്കാൻ സാമ്പത്തികപ്രയാസങ്ങൾ നേരിട്ടപ്പോഴാണ് അവൾ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തത്.

2012 ൽ സായ്‌യിൽ ലഭിച്ച പരിശീലനമാണ് ലവ്‌ലിനയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയത്. പ്രശസ്ത ബോക്‌സിങ് പരിശീലകൻ പഡും ബോറോയായിരുന്നു അവളുടെ പരിശീലകൻ. പിന്നീട് അന്താരാഷ്ട്ര താരമായി വളർന്നതോടെ ഇന്ത്യയുടെ വനിതകളുടെ ചീഫ് കോച്ചായ ശിവ് ശിങിന്റെ ശിക്ഷണത്തിലാണ് അവൾ പരിശീലിച്ചത്.

പ്രഥവ ഇന്ത്യ ഓപ്പണിൽ വെൽറ്റർവെയിറ്റ് വിഭാഗത്തിൽ സ്വർണം നേടികൊണ്ടണ് അന്താരാഷ്ട്ര ബോക്‌സിങിൽ അവൾ വരവറിയിച്ചത്. പിന്നാലെ വിയറ്റ്‌നാമിൽ നടന്ന ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും അസ്താനയിൽ നടന്ന പ്രസിഡന്റ്‌സ് കപ്പിലും ലവ്‌ലിന വെങ്കലം നേടി. മംഗോളിയയിൽ നടന്ന ഉലാൻബാറ്റർ കപ്പിൽ വെള്ളി മെഡലും പോളണ്ടിൽ നടന്ന പതിമൂന്നാമത് അന്താരാഷ്ട്ര സിലേസിയൻ കപ്പിൽ വെങ്കലവും നേടി. കൂടാതെ എ.ഐ.ബി.എയുടെ ലോക വനിതാ ബോക്‌സിങ്് ലോകകപ്പിൽ വെങ്കല മെഡലും ലവ്‌ലിന നേടി. അസമിൽ നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യത്തെ വനിത കായികതാരം കൂടിയാണ് ലവ്‌ലിന.

2018 ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ലവ്‌ലിനയ്ക്ക സെലക്ഷൻ ലഭിച്ചത് ഔദ്യോഗികമായി അറിയിച്ചില്ല എന്നത് വിവാദമായിരുന്നു. പ്രാദേശിക വാർത്താചാനലുകൾ വഴിയാണ് ലവ്‌ലിന തനിക്ക് സെലക്ഷൻ കിട്ടിയത് അറിഞ്ഞത്.

2020 ൽ ബോക്‌സിങിലെ മികച്ച പ്രകടനത്തിന് ലവ്‌ലിനയെ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.

കൊകുകിഗാൻ അറീനയിലെ റിങ്ങിൽ സമ്പൂർണ ആധിപത്യമാണ് എതിരാളികൾക്കെതിരെ ലവ്‌ലിന പുലർത്തിയത്. 64-69 കിലോ വിഭാഗത്തിലെ മുൻ ലോക ചാമ്പ്യനാണ് ചെൻ നീൻ ചിൻ. ഒളിംപിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കായി മൂന്നാമത്തെ മെഡൽ നേടുന്ന താരം കൂടിയാണ് ലവ്‌ലിന. മേരികോമും വിജേന്ദർ സിങ്ങുമാണ് മറ്റു രണ്ടു പേർ.

ഇന്നലെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വോർട്ടറിൽ തോറ്റു പുറത്തായിരുന്നു. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടായിരുന്നു തോൽവി. 3-2നായിരുന്നു വലൻസിയയുടെ ജയം. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് ഇവർ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Sports Desk

contributor

Similar News