ഖെലിഫിന്​ വനിതകൾക്കൊപ്പം മത്സരിക്കാമോ?; ലോകം രണ്ടുതട്ടിൽ

Update: 2024-08-03 11:48 GMT
Editor : safvan rashid | By : Sports Desk
Advertising

ഒളിമ്പിക്​സ്​ ബോക്​സിങ്​ റിങിൽ വനിതകളുടെ 66 കിലോ വിഭാഗം മത്സരം നടക്കുന്നു​. ഇറ്റലിയുടെ ആഞ്ചെല കരിനെയെ തോൽപ്പിക്കാൻ അൾജീരിയയുടെ ഇമാനെ ഖെലിഫിന്​ വേണ്ടി വന്നത്​ വെറും 46 സെക്കൻഡ്​ മാത്രം. മൂക്കിന്​ കിട്ടിയ ഇടിയിൽ കിളിപോയ ആഞ്ചല, ഖെലിഫിന്​ ​കൈകൊടുക്കാൻ പോലും തയ്യാറാകാതെ കരഞ്ഞുകൊണ്ടാണ്​ മത്സരം അവസാനിപ്പിച്ചത്​.

ഉടൻ തന്നെ ഖെലിഫിന്​ നേരെ സമൂഹമാധ്യമങ്ങ്​ളിൽ വിമർശനങ്ങളുയർന്നു. ബയോളജിക്കലി പുരുഷനായ ഖെലിഫ്​ സ്​ത്രീകളുടെ കൂടെ മത്സരിക്കുന്നത്​ അനീതിയാണെന്നായിരുന്നു പലരും പറഞ്ഞത്​. ഖെലിഫ്​ വനിതകളുടെ കൂട്ടത്തിൽ മത്സരിക്കുന്നത്​ ചതിയാണെന്നും വിമർശനങ്ങളുയർന്നു. ബ്രിട്ടീഷ്​ സാഹിത്യകാരി ജെ.കെ റൗളിങ്ങും ടെക്​ ഭീമൻ ഇലോൺ മസ്​കും മുൻ യു.കെ പ്രധാനമന്ത്രിയായ ലിസ് ​ട്രസും അടക്കമുള്ള പ്രമുഖർ വരെ ഖെലിഫിനെതിരെ രംഗത്തെത്തി. ഇതെന്ത്​​ ഭ്രാന്താണെന്നും പുരുഷന്​ സ്​ത്രീയാകാൻ പറ്റില്ലെന്നുമാണ്​ ലിസ്​ ട്രസ്​ ട്വീറ്റ്​ ചെയ്​തത്​.

സത്യത്തിൽ ഖെലിഫ്​ പുരുഷനാണോ? ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ സാന്നിധ്യം കൂടുതലായതിനാൽ ഇന്ത്യയിൽ നടന്ന 2023 ലോകചാമ്പ്യൻഷിപ്പിലടക്കം ഖെലിഫിന്​ വാതിലടച്ചിരുന്നു. പക്ഷേ ഒളിമ്പിക്​സിൽ ഖെലിഫ്​ മത്സരിക്കുകയും ചെയ്യുന്നു. എന്താണ്​ ഈ വൈരുധ്യത്തിന്​ കാരണം?

ബോക്​സിങ്ങിലെ ലോകചാമ്പ്യൻഷിപ്പുകൾ ഒരുക്കുന്നത്​ ഇൻറർനാഷനൽ ബോക്​സിങ്​ അസോസിയേഷനും ഒളിമ്പിക്​സ്​ ബോക്​സിങ്​ ഒരുക്കുന്നത്​ ഐ.ഒ.സിയുമാണ്​. ലോകചാമ്പ്യൻഷിപ്പിൽ താരങ്ങളുടെ ഹോർമോൺ സാന്നിധ്യം പരിശോധിക്കു​േമ്പാൾ ഒളിമ്പിക്​സിൽ അത്തരം രീതിയില്ല. ലോക ചാമ്പ്യൻഷിപ്പ്​ നടത്തിപ്പുകാർ ഹോർമോൺ ടെസ്​റ്റിനെക്കുറിച്ചും ടെസ്​റ്റ്​ നടത്തിയവരെക്കുറിച്ചും വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ഒളിമ്പിക്​സിൽ അത്തരമൊരു രീതി സാധ്യമല്ലെന്നുമാണ്​ എ.ഒ.സിയുടെ നിലപാട്​​. മാത്രമല്ല, സാമ്പത്തിക കെടുകാര്യസ്ഥതയും ദുർഭരണവും കാരണം അന്താരാഷ്​ട്ര ബോക്​സിങ്​ അസോസിയേഷ​നുള്ള അനുമതി 2019ൽ ഐ.ഒ.സി റദ്ദാക്കുകയും ചെയ്​തിരുന്നു. തത്​ഫലമായി ഹോർമോൺ പ്രശ്​നം കാരണം ലോകചാമ്പ്യൻഷിപ്പിൽ കളത്തിലിറങ്ങാനാകാതെവന്ന തായ് വാ​െൻറ ലിൻ യു ടിങ്ങും ഖെരിഫും ഒളിമ്പിക്സിൽ മത്സരത്തിനിറങ്ങി.

ലോക ബോക്​സിങ്​ ചാമ്പ്യൻഷിപ്പിൽ നിന്നും ഇരുവരെയും വിലക്കിയ തീരുമാനം പെ​ട്ടെന്നുണ്ടായതും വ്യക്തിതാൽപര്യങ്ങളുടെ മേലിലെടുത്തതാണെന്നും ഐ.ഒ.സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സ്​പോർട്​സിൽ വിവേചനങ്ങളില്ലാതെ പ​ങ്കെടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഐ.ഒ.സി കൂട്ടിച്ചേർത്തു. അവർ പാസ്​പോർട്ടിൽ വനിതകളാണെന്നും​ ടോക്യോ ഒളിമ്പിക്​സടക്കമുള്ള മത്സരങ്ങളിൽ ഒരുപാട്​ വർഷങ്ങളായി മത്സരിക്കുന്നവരുമാണെന്നാണ്​ ഐഒസി വക്താവ്​ മാർക്ക്​ ആഡംസ്​ പ്രതികരിച്ചത്​.ഉടൻതന്നെ ഇരുതാരങ്ങളും തങ്ങളുടെ പരിശോധനയിൽ പരാജയപ്പെട്ടവരും ലോകചാമ്പ്യൻഷിപ്പിൽ നിന്നും പെ​ട്ടെന്നവരെ പിൻവലിച്ചത്​ വനിത ബോക്​സർമാരുടെ സുരക്ഷ മുൻനിർത്തിയാണെന്ന്​​ ​ബോക്​സിങ്​ അസോസിയേഷൻ മറുപടിയും നൽകി.

ബോക്​സിങ്​ പോലൊരു കളിയിൽ പുരുഷ ഹോർമോണുള്ളവർക്ക്​ കൂടുതൽ ഗുണം ലഭിക്കുമെന്നാണ്​ ശാസ്​ത്രീയ വിലയിരുത്തൽ​. പക്ഷേ അതെല്ലാ സമയങ്ങളിലും ഗുണം ചെയ്യണമെന്നില്ല എന്ന മറുവാദവുമുണ്ട്​. ഖെലിഫ്​ തന്നെ ഒരുപാട്​ തവണ വനിത ബോക്​സർമാരോട്​ തോറ്റത്​ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ജന്മനാ സ്​ത്രീകളാണെങ്കിലും ചിലരിൽ പുരുഷ ഹോർമോൺ കൂടുതലായിരിക്കുമെന്നും ഇവർ പറയുന്നു. അൾജീരിയൻ തെരുവുകളിൽ ​​റൊട്ടി വിറ്റുനടന്ന അവർ ഒരുപാട്​ കഷ്​ടപ്പാടുകളിലൂടെയാണ്​ താരമായത്​. ​ആളുകൾ പറയുന്നപോലെ ഖെലിഫ്​ പുരുഷൻ വനിതയായി മാറിയതല്ലെന്നും ഖെലിഫി​െൻറ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇതിനുദാഹരണമാണെന്നും അവർ പറയുന്നു.


2012,2016 ഒളിമ്പിക്​സിൽ സ്വർണം നേടിയ ദക്ഷിണാഫ്രിക്കൻ അത്​ലറ്റ്​ കാസ്​റ്റർ സെമന്യയുടെ കാര്യത്തിലും സമാനവിവാദമുയർന്നിരുന്നു. തുടർന്ന്​ ശരീരം സാധാരണ വനിതകളേക്കാൾ അധികം ടെസ്​റ്റാസ്​റ്റിറോൺ ഉൽപാദിപ്പിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി സെമന്യയെ 2020 ടോക്യോ ഒളിമ്പിക്​സിൽ നിന്നും വിലക്കി.

വിഷയത്തിൽ ​വനിത ബോക്​സിങ്​ താരങ്ങളും രണ്ട്​ തട്ടിലാണ്​. ഖെലിഫുമായി ക്വാർട്ടറിൽ ഏറ്റുമുട്ടുന്ന ഹംഗറിയുടെ അന്ന ലൂക്ക ഹമോർ പേടിയില്ലെന്ന്​ പറയുന്നുണ്ടെങ്കിലും ഖെലിഫ്​ മത്സരിക്കുന്നത്​ അനീതിയാണെന്ന്​ കൂട്ടിച്ചേർക്കുന്നു​. ഖെലിഫിനെ 2022 ഐ.ബി.എ ലോക ചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ച ഐറിഷ്​ താരം ആമി ബ്രോധർസ്​റ്റ്​ കുറച്ചുകൂടി മനുഷ്യത്വപരമായ നിലപാടാണ്​ പറഞ്ഞത്​. ‘‘ഖെലിഫ്​ ആരെയും ചതിക്കുകയല്ല, അവർ അങ്ങനെ ജനിച്ചതും ഇങ്ങനെയായതും അവരുടെ നിയ​ന്ത്രണത്തിലുള്ള കാര്യമല്ല. ഖെലിഫിനെ ഒമ്പത്​ വനിതകൾ പരാജയപ്പെടുത്തി​യിട്ടുണ്ട്​ എന്നതിൽ തന്നെ എല്ലാമുണ്ട്’’ -​ ബ്രാധർസ്​റ്റ്​ പറഞ്ഞു​.

എന്തായാലും ഖെലിഫിന്​ കൈകൊടുക്കാത്തതിൽ ഏഞ്ചല മാപ്പുപറഞ്ഞിട്ടുണ്ട്​. ജീവിതത്തിൽ അതുപോലൊരു ഇടി കിട്ടിയി​ട്ടില്ലെന്നും ഒളിമ്പിക്​സ്​ കമ്മറ്റിയുടെ തീരുമാനം മാനിക്കുവെന്നും ഏഞ്ചല പറഞ്ഞു. പക്ഷേ ഏഞ്ചല നേരിട്ടത്​ അനീതിയാണെന്നും ഇത്​ ശരിയല്ലെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി അഭിപ്രായപ്പെട്ടിട്ടുണ്ട്​. ഈ വിവാദം ഇനിയും തുടരുമെന്ന്​ ചുരുക്കം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News