റഷ്യന്‍ താരങ്ങള്‍ ഒളിമ്പിക്സില്‍ അണിനിരക്കുന്നത് നിഷ്പക്ഷ പതാകയുടെ കീഴില്‍; കാരണം ഇങ്ങനെ...

റഷ്യന്‍ താരങ്ങള്‍ മെഡല്‍ നേടിയാല്‍ പോലും റഷ്യന്‍ ദേശീയ ഗാനം മുഴങ്ങില്ല... കാരണം ഇങ്ങനെ

Update: 2021-07-25 03:25 GMT
Advertising

സ്വന്തം രാജ്യത്തിന്‍റെ പതാകക്ക് കീഴില്‍ അണിനിരക്കാനാകാതെയാണ് ടോക്യോയില്‍ റഷ്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ വിലക്കിനെ തുടർന്നാണ് റഷ്യന്‍ താരങ്ങളുടെ ഈ ദുര്‍ഗതി. 2019 ലാണ് ലോക ഉത്തേജകമരുന്ന് ഏജന്‍സിയായ വാഡ റഷ്യക്ക് നല് വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നത്. കായിക താരങ്ങളുടെ ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ലബോറട്ടറി രേഖകളില്‍ കൃത്രിമം കാട്ടിയതിനാണ് റഷ്യക്ക് നടപടി നേരിടേണ്ടിവന്നത്.

വിലക്ക് നിലനില്‍ക്കുന്ന കാലയളവില്‍ പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നും തന്നെ താരങ്ങള്‍ക്ക് മത്സരിക്കാനാകില്ല. എന്നാല്‍ വ്യക്തിപരമായ പരിശോധനയില്‍ മരുന്നടിയുമായി ബന്ധമില്ലെന്ന് തെളിയിക്കുന്ന അത്‍ലറ്റുകള്‍ക്ക് നിഷ്പക്ഷ പതാകയുടെ കീഴില്‍ ലോക വേദികളില്‍ മത്സരിക്കാം. അതുകൊണ്ട് തന്നെ ഇത്തവണ ടോക്യോയിലെത്തിയ റഷ്യന്‍ താരങ്ങള്‍ പ്രതിനിധീകരിക്കുന്നത് ആർ.ഒ.സി എന്ന പതാകയെ ആണ്. ഈ പതാകക്ക് കീഴിലാകും താരങ്ങള്‍ അണിനിരക്കുക. അതായത് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി എന്നതാണ് ആർ.ഒ.സി എന്നതിന്‍റെ പൂര്‍ണരൂപം. ഒളിമ്പിക് വളയങ്ങളോടൊപ്പം റഷ്യന്‍ ദേശീയ പതാകയിലെ ചുവപ്പ്, വെള്ള, നീല നിറങ്ങളടങ്ങിയ പതാകയാണ് ആര്‍.ഒ.സിയുടേത്. ടോക്യോയിലും ശൈത്യകാല ഒളിമ്പിക്സിലും റഷ്യന്‍ താരങ്ങള്‍ ഉപയോഗിക്കുക ഈ പതാകയാണ്. റഷ്യന്‍ താരങ്ങള്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയാല്‍ റഷ്യന്‍ ദേശീയ ഗാനം മുഴങ്ങില്ല, പ്രത്യേക തയ്യാറാക്കിയ ഗാനമാണ് ഈ സമയം വേദിയില്‍ കേള്‍ക്കുക.2016ലെ റിയോ ഒളിമ്പിക്സില്‍ 56 മെഡലുമായി നാലാം സ്ഥാനത്തായിരുന്നു റഷ്യ.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Contributor - Web Desk

contributor

Similar News