ഭാഷാ സമരത്തിന്റെ ഓർമയും വിട്ടുമാറാത്ത അസഹിഷ്ണുതയും

"സംഘ്പരിവാർ മാത്രമല്ല, ചില വ്യാജ ക്രിസ്ത്യൻ ഗ്രൂപ്പുകളെ മറയാക്കിയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചും വിപുലമായ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ട്"

Update: 2021-07-30 06:43 GMT
Advertising

വീണ്ടുമൊരു ജൂലൈ 30. ഭാഷാ സംരക്ഷണത്തിനു വേണ്ടി കേരളത്തിൽ നടന്ന വലിയ രാഷ്ട്രീയ സമരത്തിന്റെ ഓർമദിനം. 1980 ജൂലൈ 30-ന് മലപ്പുറം കലക്ടറേറ്റിന് മുന്നിൽ മൂന്നു ചെറുപ്പക്കാർ പിടഞ്ഞു മരിച്ച കറുത്ത ദിനത്തിന്റെ ഓർമകൾ കടന്നു വരുമ്പോൾ ഞാൻ കേരള നിയമസഭയ്ക്കകത്താണ്. ഇതേ സഭയിൽ 1980-ൽ സി.എച്ച് മുഹമ്മദ് കോയ നടത്തിയ പ്രസംഗം മനസ്സിലേക്ക് ഇരമ്പി വരുന്നു. 'മലപ്പുറത്തു നിന്നു വരുന്ന കാറ്റിന് വെടിമരുന്നിന്റെയും പച്ചമാംസത്തിന്റെയും ഗന്ധമാണ്'- സഭയിൽ അന്ന് മുഴങ്ങിയ സി.എച്ചിന്റെ വാക്കുകൾ.

സി.എച്ചിന്റെ വാക്കുകളിൽ തീപിടിച്ചാണ് ആ സമരത്തിന് ഉജ്ജ്വല വിജയമുണ്ടായത്. മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്ന മൂന്നു പോരാളികൾ രക്തസാക്ഷികളായി. നൂറുകണക്കിനാളുകൾ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി. ഇപ്പോഴും വെടിയുണ്ടകളുടെയും അക്രമങ്ങളുടെയും അടയാളങ്ങൾ പേറി ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്. ഞാൻ തെരഞ്ഞെടുപ്പ് കാലത്ത് പെരിന്തൽമണ്ണയിലും ഇവരിൽ ചിലരെ നേരിൽ കണ്ടിട്ടുണ്ട്. അവരുടെ തീക്ഷ്ണമായ അനുഭവങ്ങൾ പിന്നെയും പിന്നെയും കേട്ടിട്ടുണ്ട്. അന്നു ഭാഷാ പഠനത്തോട് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച വിപരീത നിലപാടിന് പിന്നിൽ അസഹിഷ്ണുത കൂടിയുണ്ടായിരുന്നു. നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും അത്തരം അസഹിഷ്ണുതകൾ ഇടതുപക്ഷത്തിന്റെ മുഖമുദ്രയായി തുടരുന്നു.

അറബി ഭാഷാ വിരുദ്ധ നീക്കത്തിന് പിറകിൽ മൂന്നു അജണ്ടകളുണ്ടായിരുന്നു. ഒന്ന്, ഭാഷാ പഠനത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട അധ്യാപകരോടുള്ള വിരോധം. രണ്ട്, ആ നിയമനം ധീരമായി നടത്തിയ സി.എച്ച് മുഹമ്മദ് കോയ ഉയർത്തിപ്പിടിച്ച നിലപാടിനോടുള്ള വിരോധം. മൂന്ന്, അതിന്റെ ഗുണഫലം അനുഭവിക്കുന്ന സമുദായങ്ങളോട് കാണിക്കുന്ന വിവേചനം. പതിനഞ്ചാം നിയമസഭാ സമ്മേളനം നടക്കുന്ന വേളയിലും ആ വിവേചനം തുടരുകയാണ്. സച്ചാർ കമ്മിറ്റി ശിപാർശകളെ വിലയിരുത്തുന്ന ഏതൊരാൾക്കും അറിയാവുന്ന ചില വസ്തുതകളുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായി കേരളത്തിലെ മുസ്ലിം സമൂഹം ചില സവിശേഷ പുരോഗതി നേടിയിട്ടുണ്ട് എന്നതാണ് അതിൽ പ്രധാനം.

സർക്കാർ മേഖലയിലെ പ്രാതിനിധ്യത്തിൽ മുസ്‌ലിംകൾ എവിടെ നിൽക്കുന്നുവെന്നത് വസ്തുതാപരമായി സച്ചാർ കമ്മിറ്റി വിശദീകരിച്ചിട്ടുണ്ട്. മുസ്ലിം പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് യു.പി.എ സർക്കാർ സമിതിയിലൂടെ ലക്ഷ്യമിട്ടത്. സച്ചാർ കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന് വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകളെ ശാക്തീകരിക്കണം എന്നതായിരുന്നു. ശിപാർശ നടപ്പാക്കുന്നത് കേന്ദ്രത്തിൽ യു.പി.എ സർക്കാറിനും കേരളത്തിൽ യു.ഡി.എഫിനും രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ഇടതു സർക്കാറിന്റെ ആശങ്കയാണ് പാലോളി കമ്മിറ്റിയിലേക്കെത്തിച്ചത്. സച്ചാർ കമ്മിറ്റിയുടെ ശുപാർശകളും നിർദ്ദേശങ്ങളും അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഉൽപ്പന്നമാണ് 2008-ലെ പാലോളി കമ്മിറ്റി രൂപീകരണവും ഇതിന്റെ ശിപാർശയും.

അതൊരു ചതിക്കുഴിയായിരുന്നു. മുസ്ലിംകൾക്ക് വേണ്ടി ശിപാർശ ചെയ്യപ്പെട്ട പദ്ധതിയിൽ വെള്ളം ചേർക്കപ്പെടുകയും മുസ്ലിംകളുടെ അവകാശങ്ങൾ പങ്കു വെക്കപ്പെടുകയും ചെയ്തു. ഇത് ചരിത്രപരമായ ഒരു തെറ്റായിരുന്നു. ആ തെറ്റിന്റെ മുറിവുകളിൽ നിന്നാണ് ഇന്നും എരിവ് പടരുന്നത്. ഇന്നലെ നിയമസഭിൽ ഞാനൊരു ചോദ്യമുന്നയിച്ചു. മദ്രസാ അധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും നൽകുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിന് പിറകെയായിരുന്നു എന്റെ ചോദ്യം. ഒരു രൂപ പോലും സർക്കാർ ഖജനാവിൽ നിന്ന് ലഭിക്കാത്ത മദ്രസാ അധ്യാപകരുടെ പേരിൽ മുസ്ലിം സമുദായത്തിന് കോടിക്കണക്കിന് രൂപ അവിഹിതമായി ലഭിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തി, ഈ സമുദായത്തെ ആക്രമിക്കാൻ കോപ്പു കൂട്ടുന്നവർക്കെതിരെയായിരുന്നു എന്റെ ചോദ്യം.

സംഘ്പരിവാർ മാത്രമല്ല, ചില വ്യാജ ക്രിസ്ത്യൻ ഗ്രൂപ്പുകളെ മറയാക്കിയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചും വിപുലമായ മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നുണ്ട്. ഇത് ക്രിസ്ത്യൻ പൊതു സമൂഹത്തിന്റെ പിന്തുണയോടെയോ ഭൂരിപക്ഷം വരുന്ന മത മേലധ്യക്ഷന്മാരുടെ താൽപ്പര്യത്തോടെയോ അല്ല. നിരവധി ക്രിസ്ത്യൻ സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ പലരും ഈ തീവ്രവാദ വിഭാഗത്തിന്റെ വസ്തുതാവിരുദ്ധമായ പ്രചാരണത്തിൽ ഏറെ വേദനിക്കുന്നവരാണ്. പല മതമേലധ്യക്ഷൻമാരും പങ്കു വെച്ചത് ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ ക്രിസ്ത്യൻ സമൂഹത്തെ അപരവത്ക്കരിക്കാനും ശത്രുതയോടെ മറ്റുള്ളവർ കാണാനും മാത്രമേ ഉപകരിക്കുകയുള്ളൂവെന്നുമാണ്. അതു കൊണ്ടു തന്നെ ഇത് ക്രിസ്ത്യൻ സമൂഹത്തിന്റെ പോതു നിലപാടല്ല എന്നുറപ്പാണ്. എങ്കിൽപ്പോലും ഈ തീവ്രവാദികളുടെ കെണിയിൽ പലരും വീണു പോവുന്നുണ്ട് എന്നത് ദൗർഭാഗ്യകരമാണ്.

നിയമസഭയിലെ എന്റെ ചോദ്യം ഇതായിരുന്നു. വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് വിദ്വേഷം പടർത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ആഭ്യന്തര വകുപ്പ് കേസെടുത്തിണ്ടോ? വർഗ്ഗീയതയും മതസ്പർദ്ധയും കത്തിക്കുന്ന ഇത്തരം പ്രചാരണം തടയാൻ സർക്കാർ വല്ല നടപടികളും എടുക്കുമോ? ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്ത്യൻ സമൂഹം ഇങ്ങനെ ചിന്തിക്കുന്ന സമൂഹമല്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു അദ്ദേഹം. ഇതുവരെ ഇത് സംബന്ധിച്ച് ഒരു കേസു പോലും എടുക്കാതെ നിർബാധം വർഗ്ഗീയ വിഭജനം നടത്തുന്നവർക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രി എന്നത് ആശങ്കയുളവാക്കുന്നതാണ്.

മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് ഇന്നും ഒരു കുറവുമില്ല എന്ന് വ്യക്തമാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് 1980-ലെയും 2021-ലെയും സർക്കാറുകൾ ഒരു പോലെ പിന്തുണ നൽകുകയും ചെയ്യുന്നു. അന്നും വസ്തുതാവിരുദ്ധമായ ഒരു പ്രചാരണമാണ് നടത്തിയത്. കുട നന്നാക്കുന്നവരെപ്പോലും സി.എച്ച് മുഹമ്മദ് കോയ അറബി അധ്യാപകരാക്കി എന്നതായിരുന്നു അന്നത്തെ പ്രചാരണം. നിരവധി മദ്രസാ അധ്യാപകർ പരീക്ഷ പാസായി അറബി അധ്യാപകരായതിനെ വിഭാഗീയതക്ക് ഉപയോഗിക്കുകയായിരുന്നു അന്നത്തെ സർക്കാർ. ഇതേ ലക്ഷ്യം മദ്രസാ അധ്യാപകരെ മുൻനിർത്തി നാലു പതിറ്റാണ്ടിനു ശേഷവും നിർബാധം തുടരുകയും ചെയ്യുന്നു.

(അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രമാണ്. പെരിന്തൽമണ്ണ എംഎൽഎയായ ലേഖകൻ മുസ്‌ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ടാണ്)

Tags:    

Writer - abs

contributor

Editor - abs

contributor

By - നജീബ് കാന്തപുരം

contributor

പെരിന്തല്‍മണ്ണ എംഎല്‍എ

Similar News