ഗന്ധർവ്വനെ തനിച്ചാക്കി ഭാഗവതർ മടങ്ങി
ഗാനഗന്ധര്‍വന്‍ യേശുദാസും സഹപാഠിയായ വേലായുധൻ ഭാഗവതരും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും: മീഡിയവൺ ഡൽഹി ബ്യുറോ ചീഫ് ഡി. ധനസുമോദിന്‍റെ അനുസ്മരണ കുറിപ്പ്
വേലായുധൻ ഭാഗവതർ (1937-2021 )
23 വർഷം മുൻപ് നടന്ന സംഭവമാണ്. ചേർത്തല വയലാർ തിരുഹൃദയ പള്ളിയുടെ മുന്നിലെ മുറുക്കാൻ കടയ്ക്ക് മുന്നിൽ വെള്ളനിറത്തിലെ ഒരു കാർ നിർത്തി. മുന്നിൽ നിന്ന് ഇറങ്ങിയ ആൾ മുറുക്കാൻ കടക്കാരനോട് 'വേലായുധൻ ഭാഗവതരുടെ വീട് എവിടെയാണ്`എന്ന് ചോദിച്ചു. വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പോൾ ഡോർ തുറന്നു വെള്ള ജുബ്ബയും മുണ്ടും തൂവെള്ള ചെരുപ്പും ധരിച്ച ഒരാൾ ഇറങ്ങി. ചകിരി പിരിക്കുന്ന ഭാര്യയോട് `ദേഡീ യേശുദാസ് വന്നേ`എന്ന് വിളിച്ചു പറഞ്ഞു ഓടിച്ചെന്നു. കെട്ടിപ്പിടിച്ചു കമലാസനൻ എന്ന മുറുക്കാൻ കടക്കാരൻ ഗാനഗന്ധര്‍വനെ തുരു തുരെ ഉമ്മ വെച്ചു.
1957 കാലത്ത് തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലെ സഹപാഠിയെ തേടിയാണ് യേശുദാസ് എത്തിയത്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയ ശിഷ്യരിൽ രണ്ടു പേരായിരുന്നു ഫോർട്ടുകൊച്ചിക്കാരൻ കെ.ജെ. യേശുദാസും ചേർത്തലക്കാരൻ വേലായുധക്കണിയാരും. യേശുദാസ് കൂട്ടുകാരനെ തേടിയെത്തിയത് ചേർത്തലയിൽ കാട്ടുതീ പോലെ പടർന്നു. ചേർത്തല എസ്.എസ്.കലാമന്ദിരത്തിൽ സംഗീത കച്ചേരിക്ക് എത്തിയപ്പോഴാണ് പഴയകൂട്ടുകാരനെ കാണാൻ എത്തിയത്. അന്ന് യേശുദാസ് പറഞ്ഞു `വേലായുധന് എപ്പോൾ വേണമെങ്കിലും എന്നെ കാണാൻ മദ്രാസിൽ വരാം. അങ്ങോട്ട് വരുന്ന ഫസ്റ്റ് ക്‌ളാസ് തീവണ്ടി കൂലി അടക്കം ഞാൻ തരാം `
വേലായുധ കണിയാർ ഒരിക്കലും യേശുദാസിനെ തേടി ഭാഗ്യം അന്വേഷിച്ചു പോയില്ല. അദ്ദേഹത്തിന്‍റെ ലോകം സംഗീത വിദ്യാർത്ഥികളായിരുന്നു. പല ബാച്ചുകളിൽ രാവിലെ അഞ്ചര മുതൽ രാത്രി പതിനൊന്നു വരെ നീളുന്ന ക്ളാസുകളായിരുന്നു. മക്കളായ ജയകുമാറും അനിൽകുമാറും ആശാമോളും രാവിലെ ഉറക്കം വിട്ടു എഴുന്നേൽക്കുന്നതും രാത്രി ഉറക്കത്തിലേക്കു വഴുതി വീഴുന്നതും അച്ഛന്‍റെ സപ്തസ്വരങ്ങൾ കേട്ടായിരുന്നു.അവസരങ്ങൾക്കായി ആരുടേയും മുന്നിൽ തലകുനിക്കാൻ തയ്യാറാകാതിരുന്ന ആ പാട്ടുകാരൻ ഗന്ധർവ്വൻപാട്ടും ശാസ്‌താംപാട്ടും ആരാധനയോടെ പാടി. ഹാർമോണിയം സൈക്കിളിന്‍റെ പിന്നിൽ കെട്ടിവെച്ചു ദൂരെ സ്ഥലങ്ങളിൽ ഭജനയ്ക്ക് പാടാൻ പോയി. സ്‌കൂളിൽ പഠിക്കുമ്പോൾ വിശ്വനാഥൻ ആശാന്‍റെ ഹരികഥയ്ക്ക് ഹാർമോണിയം വായിച്ചാണ് സംഗീതലോകത്തേക്ക് ചുവട് വെച്ചത്. സംഗീത കോളേജിൽ നിന്ന് ഫസ്റ്റ് ക്ളാസോടെ പാസായ വേലായുധ ഭാഗവതർക്ക് പട്ടാര്യ സമാജം ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായി ജോലി കിട്ടിയപ്പോഴും വീടിന്‍റെ ചുറ്റുവട്ടത്തെ കുട്ടികൾക്ക് സംഗീതം പഠിപ്പിക്കാൻ സമയം കണ്ടെത്തി.
ജീവിതം സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച സംഗീതജ്ഞൻ ഇന്ന് ഈ ലോകം വിട്ടുപിരിഞ്ഞു. സംഗീത സംവിധായകനായ ബാബു നാരായണൻ അടക്കം എഴുന്നൂറോളം ശിഷ്യരുടെ മനസുകളിൽ ഇനിയും ഈ ആശാൻ ജീവിക്കും. ഭജൻ പാടാൻ പോകുമ്പോൾ ഉൾവലിഞ്ഞു പിന്നിലേക്ക് ഇരുന്ന തന്നെ കൂടെയിരുത്തി പാടിച്ച ഗുരുവിനെക്കുറിച്ചു പറഞ്ഞപ്പോൾ പ്രശസ്ത ഗായകനായ രാജേഷ് മുന്നയുടെ ശബ്ദമിടറി. സംഗീതത്തിന് മുന്നിൽ വലിപ്പച്ചെറുപ്പമില്ലെന്നു കൂടിയാണ് വേലായുധൻ ഭാഗവതർ ആ ശിഷ്യന് മനസിലാക്കി കൊടുത്തത്.