ഇറാന്‍: സൈറസ് മുതല്‍ റഈസി വരെ

മേഖലയിലെ ഇറാന്‍റെ ഇപ്പോഴത്തെ നിലപാടുകൾ പരിശോധിക്കുമ്പോൾ മൂന്ന് പ്രധാന സംഭവവികാസങ്ങള്‍ മാറ്റി നിര്‍ത്താനാവില്ല.

Update: 2022-01-10 06:53 GMT
Advertising

രാഷ്ട്രനിര്‍മ്മാണത്തില്‍ ശത്രുക്കള്‍ക്കുള്ള പങ്കിനെ കുറിച്ച് ഉമ്പര്‍ട്ടോ എക്കോ തന്‍റെ  ഇന്‍വെന്‍റിംഗ് ദി എനിമീസ് എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തങ്ങളുടെ അസ്തിത്വവും പ്രതിനിധീകരിക്കുന്ന മൂല്യങ്ങളുടെ ബലവും രാഷ്ട്രങ്ങൾ മാറ്റുരച്ചു നോക്കുന്നത് ശത്രുക്കളുമായി താരതമ്യപ്പെടുത്തിയാണെന്ന് എക്കോ നിരീക്ഷിക്കുന്നു. ദശാബ്ദങ്ങളായി അമേരിക്കയും ഇറാനും തങ്ങളുടെ നിലപാടുകളുടെ മൂല്യം നിര്‍ണയിക്കുന്നത് പരസ്പരം കാത്തുസൂക്ഷിക്കുന്ന ശത്രുതയുടെ ത്രാസിലിട്ടാണ്. വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ഈ ശൈലിക്ക് വിരാമമിട്ടാണ് ഒബാമ ഭരണകൂടത്തിന്‍റെ അന്ത്യനാളുകളിൽ അമേരിക്കയും മറ്റു ലോകരാഷ്ട്രങ്ങളും ഇറാനുമായി ആണവകരാറിലേര്‍പ്പെട്ടത്. പശ്ചിമേഷ്യയിൽ പുതിയൊരു പ്രഭാതത്തിനു തുടക്കമായെന്ന് പലരും വിലയിരുത്തിയെങ്കിലും ട്രംപ് ഭരണകൂടം കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയത് ഇറാനും കരാറിലെ മറ്റു കക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി. ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ജോബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരത്തിലേറിയത് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുക്കമുണ്ടാക്കുമെന്ന് ചിലരെങ്കിലും കരുതിയെങ്കിലും ആശാവഹമായ മാറ്റങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല.

ഉമ്പര്‍ട്ടോ എക്കോ

ഏതൊരു രാജ്യത്തെയും പോലെ ഇറാന്‍റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ അതിന്‍റെ വര്‍ത്തമാന ഇടപെടലുകളെ സ്വാധീനിക്കുന്നുണ്ട്. അഫ്‍ഗാനിസ്താൻ, അര്‍മീനിയ, അസര്‍ബൈജാൻ, ഇറാഖ്, പാകിസ്താൻ, തുര്‍ക്കി, തുര്‍ക്കുമെനിസ്താൻ എന്നീ രാജ്യങ്ങളാണ് ഇറാനുമായി കരാതിര്‍ത്തി പങ്കിടുന്നത്. ഖത്തർ, സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തിയും പങ്കിടുന്നു. അയല്‍ രാജ്യങ്ങളുമായും പടിഞ്ഞാറൻ രാജ്യങ്ങളുമായും ഇറാന് ഒരു ചരിത്രമുണ്ട്. അതാണ് ഇറാന്‍റെ നിലപാടുകളെ നിര്‍ണയിക്കുന്നത്.

മേഖലയിലെ ഇറാന്‍റെ ഇപ്പോഴത്തെ നിലപാടുകൾ പരിശോധിക്കുമ്പോൾ മൂന്ന് പ്രധാനസംഭവവികാസങ്ങള്‍ മാറ്റി നിര്‍ത്താനാവില്ല.

ജൂലൈ 2015ന് അമേരിക്കയുമായും യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച ജോയിന്‍റ് കോംപ്രിഹന്‍സീവ് പ്ലാൻ ഓഫ് ആക്ഷൻ അഥവാ JCPOA എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആണവകരാർ സുപ്രധാനമായ ഒരു ചുവടുവെപ്പായിരുന്നു. ഒബാമഭരണകൂടത്തിന്‍റെ സുപ്രധാന നേട്ടമായി കരുതപ്പെട്ടിരുന്ന കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിന്മാറിയത് കരാറിന്‍റെ ഭാവിയെ സാരമായി തന്നെ ബാധിച്ചു.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്‍റെ ബശ്ശാറുൽ അസദിനെ പിന്തുണക്കാനുള്ള ഇറാൻ ഭരണകൂടത്തിന്‍റെ തീരുമാനമാണ് മറ്റൊന്ന്. പശ്ചിമേഷ്യയിലെ ഏറ്റവും കരുത്തനായ വ്യക്തിയായി കരുതപ്പെട്ടിരുന്ന ഇറാന്‍റെ ഖുദ്‌സ് ഫോഴ്‌സ് മേധാവി മേജർ ജനറൽ ഖാസിം സുലൈമാനിയെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉത്തരവ് പ്രകാരം അമേരിക്കൻ വ്യോമസേനയുടെ ഡ്രോൺ മിസൈൽ ആക്രമണത്തിലൂടെ വധിച്ചതും ഇറാന്റെ നിലപാടുകളെ സ്വാധീനിച്ചിട്ടുണ്ട്.

ഇറാന്‍റെ സങ്കീര്‍ണമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തന്നതില്‍ രണ്ട് ലോകമഹായുദ്ധങ്ങൾ, 1953ൽ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മുസദ്ദിഖിനെതിരെ നടന്ന അട്ടിമറി, 1979ൽ ആയതുല്ല റൂഹുല്ല മൂസവി ഖുമൈനിയുടെ നേതൃത്തിൽ നടന്ന ഇസ്‍ലാമിക വിപ്ലവം എന്നിവ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.


പടിഞ്ഞാറുമായുള്ള ഇറാന്‍റെ അസ്വാരസ്യത്തിനും ചരിത്രത്തിൽ വേരുകളുണ്ട്. ഒരു മഹാസാമ്രാജ്യം എന്ന നിലയിലുള്ള ഇറാന്‍റെ ദേശഭാവനകൾ തുടങ്ങുന്നത് അക്കിയമിനിദ് സാമ്രാജ്യസ്ഥാപകൻ സൈറസ് രണ്ടാമൻ മുതലാണ്. അക്കിയമിനിദ് സാമ്രാജ്യത്തിന്‍റെ സുവര്‍ണ കാലഘട്ടത്തിൽ ദാരിയസ് ഒന്നാമൻ തന്‍റെ ഭരണത്തിനെതിരെയുള്ള കലാപങ്ങള്‍ക്ക്  സഹായം നല്കിയതിന്‍റെ പേരിൽ പഴയ ഹെലനിസ്റ്റിക് ഗ്രീസിൽ അധിനിവേശം നടത്തി മാസിഡോണും, ത്രേസും പിടിച്ചെടുത്തതു മുതലാണ് പടിഞ്ഞാറിന് പേര്‍ഷ്യക്കാർ വില്ലന്മാരാവുന്നത്. ആ കാലഘട്ടത്തിലെ സംഭവങ്ങൾ വിവരിക്കുന്ന ഗ്രീക്ക് സാഹിത്യങ്ങളെല്ലാം പേര്‍ഷ്യക്കാരെ അക്രമാസക്തരായ രക്തദാഹികളായിട്ടാണ് ചിത്രീകരിച്ചത്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ പേര്‍ഷ്യയെ കുറിച്ചുള്ള യൂറോപ്യൻ ചിന്തകളെ സാരമായി തന്നെ ഗ്രീക്ക് സാഹിത്യങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് പിന്തിരിപ്പന്മാരും അക്രമങ്ങള്‍ക്ക്  ആഹ്വാനം ചെയ്യുന്നവരുമായ മുല്ലമാരാണ് ഇറാനിൽ മഹാഭൂരിഭാഗവും എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നതുപോലെയുള്ള ധാരാളം ധാരണപ്പിശകുകളാൽ സമ്പന്നമായിരുന്നു ഇത്തരം ഗ്രീക്ക് സാഹിത്യങ്ങൾ.

99 ശതമാനത്തിലധികം ഇറാനികളും മുസ്‍ലിംകളാണ്. അതിൽ 89 ശതമാനം പേരും ശിയാക്കളാണ്. അതിൽ തന്നെ മഹാഭൂരിഭാഗവും ഇസ്‌നാഅശരി അല്ലെങ്കിൽ ട്വല്‍വര്‍ ശിയാക്കളാണ്. അഹ്ലുബൈതിൽ പെട്ട 12 ഇമാമുകളെ പിന്തുടരുന്നവരാണ് ഇസ്‌നാഅശരികൾ. 1501ൽ ശാഹ് ഇസ്മാഈൽ സഫവി അധികാരമേറ്റടുത്തു മുതലാണ് ശീഇസം ഇറാന്റെ മുഖമുദ്രയായി മാറുന്നത്. അതുവരെ ഇറാനിലെ ഭൂരിപക്ഷം വിശ്വാസികളും കര്‍മ്മശാസ്ത്രത്തിൽ ഹനഫീ അല്ലെങ്കിൽ ശാഫിഈ സരണികൾ പിന്തുടരുന്ന സുന്നികളായിരുന്നു. സുന്നീ ഇസ്‍ലാമിലെ പ്രഗല്‍ഭ പണ്ഡിതരായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, ഹുജ്ജതുൽ ഇസ്ലാം ഇമാം അബൂഹാമിദ് അൽ ഗസ്സാലി, സഅ്ദുദ്ദീൻ തഫ്താസാനി, അബ്ദുൽ ഖാഹിർ ജുര്‍ജാനി, അറബി വ്യാകരണത്തിലെ എക്കാലത്തെയും മികച്ച പണ്ഡിതനായി കരുതപ്പെടുന്ന സീബവയ്ഹി, ഇവരൊക്കെ പേര്‍ഷ്യക്കാരായിരുന്നു.

ഇസ്മാഈൽ ഒന്നാമൻ ശിയാഇസ്‍ലാം ഇറാന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചതിനുപിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നു. അധികാരം ഉറപ്പിക്കണമെങ്കിൽ രാജ്യത്തെ ജനങ്ങളിൽ നിന്ന് ചോദ്യംചെയ്യപ്പെടാത്ത വിധേയത്വം ആവശ്യമുണ്ടെന്ന് ഇസ്മാഈൽ ഒന്നാമൻ മനസ്സിലാക്കി. ഇതിന് സുന്നീഇസ്ലാമിനേക്കാൾ താരതമ്യേന കേന്ദ്രീകൃത സ്വഭാവമുള്ള ശിയാഇസ്‍ലാമാണ് ഉപയോഗപ്പെടുകയെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനുപുറമെ അദ്ദേഹത്തിന്റെ സാമ്രാജ്യത്വ സ്വപ്നങ്ങള്‍ക്ക് മുന്നിൽ ഒരു വന്മതിലുപോലെ വിഘാതമായി നിന്നിരുന്നത് സുന്നിഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന ഒട്ടോമന്‍ സാമ്രാജ്യമായിരുന്നു. ശിയാഇസ്‍ലാമിനെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് രാജ്യത്തിന്റെ സമ്പൂര്‍ണ ശിയാവല്‍കരണമാണ് ലക്ഷ്യമാക്കിയത്. കീഴടക്കിയ പ്രദേശങ്ങളിലെല്ലാം സുന്നികളുടെ സമ്പൂര്‍ണ്ണ ഉൻമൂലനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇസ്‍ലാമിന്റെ ആദ്യത്തെ മൂന്ന് ഖലീഫമാരെ പ്രാര്‍ഥനകളിൽ ശപിക്കുന്നത് നിര്‍ബന്ധമാക്കിയും, സുന്നീ മതപാഠശാലകളെ അടച്ചു പൂട്ടിയും, സുന്നീപള്ളികൾ തകര്‍ത്തും  അദ്ദേഹം തന്റെ ശിയാ പ്രൊജക്റ്റ് നടപ്പിലാക്കി. ശീഇസത്തിലേക്ക് പരിവര്‍ത്തനം ചെയ്യാൻ വിസമ്മതിച്ച നിരവധി സുന്നീവിശ്വാസികളെ കൂട്ടക്കൊല ചെയ്തു. ലബനാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ശിയാപണ്ഡിതന്മാരെ ഇറാനിലേക്ക് ക്ഷണിച്ചു വരുത്തി. സുന്നീപണ്ഡിതന്മാര്‍ക്ക് അദ്ദേഹം ശിഈസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക, നാടുവിടുക, കൊല്ലപ്പെടുക എന്നീ മൂന്ന് ഓഫറുകളാണ് വെച്ചത്. ഇസ്മാഈൽ സഫവിയുടെ വാള്‍മുന കാരണമാണ് ഇറാൻ ശിയാക്കളുടെ ശക്തി കേന്ദ്രമായി മാറിയത്.

ഇമാം ഹുസൈന്‍ പള്ളി, കര്‍ബല

ശിയാപണ്ഡിതന്മാര്‍ക്ക് രാഷ്ട്രീയതലത്തിൽ വലിയ സ്വാധീനമുണ്ടായതിനും ചരിത്രപരമായ കാരണമുണ്ട്. ഇസ്‌നാഅശരി ശിയാക്കളിൽ പ്രധാനമായും രണ്ട് പ്രബലധാരകളായിരുന്നു ഉണ്ടായിരുന്നത്. അഖ്ബാരിയ്യ ധാരയും, ഉസൂലിയ്യ ധാരയും. അഖ്ബാരികളുടെ വീക്ഷണപ്രകാരം ഖുര്‍ആനും സച്ചരിതരും പാപസംരക്ഷിതരുമായ ഇമാമുകളിലൂടെ ലഭ്യമാകുന്ന ഹദീസുകളും മാത്രമാണ് ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ മാര്‍ഗരേഖ. ഖുര്‍ആനും ഹദീസുകളും വ്യാഖ്യാനിക്കാനുള്ള അര്‍ഹത ഇമാമുകള്‍ക്ക് മാത്രമേയുള്ളൂ. ഇവരുടെ വ്യാഖ്യാനങ്ങളിൽ അവഗാഹം നേടുകയെന്നതാണ് പണ്ഡിതന്മാരുടെ ചുമതല. ഇജ്‍തിഹാദ് അല്ലെങ്കിൽ മതവിഷയങ്ങളിൽ സ്വതന്ത്രമായ ഗവേഷണത്തിനുള്ള അര്‍ഹത 12 ഇമാമുകളിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് ചുരുക്കം. 12 ഇമാമുമാരല്ലാത്ത ഒരു വ്യക്തിയും ആയതുല്ല എന്ന സ്ഥാനപ്പേരിന് ഒരുതരത്തിലും അര്‍ഹരല്ലെന്നും അങ്ങനെ വിശേഷിപ്പിക്കുന്നത് മതവിരുദ്ധമാണ് എന്നുമാണ് അഖ്ബാരികളുടെ വിശ്വാസം. എന്നാൽ ഇതിന് എതിരാണ് ഉസൂലി വീക്ഷണം. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവന്ന പ്രശ്‌നങ്ങൾ പഠിക്കാനും അതിനനുസരിച്ച് ജീവിതം ക്രമീകരിക്കാനും മതവിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ പണ്ഡിതന്മാർ സ്വതന്ത്രമായ ഗവേഷണം നടത്തേണ്ടത് മതപരമായ ബാധ്യതയാണെന്നാണ് ഉസൂലി പണ്ഡിതരുടെ വീക്ഷണം.

ബഹ്‌റൈനിൽ നിന്ന് രാഷ്ട്രീയപരമായ കാരണങ്ങളാൽ കര്‍ബലയിലെത്തിയ പ്രമുഖ അഖ്ബാരി പണ്ഡിതൻ യൂസഫ് അൽ ബഹ്‌റൈനിയുടെ സ്വാധീനം മൂലം 1700കളുടെ രണ്ടാം പകുതിയാവുമ്പോഴേക്കും ശിയാഇസ്‍ലാമിന്റെ പ്രധാനകേന്ദ്രമായ കര്‍ബലയില്‍ മുന്‍തൂക്കം അഖ്ബാരികള്‍ക്കായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം പ്രമുഖ ഇറാനി ഉസൂലി പണ്ഡിതൻ മുഹമ്മദ് ബാഖിർ ബഹ്ബഹാനി കര്‍ബലയിലെ ശിയാപണ്ഡിതന്മാരുടെ നേതൃത്വത്തിലെത്തിയതോടെ ശിയാഇസ്‍ലാമിന്റെ മുഖ്യധാരയായി ഉസൂലിസം മാറി. അഖ്ബാരിയ്യ ധാരയെ അദ്ദേഹം ധൈഷണികമായി നേരിട്ടു. അതിനു പുറമേ അദ്ദേഹത്തിന്റെ അനുയായികൾ സാമ്പത്തികമായും കായികമായും അഖ്ബാരികളെ നേരിട്ടതിന്റെ ഫലമായി അഖ്ബാരികൾ ശിയാക്കളിലെ പ്രാന്തവത്കൃതരും ന്യൂനാല്‍ന്യൂനപക്ഷവുമായി പരിണമിച്ചു.

ഉസൂലിയ്യ ശിയാ ഇസ്‍ലാമിന്റെ മുഖ്യധാരയായതോടെയാണ് ശിയാക്കൾ ഭൂരിപക്ഷമായ ഇറാനിൽ കാത്തലിക് ചര്‍ച്ചിന്റെ ശൈലിയിൽ ശ്രേണീകൃതമായ ഒരു പണ്ഡിതവര്‍ഗം ഉടലെടുത്തത്. ഇജ്തിഹാദിന് അര്‍ഹതയുള്ള ഒരു മുതിര്‍ന്ന പണ്ഡിതനെ പിന്തുടരുന്നവർ അദ്ദേഹത്തോട് പിന്തുണപ്രഖ്യാപിക്കുകയും തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊരു ഭാഗം അദ്ദേഹത്തിനു നല്‍കുകയും ചെയ്തു പോന്നു. ഇത് കാരണം സാമ്പത്തികമായും സാമൂഹികമായും പണ്ഡിതന്മാര്‍ക്ക്  വലിയ രീതിയിലുള്ള സ്വാധീനം വന്നുചേര്‍ന്നു. പല പണ്ഡിതരും രാഷ്ട്രീയത്തിൽ സജീവമാവാനുള്ള കാരണമിതാണ്. മുതിര്‍ന്ന പണ്ഡിതനെ പിന്തുടരുന്ന മറ്റുപണ്ഡിതർ മതപരമായ വിഷയങ്ങളിൽ തങ്ങളുടെയടുത്തെത്തുന്ന സംശയങ്ങൾ അദ്ദേഹത്തിനു കൈമാറുകയും അദ്ദേഹം അനുയോജ്യമായ മതവിധികൾ നല്‍കുകയും ചെയ്തു. വര്‍ഷങ്ങളായുള്ള ഗുരുശിഷ്യബന്ധങ്ങളുടെയും ഒരുമിച്ചുള്ള പഠനങ്ങളുടേയും ഭാഗമായി വളരെ വിപുലമായ ഒരുനെറ്റ്‍വര്‍ക്ക് സ്വാഭാവികമായും ഈ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായിരുന്നു. പണ്ഡിതന്മാര്‍ക്ക് പൊതുജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനം 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുള്ള മണ്ണൊരുക്കുന്നതിന് വലിയതോതിലാണ് സഹായിച്ചത്.

ആയത്തുല്ല ഖുമൈനി

ഇറാന്റെയും പശ്ചിമേഷ്യയുടെ തന്നെയും ചരിത്രം മാറ്റിമറിച്ച സംഭവമാണ് 1979ൽ ആയതുല്ല റൂഹുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന ഇസ്‌ലാമിക വിപ്ലവം. വിപ്ലവത്തിന് പലകാരണങ്ങളുമുണ്ടായിരുന്നു. ജനങ്ങളിൽനിന്നും സമ്പൂർണ്ണമായും അകന്ന് സ്തുതിപാഠകരും ഉദ്യോഗസ്ഥവൃന്ദവും ചേർന്നുണ്ടാക്കിയ ഒരു കുമിളയിലായിരുന്നു അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് രിസാഷാപഹ്‌ലവിയുടെ ജീവിതം. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ നിരന്തര കൈകടത്തലുകളും സാംസ്‌കാരിക-സാമൂഹ്യമേഖലകളിൽ ജനങ്ങളുടെ വികാരങ്ങളും ജീവിതശൈലികളും പാടെ അവഗണിച്ചു നടത്തിയ പരിഷ്‌കരണങ്ങളും ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പാണുണ്ടാക്കിയത്. എതിർക്കുന്നവരെയെല്ലാം ഷായുടെ രഹസ്യാന്വേഷണ സംഘടനയായിരുന്നു സവാക് നിഷ്‌കാസനം ചെയ്തു. ഷാഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവരിൽ ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവരുമുണ്ടായിരുന്നു. ലിബറലുകൾ, മതവിശ്വാസികൾ, ഇടതുപക്ഷചിന്താഗതിയിലുള്ളവർ, ദേശീയവാദികളുമൊക്കെയായ ജനലക്ഷങ്ങളാണ് ഷാ പുറത്തുപോവണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ഇവരെല്ലാം തങ്ങളുടെ നേതാവായി ആയതുല്ലാ ഖുമൈനിയെ കണ്ടു. ഖുമൈനി കരിസ്മാറ്റിക്കായ നേതാവായിരുന്നു. കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചു നടപ്പിലാക്കാനുള്ള പ്രാപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രക്ഷോഭം കനത്തതോടെ 1979 ജനുവരിയിൽമുഹമ്മദ് രിസാഷാപഹ്‌ലവി രാജ്യംവിട്ടു. നാഥനില്ലാകളരിയായി മാറിയ ഇറാനിൽ ഷായുടെ പ്രധാനമന്ത്രിയായിരുന്ന ഷാപൂർബക്തിയാരി പ്രക്ഷോഭകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.

1979 ഫെബ്രുവരി ഒന്നിന് പകൽ 9.30ന് സമയത്ത് ഫ്രാൻസിലെ പ്രവാസമവസാനിപ്പിച്ചു ആയതുല്ലാ ഖുമൈനി തെഹ്‌റാനിലെ മെഹ്‌റാബാദ് എയർപോർട്ടിൽ വിമാനമിറങ്ങിയതോടെ 25,00 വർഷത്തെ ഇറാനിലെ രാജഭരണത്തിന് വിരാമമായി. 30 ലക്ഷത്തോളം പേരാണ് ഖുമൈനിയെ സ്വീകരിക്കാൻ മെഹ്‌റാബാദ് എയർപ്പോർട്ടിലെത്തിയത്. അനുയായികളുടെ സമാനതകളില്ലാത്ത സ്‌നേഹാദരങ്ങളുടെ മധ്യത്തിലേക്ക് വിമാനമിറങ്ങിയ അദ്ദേഹം ആദ്യമെടുത്ത നയപരമായ തീരുമാനം മഹ്‌മൂദ് ബാസർഗാനെ ഇടക്കാല സർക്കാറിന്റെ പ്രധാനമന്ത്രിയാക്കുകയായിരുന്നു. വ്യോമസേനാമേധാവികളും കരസേനാനേതൃത്വവും ഖുമൈനിക്ക് പിന്തുണപ്രഖ്യാപിച്ചതോടെ ഷായുടെ പ്രധാനമന്ത്രിയായിരുന്ന ഷാപൂർബക്തിയാരി സ്ഥാനമുപേക്ഷിച്ച് പാരീസിലേക്ക് പ്രവാസജീവിതം നയിക്കാനായി പോയി. ഫെബ്രുവരി 11ഓട് കൂടെ ഇറാൻ സമ്പൂർണ്ണമായും ആയതുല്ലാ ഖുമൈനിയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികളുടെ കീഴിലായി. 1979 മാർച്ച് 30നും 31നും നടത്തിയ റഫറണ്ടത്തിൽ 98 ശതമാനത്തിലധികം വോട്ടോടു കൂടി ഖുമൈനി ഇറാനെ ഇസ്‌ലാമിക് റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു.

1979 ഏപ്രിൽ 22ന് ഖുമൈനിയുടെ നിർദേശപ്രകാരം ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് രൂപീകൃതമായി. ഇറാന്റെ ഇസ്‌ലാമിക സ്വഭാവവും വിപ്ലവത്തിന്റെ മൂല്യങ്ങളും സംരക്ഷിക്കുകയെന്നതാണ് റവലൂഷനറി ഗാർഡിന്റെ ചുമതല. ഇറാന്റെ ഭരണഘടനപ്രകാരം രാജ്യത്തിന്റെ അതിർത്തി സംരക്ഷണവും ആഭ്യന്തര സുരക്ഷാക്രമവും സൈന്യത്തിന്റെ ചുമതലയാണ്. അതേസമയം റവലൂഷണറി ഗാർഡിന്റെ ചുമതല ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ സംരക്ഷണമാണ്. സ്വന്തമായി നാവികസേനയും, വ്യോമസേനയും, വിദേശരാജ്യങ്ങളിലെ ഓപറേഷനായി ഖുദ്‌സ് ഫോഴ്‌സും, ബസീജ് എന്ന പാരാമിലിട്ടറി ഓർഗനൈസേഷനുമുള്ള റവലൂഷനറി ഗാർഡ് ഇറാൻ സൈന്യത്തേക്കാളും ശക്തമാണ്. ഏതെങ്കിലും തരത്തിലുള്ള സൈനിക അട്ടിമറി ശ്രമങ്ങൾ നടന്നാൽ അതിനെ അടിച്ചമർത്തേണ്ട ചുമതലയും റവലൂഷനറി ഗാർഡിനാണ്.

അധികാരമേറ്റെടുത്ത് അടുത്തവർഷം തന്നെ ഖുമൈനിക്ക് ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നു. എട്ടുവർഷത്തോളം നീണ്ടു നിന്ന ഒന്നാം ഗൾഫ് യുദ്ധം. 1979 ഇറാനെന്ന പോലെ ഇറാഖിനെ സംബന്ധിച്ചും പ്രധാനപ്പെട്ട വർഷമായിരുന്നു. പ്രസിഡണ്ട് അഹ്‌മദ് ഹസ്സൻ അൽബക്ർ രാജിവെച്ചതിനെ തുടർന്ന് വൈസ് പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈൻ ഇറാഖിന്റെ പ്രസിഡണ്ടായി ചുതമതലയേറ്റത് 79ലാണ്. അടുത്തവർഷം സദ്ധാംഹുസൈന്റെ ഉത്തരവ് പ്രകാരം ഇറാഖ് സേന ഇറാൻ അതിർത്തി കടന്നു. ശാതുൽ അറബ് ജലപാതയെ ചൊല്ലി വർഷങ്ങളായുള്ള തർക്കവും ഇറാനിലെ വിപ്ലവസർക്കാറിന്റെ പ്രചാരണയുദ്ധം രാജ്യത്തെ ഭൂരിപക്ഷം വരുന്ന ശിയാക്കളെ ഭരണകൂടത്തിനെതിരെ തിരിച്ചുവിടുമെന്നുമുള്ള ആശങ്കയുമായിരുന്നു സദ്ദാമിന്റെ ഇറാൻ അധിനിവേശത്തിനു പിന്നിലെ കാരണങ്ങൾ. ഇറാനെ സംബന്ധിച്ചിടത്തോളം നിലനിൽപിനു വേണ്ടിയുള്ള യുദ്ധമായിരുന്നു ഒന്നാം ഗൾഫ് യുദ്ധം. നൂറ്റാണ്ടിലധികമായി വിദേശശക്തികളുടെ രാഷ്ട്രീയക്കളികളിൽ വെറുമൊരു കരുവായി മാറിയതിന്റെ അമർഷം ഇറാൻ ജനതക്കുണ്ടായിരുന്നു. വിപ്ലവസർക്കാറിനാകട്ടെ രാജ്യത്തിനെതിരെയുള്ള ഏതു നീക്കങ്ങളേയും ചെറുത്തു തോൽപിക്കാനാവുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇരുപക്ഷത്തിന്റെയും കണക്കുകൂട്ടലുകൾ ധാരാളമായി പിഴച്ചതു കൊണ്ട് യുദ്ധം എട്ടു വർഷം നീണ്ടുനിന്നു. ഇരു രാജ്യങ്ങളും സാമ്പത്തികമായി ശോഷിക്കുകയും ചെയ്തു. 1988 ജുലൈ 17ന് യു.എൻ മധ്യസ്ഥതയിൽഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിലൊപ്പിട്ടതോടെ യുദ്ധത്തിന് വിരാമമായി. 1989ൽ ആയതുല്ല ഖുമൈനി അന്തരിക്കുകയും പ്രസിഡണ്ടായിരുന്ന ആയതുല്ല അലി ഖാംനഇ അദ്ദേഹത്തിന്റെ പിൻഗാമിയായി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേൽക്കുകയും ചെയ്തു.

സദ്ദാം ഹുസൈന്‍

ഇറാന്റെ വിദേശനയങ്ങൾക്ക് രണ്ട് മുഖങ്ങളുണ്ട്. ഇറാന്റെ തന്നെ രാഷ്ട്രീയഘടനയിലുള്ള രണ്ട് ധാരകളെയാണ് അത് പ്രതിനിധീകരിക്കുന്നത്. മുൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രതിനിധീകരിക്കുന്ന ചർച്ചകൾക്ക് ഊന്നൽ നൽകുന്ന മിതവാദ സമീപനം. ലോകരാഷ്ട്രങ്ങളിൽനിന്ന് ഒറ്റപ്പെട്ടു നിൽകുന്ന ശൈലി ഇറാന് കാലങ്ങളായി വലിയ നഷ്ടം വരുത്തിവെച്ചുവെന്നും അത് പരിഹരിക്കാൻ ചർച്ചകൾക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നുമാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം. റവലൂഷനറിഗാർഡും പാരമ്പര്യ ശിയാപണ്ഡിത സമൂഹവും പ്രതിനിധീകരിക്കുന്ന ശിയാ എക്‌സ്പാൻഷനിസ്റ്റ് പോളിസിയാണ് രണ്ടാമത്തേത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ വ്യോമാക്രമണത്തിൽകൊല്ലപ്പെട്ട ഖാസിം സുലൈമാനിയായിരുന്നു രണ്ടാമത്തെ ധാരയെ ഏറ്റവും ഭംഗിയായി പ്രയോഗവൽകരിച്ചത്.

ഇറാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരാഘാതമായിരുന്നു സുലൈമാനിയുടെ കൊലപാതകം എന്നതിൽ അഭിപ്രായവ്യത്യാസമില്ല. പുരോഗമനവിഭാഗത്തിനിടയിലും പാരമ്പര്യവാദികൾക്കിടയിലും ഒരു പോലെ സ്വീകാര്യനായിരുന്നു അദ്ദേഹം. ഒരഭിപ്രായ സർവ്വേയിൽ 82 ശതമാനത്തിലധികം ആളുകളാണ് അദ്ദേഹത്തെ അനുകൂലിച്ചത്. സുലൈമാനിയുടെ സ്വീകാര്യതക്ക് പല കാരണങ്ങളുണ്ട്. ഒന്ന് യുദ്ധരംഗത്തുള്ള അദ്ദേഹത്തിന്റെ എതിരാളികൾ പോലും സമ്മതിക്കുന്ന ട്രാക്ക് റെക്കോർഡാണ്. ഒന്നാം ഗൾഫ് യുദ്ധമാണ് സുലൈമാനിയിലെ മിലിട്ടറി സ്ട്രാറ്റജിസ്റ്റിനെ വളർത്തിയത്. യുദ്ധത്തിന്റെ മുന്നണിയിൽ സൈനികർക്ക് ആവേശം നൽകി തന്ത്രങ്ങളുമായി അദ്ദേഹം നിറഞ്ഞു നിന്നു. 1979ൽ റവലൂഷനറി ഗാർഡിൽ ചേർന്ന അദ്ദേഹം 1997ൽ ഖുദ്‌സ് വിഭാഗം മേധാവിയായി ചുമതലയേറ്റു. പിന്നീടുള്ള 22 വർഷം അദ്ദേഹമായിരുന്നു ഖുദ്‌സ് ഫോഴ്‌സിനെ നയിച്ചത്. ഇറാഖിൽനിന്ന് ഐഎസിനെ പുറത്താക്കുന്നതിലും സിറിയയിൽ അസദ് ഭരണകൂടത്തെ താങ്ങി നിർത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇറാഖിലെ പ്രധാനമന്ത്രിമാരെ തീരുമാനിച്ചിരുന്നത് അദ്ദേഹമായിരുന്നു. സിറിയയിൽ അസദ് ഭരണകൂടത്തിനനുകൂലമായി റഷ്യൻ പ്രസിഡൻറ് വ്‌ലാദ്മിർ പുടിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതും ലബനാനിൽനിന്ന് ആയിരക്കണക്കിന് ഹിസ്ബുല്ല പ്രവർത്തകരെ സിറിയയിലെ യുദ്ധമുന്നണിയിലെത്തിച്ചതും സുലൈമാനിയുടെ സ്ട്രാറ്റജികളായിരുന്നു. സുലൈമാനിയുടെ സഹായമില്ലായിരുന്നുവെങ്കിൽ യമനിൽ ഹൂതികൾക്ക് അധികാരമുറപ്പിക്കാൻ സാധിക്കുമായിരുന്നില്ല. സിറിയ, യമൻ, ഇറാഖ്, ലബനാൻ എന്നീ രാജ്യങ്ങളിലായി ഇറാന്റെ നേതൃത്വത്തിലുള്ള ഒരു ശിയാ അച്ചുതണ്ട് രൂപീകരിക്കപ്പെടുന്നത് സുലൈമാനിയുടെ നേതൃത്വത്തിലാണ്. അഴിമതിയുടെ കറപുരളാത്ത അദ്ദേഹത്തെ ഇറാനികൾ അതിരറ്റു സ്‌നേഹിച്ചു. ജീവിതകാലത്തു തന്നെ വീരനായക പരിവേഷമുണ്ടായിരുന്ന അദ്ദേഹം മരണത്തോടെ മിത്തിക്കൽമാനങ്ങളുള്ള ഇതിഹാസ പുരുഷനായി മാറി. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത ജനലക്ഷങ്ങൾ അദ്ദേഹത്തിന്റെ ജനസ്വാധീനത്തിനുള്ള തെളിവാണ്.

ഖാസിം സുലൈമാനി

സുലൈമാനിയുടെ മരണം കഴിഞ്ഞ് രണ്ട് വർഷമാവുമ്പോഴേക്കും ഇറാൻ സർക്കാറിന്റെ ആഭ്യന്തര, വിദേശ നയങ്ങളിൽ യാതൊരു തരത്തിലുള്ള മാറ്റവും വന്നിട്ടില്ലെന്ന് തന്നെയാണ് മനസ്സിലാവുന്നത്. തങ്ങളുടെ ഏറ്റവും ശക്തനായ സൈനികമേധാവിയെ രാജ്യത്തിന്റെ മുഖ്യശത്രുവായ അമേരിക്ക കൊലപ്പെടുത്തിയതോടെ സർക്കാറിനു കീഴിൽ അഭിപ്രായ വ്യത്യാസം മറന്ന് ജനങ്ങൾ ഒരുമിക്കുന്ന സാഹചര്യം ഉണ്ടായി. ശിയാപണ്ഡിത നേതൃത്വവും പാരമ്പര്യവാദികളും കൂടുതൽ ശക്തിയാർജിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷകൾ നൽകിയിരുന്ന ആണവകരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിൻമാറുകയും കൂടുതൽ ഉപരോധം അടിച്ചേൽപിക്കുകയും ചെയ്തതോടെ ഭരണകൂടത്തിനു പിന്നിൽ അണിനിരക്കുകയല്ലാതെ ജനങ്ങൾക്ക് മറ്റൊരു മാർഗവും ഇല്ലാതായെന്നതാണ് മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാൻ നയത്തിന്റെ ബാക്കിപത്രം. ജോബൈഡൻ അമേരിക്കൻ പ്രസിഡൻറായതോടെ ട്രംപിന്റെ ഇറാൻ നയം പുനഃപരിശോധിക്കുമെന്ന് നിരീക്ഷകർ കരുതിയെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇറാനിലാവട്ടെ മിതവാദിയായ ഹസൻ റൂഹാനിക്ക് ശേഷം പ്രസിഡന്റായ സയ്യിദ് ഇബ്രാഹിം റഈസി കടുത്ത പാരമ്പര്യവാദിയും പാശ്ചാത്യശക്തികളുമായി വിട്ടുവീഴ്ച പാടില്ലെന്ന നിലപാടുകാരനുമാണ്. ട്രംപ് പിന്മാറിയതോടെ പ്രതിസന്ധിയിലായ ആണവകരാറിനെ പുനരുദ്ധരിക്കാനായി ഇറാനും പാശ്ചാത്യശക്തികളും വിയന്നയിൽ നടത്തുന്ന ചർച്ച വഴിമുട്ടി നില്‍ക്കുന്നു. യു.എ.ഇയടക്കമുള്ള പ്രബല അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതും കൂട്ടിവായിക്കേണ്ടതാണ്. ഇതെല്ലാം ഇറാന്റെ വിദേശനയങ്ങളെ കാര്യമായി സ്വാധീനിക്കും.

Writer - ubaid

contributor

Editor - ubaid

contributor

By - ബിശ്‍ര്‍ മുഹമ്മദ്

contributor

Similar News