തുടങ്ങിയത് മൻമോഹൻ, തുറന്നുവിട്ടത് മോദി; ഇന്ത്യ ചീറ്റകളെ വാങ്ങുന്നത് എന്തിനാണ്?
1972 ല്‍ ഇന്ത്യ വിജയകരമായി പ്രൊജക്ട് ടൈഗര്‍ നടപ്പാക്കിയിരുന്നു
ആഫ്രിക്കൻ രാഷ്ട്രമായ നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നുവിട്ടിരിക്കുകയാണ്. 1952ൽ രാജ്യത്തുനിന്ന് അപ്രത്യക്ഷമായ ചീറ്റകൾ ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ മണ്ണു തൊടുന്നത്. എട്ടു ചീറ്റകളാണ് ആഫ്രിക്കൻ രാഷ്ട്രത്തിൽനിന്ന് ഇന്ത്യയിലെത്തിയത്. ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തിച്ച ഇവയെ കുനോയിലേക്ക് ഹെലികോപ്ടർ വഴിയാണ് കൊണ്ടുവന്നത്. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടത്. അഞ്ചു വർഷം കൊണ്ട് അമ്പത് ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് സർക്കാറിന്റെ ശ്രമം. 2009ൽ ആരംഭിച്ച പ്രൊജക്ട് ചീറ്റ പ്രകാരമാണ് ബിഗ് കാറ്റുകളെ ഇന്ത്യയിലെത്തിക്കുന്നത്.
ഇത്രയും കൂടുതൽ വന്യമൃഗങ്ങളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലെത്തിക്കുന്നത് ആദ്യമാണെന്ന് കരുതപ്പെടുന്നു. 'ഇത് വെല്ലുവിളി നിറഞ്ഞതാണ്. നഷ്ടപ്പെട്ട നിധി തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. ഇന്ത്യൻ തൊപ്പിയിലെ പൊൻതൂവലാണിത്' എന്നാണ് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡീൻ യാദവേന്ദ്ര ദേവ് ഝല അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പ്രതികരിച്ചത്.
കരയിലെ ഏറ്റവും വേഗമേറിയ ജീവിയായ ഈ ബിഗ് കാറ്റുകളെ എന്തിനാണ് ഇന്ത്യയിലെത്തിക്കുന്നത്. അതിനു പിന്നിൽ രാജ്യത്തിന്റെ താത്പര്യമെന്താണ്?
വരുന്നത് എവിടെ നിന്ന്?
ലോകത്ത് ആകെയുള്ള ഏഴായിരത്തോളം ചീറ്റകളുടെ മൂന്നിലൊന്നും വസിക്കുന്ന നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് ബിഗ് കാറ്റുകൾ ഇന്ത്യയിലെത്തുന്നത്. ലോകത്തെ മൊത്തം ചീറ്റകളിൽ പകുതിയും ഈ രണ്ട് രാഷ്ട്രങ്ങളിലും സതേൺ ആഫ്രിക്കൻ രാഷ്ട്രമായ ബോട്‌സ്വാനയിലുമാണ്.
ദക്ഷിണാഫ്രിക്കയിൽ ഇവ മൂന്നു സ്ഥലങ്ങളിലാണ് കാണപ്പെടുന്നത്. ഒന്ന്: സംരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ. ഇവയുടെ എണ്ണം താരതമ്യേന കുറവാണ്. രണ്ട്: ദേശീയ ഉദ്യാനങ്ങൾ. എണ്ണത്തിൽ കൂടുതൽ ഇവയാണ്. മൂന്ന്: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സംരക്ഷിത റിസർവുകളിൽ.
നമീബിയൻ തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ നിന്ന് ബോയിങ് 747 വിമാനത്തിലാണ് ചീറ്റകളെ ഗ്വാളിയോറിലെത്തിച്ചത്. തുടർച്ചയായി പതിനൊന്നു മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം ഇന്ത്യയിലെത്തിയത്.
യുപിഎ ഗവൺമെന്റ് ആരംഭിച്ച പദ്ധതി
സ്വിറ്റ്‌സർലാൻഡിലെ ഗ്ലാൻഡ് ആസ്ഥാനമായ ആഗോള പ്രകൃതി സംരക്ഷണ സംഘടന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ (ഐയുസിഎൻ) മാർഗനിർദേശ പ്രകാരം 2009ലാണ് ഇന്ത്യ പ്രൊജക്ട് ചീറ്റ ആരംഭിച്ചത്. 1972ൽ വിജയകരമായി നടപ്പാക്കിയ പ്രൊജക്ട് ടൈഗറായിരുന്നു ഇതിന് പ്രചോദനമായത്. അന്നത്തെ വനം-പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്. ഇതിനായി 2010 ഏപ്രിലിൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ചീറ്റ ഔട്ട്‌റീച്ച് സെന്റർ സന്ദർശനം നടത്തിയിരുന്നു.
2013ൽ ചീറ്റ റി ഇൻഡ്രൊഡക്ഷൻ പദ്ധതി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. 2020ൽ സ്‌റ്റേ നീക്കിയതോടെ പദ്ധതിക്ക് വേഗം കൈവന്നു. ചീറ്റകളെ റീ ലൊക്കേറ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രമല്ല ഇന്ത്യ. അഞ്ചു വർഷം മുമ്പ് കിഴക്കൻ ആഫ്രിക്കൻ രാഷ്ട്രമായ മലാവി ഏഴു ചീറ്റകളെ പുനരധിവസിപ്പിച്ചിരുന്നു.
എന്നാൽ, ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഫലപ്രദമായ ഒരു നീക്കവും പതിറ്റാണ്ടുകളായി ഉണ്ടായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഇന്ത്യയെ സംബന്ധിച്ച് ഇത് ചരിത്രനിമിഷമാണ്. ചീറ്റകളെ പരിപാലിക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും. സമ്പദ് വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഇന്ത്യ ശക്തമായ സന്ദേശം നൽകുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
ചീറ്റകൾക്ക് എന്താണ് വേണ്ടത്?
ഓരോ മൂന്നു ദിവസം കൂടുമ്പോഴും 15 കിലോയോളം ഇറച്ചിയാണ് ഒരു ചീറ്റയ്ക്ക് വേണ്ടത്. വലിയ വലുപ്പമില്ലാത്ത കൃഷ്ണമൃഗങ്ങളാണ് ഇവയുടെ ഇഷ്ടഭക്ഷണം. എന്നാൽ കാട്ടുപന്നികളെയാണ് ഇവർക്ക് തിന്നാൻ കൊടുക്കുന്നത്. ഛർദ്ദി അടക്കമുള്ള അസുഖങ്ങൾക്ക് സാധ്യതയുള്ളതു കൊണ്ട് നമീബിയയിൽ നിന്നു വന്ന ചീറ്റകൾക്ക് യാത്രയ്ക്കിടെ ഭക്ഷണം നൽകിയിരുന്നില്ല.
ക്വാറന്റൈനിൽ
കുനോ ദേശീയ ഉദ്യാനത്തിലെ വേലി കെട്ടിത്തിരിച്ച സ്ഥലത്ത് ക്വാറന്റൈനിലാണ് ഇപ്പോൾ ചീറ്റകളുള്ളത്. മുപ്പത് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാകും ഇവയെ കാട്ടിലേക്ക് തുറന്നുവിടുക. കാടുകളിലെ വരണ്ട പ്രദേശങ്ങളാണ് ചീറ്റകളുടെ ആവാസ കേന്ദ്രം. കത്യാവാർ-ഗിർ കാടുകളെ കുനോ-പാൽപൂർ ദേശീയ ഉദ്യാനം അത്തരത്തിലുള്ളതാണ്. അതുകൊണ്ടാണ് ഇവയെ കുനോയിൽ തുറന്നുവിടുന്നത്. വിന്ധ്യ ഹിൽസിന്റെ ദക്ഷിണ ഭാഗത്തോട് ചേർന്നു കിടക്കുന്ന മധ്യപ്രദേശിലെ നൗറാദേഹിയിലും രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഷാഗഡിലെ ദേശീയോദ്യാനവും ചീറ്റകൾക്ക് അനുയോജ്യമാണ്. ഈ ഉദ്യാനങ്ങളിലാകും അടുത്ത ചീറ്റകളെ തുറന്നുവിടുക എന്നാണ് കരുതപ്പെടുന്നത്.