എവിടെ ഇമ്രാൻ ഖാന്റെ ആ ഫൈറ്റിങ് സ്പിരിറ്റ്?

ഇസ്‌ലാമിനെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ഇമ്രാന്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര രംഗത്ത് അദ്ദേഹത്തിന് ഈ കരിസ്മ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

Update: 2022-04-05 09:42 GMT
Advertising

1993 നവംബറിലാണെന്നാണ് ഓര്‍മ. അന്നാണ് ഇമ്രാന്‍ ഖാനെ നേരില്‍ കാണുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്റീസും പാക്കിസ്താനും തമ്മിലുള്ള പെപ്സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലേക്ക് പൊടുന്നനെയാണ് പ്രസ് ഗ്യാലറിയില്‍ ഇമ്രാന്‍ പ്രത്യക്ഷപ്പെട്ടത്. പാക്കിസ്ഥാന്‍ ടീമംഗമായല്ല, പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു ഇമ്രാന്‍ ഖാന്‍. 'ദി ഹിന്ദു'വിന്റെ ക്രിക്കറ്റ് കറസ്പോണ്ടന്റായിരുന്ന ആര്‍. മോഹന്‍ ഉള്‍പ്പെടെ അദ്ദേഹത്തിന് പരിചയമുള്ളവരും അന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്നു. ചെറിയൊരു പരിചയപ്പെടലിലും കുശലം പറച്ചിലിലും അതവസാനിച്ചു. 

1992 മാര്‍ച്ച് 25ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ലോക കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ചരിത്രത്തില്‍ ആദ്യമായി പാക്കിസ്ഥാന് ലോകകപ്പ് സമ്മാനിച്ച് ക്രിക്കറ്റ് ജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ച ശേഷം താന്‍ പല തവണ കളിച്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഇമ്രാന്‍ ഖാന്റെ ആദ്യ വരവായിരുന്നു അത്.

പ്രസ്തുത ലോക കപ്പ് മല്‍സരങ്ങള്‍ ഒന്നൊഴിയാതെ ടെലിവിഷനില്‍ കണ്ടും വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ വായിച്ചും ദിവസവും സ്പോര്‍ട്സ് പേജില്‍ സ്റ്റോറികള്‍ തയ്യാറാക്കിയിരുന്ന എനിക്ക് ഇമ്രാന്റെ നിശ്ചയദാര്‍ഢ്യം ബോധ്യപ്പെട്ടത് എം.സി.ജിയില്‍ അദ്ദേഹം കപ്പ് ഉയര്‍ത്തിയപ്പോഴാണ്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ വെസ്റ്റ് ഇന്റീസ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകളോട് പരാജയപ്പെട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ ടൂര്‍ണമെന്റില്‍നിന്ന് പുറത്താകുമെന്ന് കരുതിയിരുന്ന ഒരു ടീം ലോകകപ്പ് നേടുകയെന്നത് വലിയൊരു സംഭവമാണ്. ഇമ്രാന്‍ ഖാന്റെ ഫൈറ്റിംഗ് സ്പിരിറ്റ് ടീമംഗങ്ങള്‍ക്ക് നല്‍കിയ പ്രചോദനമായിരുന്നു ആ വിജയത്തിനു പിന്നില്‍. 

ലോകകപ്പുമായി ഇമ്രാന്‍ ഖാന്‍

ഓസ്ട്രേലിയയുമായുള്ള നിര്‍ണായക മല്‍സരത്തിന് ടോസ് ചെയ്യാന്‍ ആതിഥേയ നായകന്‍ അലന്‍ ബോര്‍ഡര്‍ക്കൊപ്പം ഗ്രൗണ്ടിലെത്തിയ ഇമ്രാന്‍ ഖാന്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ ഒരു കടുവയുടെ ചിത്രമുണ്ടായിരുന്നു. ടോസ് വിജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇമ്രാനോട് ടീ ഷര്‍ട്ടിനെപ്പറ്റി ചോദിച്ച കമന്റേറ്ററും മുന്‍ ഓസീസ് നായകനുമായിരുന്ന ഇയാന്‍ ചാപ്പലിനോട് പാകിസ്ഥാന്‍ നായകന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അതു തന്നെയായിരുന്നു ഞാന്‍ അലനോട് (ബോര്‍ഡര്‍) പറഞ്ഞുകൊണ്ടിരുന്നത്. എന്റെ ടീം 'കോര്‍ണേര്‍ഡ് ടൈഗറി'നെപ്പോലെ കളിക്കണമെന്ന്'! ചുറ്റിലും വലയം തീര്‍ത്ത ശത്രുക്കളെ നേരിടുന്ന കടുവയുടെ നിലപാട് സ്വീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് തന്റെ ടീമെന്നും എന്തു വിലകൊടുത്തും അടുത്ത മല്‍സങ്ങളെല്ലാം ജയിക്കണമെന്നുമാണ് ഇമ്രാന്‍ ഉദ്ദേശിച്ചത്. ഇമ്രാന്‍ ഖാന്‍ എന്ന ക്യാപ്റ്റന്‍ അതു സാധിച്ചു. തുടര്‍ന്നുള്ള മല്‍സരങ്ങളെല്ലാം ജയിച്ച് ലോകകപ്പ് പാക്കിസ്ഥാന് നേടിക്കൊടുത്തു. 

ഈയിടെ എ.ആര്‍.വൈ ചാനലില്‍ ഇമ്രാന്റെ ദീര്‍ഘമായ അഭിമുഖമുണ്ടായിരുന്നു. ആശിച്ചതെല്ലാം കഠിനാധ്വാനത്തിലൂടെ താന്‍ നേടിയെന്ന് അദ്ദേഹം പറയുന്നു. അധികാരം ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ ദൈവം നല്‍കുന്ന അവസരമാണെന്നും അനര്‍ഹമായ കരങ്ങളിലാണ് അത് ചെന്നെത്തുന്നതെങ്കില്‍ അത് തിരിച്ചെടുക്കപ്പെടും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പിതാവിനൊപ്പം ക്രിക്കറ്റ് മല്‍സരം കാണാന്‍ പോയപ്പോള്‍ ഭാവിയില്‍ ഒരു ക്രിക്കറ്റ് കളിക്കാരനാകണമെന്ന് ആഗ്രഹിച്ചത് പില്‍ക്കാലത്ത് യാഥാര്‍ഥ്യമായതും പാക്കിസ്താന്റെ മികച്ച ഓള്‍ റൗണ്ടര്‍ ആകണമെന്ന സ്വപ്നം സാക്ഷാല്‍കരിച്ചതും ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറിയതും ഒടുവില്‍ പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്തതുമൊക്കെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലമാണെന്ന് ഇമ്രാന്‍ വ്യക്തമാക്കുന്നു. ക്രിക്കറ്റില്‍നിന്ന് വിരമിച്ചപ്പോള്‍ ഉമ്മയുടെ സ്മാരകമായി കാന്‍സര്‍ ആശുപത്രി യാഥാര്‍ഥ്യമാക്കിയതും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.റ്റി.ഐ) രൂപീകരിച്ച ശേഷം സ്വകാര്യ സര്‍വ്വകലാശാല യാഥാര്‍ഥ്യമാക്കിയതും 22 വര്‍ഷം കൊണ്ട് പാര്‍ട്ടിക്ക് രാജ്യഭരണം ലഭിച്ചതുമൊക്കെ നേട്ടങ്ങളായി ഇമ്രാന്‍ അവകാശപ്പെടുന്നു.

എന്നാല്‍, പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ നേരിടാന്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ നീക്കങ്ങള്‍ ഗൂഗ്‌ളിയും യോര്‍ക്കറുമല്ല, ഇത്രയും കാലം താന്‍ ഉയര്‍ത്തിപ്പിടിച്ച ഫൈറ്റിംഗ് സ്പിരിറ്റ് അടിയറ വെക്കുന്ന നീക്കമായി മാറിയോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. പോരാടുന്ന പഴയ കോര്‍ണേര്‍ഡ് ടൈഗറിനെയല്ല നമ്മള്‍ അവിടെ കണ്ടത്.

2018ല്‍ സൈന്യത്തിന്റെ സഹായത്താലാണ് ഇമ്രാന്റെ പാര്‍ട്ടി അധികാരത്തിലെത്തിയതെന്ന് എതിരാളികള്‍ ആരോപിക്കുമ്പോഴും മറുപക്ഷത്തുള്ള അഴിമതി വീരന്മാരില്‍നിന്ന് ഒരു പരിധി വരെ വ്യത്യസ്തമായ ഭരണം കാഴ്ചവെക്കാന്‍ ഇമ്രാന്‍ ഖാന് തുടക്കത്തില്‍ കഴിഞ്ഞിരുന്നു. അഴിമതി മുച്ചൂടൂം തുടച്ചുമാറ്റിയെന്നല്ല, 'മിസ്റ്റര്‍ ടെന്‍ പെര്‍സന്റുമാര്‍' ഭരണം കയ്യാളിയിരുന്ന ഒരു രാജ്യത്തെ ഒറ്റയടിക്ക് മാറ്റിയെടുക്കാന്‍ കഴിയില്ലല്ലോ. ഇമ്രാന്‍ ഖാനെതിരെ വ്യക്തിപരമായി അഴിമതി ആരോപണം ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. വിദേശ റിസര്‍വ് 1800 കോടി ഡോളറില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 2900 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. അഴിമതി വിരുദ്ധനെന്ന ഇമ്രാന്‍ ഖാന്റെ പ്രതിഛായയാണ് പ്രവാസികളെ ഇതിന് പ്രേരിപ്പിച്ചത്. പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഗവണ്‍മെന്റ് കാര്യമായ സഹായ സഹകരണങ്ങള്‍ നല്‍കുകയുണ്ടായി. കോവിഡ് കാലത്ത് രാജ്യം മുഴുവന്‍ അടച്ചിടുന്നതിനു പകരം സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാറിന്റെ തീരുമാനം നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടെ പല പ്രമുഖ വ്യവസായങ്ങളെയും വലിയ പതനത്തില്‍നിന്ന് രക്ഷിച്ചു.

അതേസമയം, രാജ്യത്തെ ഐ.എം.എഫിനും ലോകബാങ്കിനും പണയം വെച്ച ഭരണമാണ് കഴിഞ്ഞ മൂന്നര വര്‍ഷം ഇമ്രാന്റെ കീഴില്‍ സംഭവിച്ചത്. ഐ.എം.എഫ് നിഷ്‌കര്‍ഷിച്ച സാമ്പത്തിക നയങ്ങള്‍ പിന്തുടരുക വഴി ജനജീവിതം ദുസ്സഹമായി. ഒരു കോടി തൊഴിലുകള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പി.റ്റി.ഐ സര്‍ക്കാറിന് അതിന്റെ അഞ്ചു ശതമാനം പോലും നല്‍കാനായില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്വന്തം പാര്‍ട്ടിയിലെ എം.പിമാര്‍ കളം മാറിച്ചവിട്ടിയതിനു പിന്നില്‍ ഇമ്രാന്‍ ആരോപിക്കുന്നതുപോലെ സ്ഥാപിത താല്‍പര്യങ്ങള്‍ മാത്രമല്ല, ഭരണ രംഗത്തെ കെടുകാര്യസ്ഥതയും കാരണമാണ്.

ഇസ്‌ലാമിനെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ഇമ്രാന്‍ വിജയിച്ചിട്ടുണ്ട്. യു.എന്നില്‍ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ നടത്തുന്നതിലും മറ്റേതൊരു മുസ്ലിം ഭരണാധികാരിയേക്കാള്‍ കരിസ്മ അവകാശപ്പെടാനും ഇമ്രാന് കഴിഞ്ഞു. ലോകത്ത് വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ വാര്‍ഷിക ദിനാചരണത്തിന് യു.എന്നിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനു പിന്നിലും ഇമ്രാന്റെ നീക്കങ്ങള്‍ തന്നെയാണ്. എന്നാല്‍, ആഭ്യന്തര രംഗത്ത് അദ്ദേഹത്തിന് ഈ കരിസ്മ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

അമേരിക്കന്‍ ഇടപെടല്‍?

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ശ്രമങ്ങള്‍ നടത്തുകയും അതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടുചേര്‍ന്നുവെന്നും ഒരു കത്ത് ഉയര്‍ത്തിക്കാട്ടി ഇമ്രാന്‍ ആരോപിച്ചിരുന്നു. അമേരിക്കയും പ്രതിപക്ഷ പാര്‍ട്ടികളും അത് നിഷേധിക്കുകയുണ്ടായി. ഇമ്രാനാവട്ടെ, വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായതുമില്ല. ആദ്യം അമേരിക്കയാണെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ, ഒരു വിദേശരാജ്യമെന്ന് തിരുത്തിപ്പറഞ്ഞു. അവ്വിധം പുകമറ സൃഷ്ടിച്ച ഇമ്രാന്റെ നിലപാടില്‍ പലരും സംശയം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, ഇത്തരമൊരു ഭീഷണിക്കത്ത് അയച്ചത് ദക്ഷിണ-മധ്യേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡോണള്‍ഡ് ലൂ ആണെന്നും പാക്കിസ്ഥാന്റെ അമേരിക്കയിലെ സ്ഥാനപതി അസദ് മജീദ് വഴിയാണ് കത്ത് കൈമാറിയതെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് 'ഡോണ്‍' ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. തന്റെ പാര്‍ട്ടിയിലെ വിമതര്‍ നിരന്തരമായി ഇസ്ലാമാബാദിലെ യു.എസ് എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നുണ്ട്.

ബൈഡന്‍ സ്ഥാനമേറ്റശേഷം പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ഊഷ്മളത കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഉഭയകക്ഷി ബന്ധത്തിന്റെ തോത് കുറയ്ക്കുന്ന വിവരം ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇസ്ലാമാബാദ് സന്ദര്‍ശനവേളയില്‍ യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെന്റി ഷെര്‍മാന്‍ തന്നെ നേരിട്ട് വ്യക്തമാക്കിയതാണ്. ഇത് ഇമ്രാന്‍ ഖാനെ ചൊടിപ്പിച്ചിരുന്നു.

ഇമ്രാന്റെ ആരോപണത്തെ അങ്ങനെയങ്ങ് തള്ളാനാവില്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ അമേരിക്ക കൂട്ടുനിന്നതിന്റെ എത്രയോ തെളിവുകള്‍ മുന്നിലുണ്ട്. 1953ല്‍ ഇറാനില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുസദ്ദിഖിന്റെ സര്‍ക്കാറിനെ അട്ടിമറിച്ചതു മുതല്‍ തുടങ്ങാം. ഷാ മുഹമ്മദ് റിസാ പഹ് ലവിയുടെ രാജഭരണത്തെ നിലനിര്‍ത്തുന്നതിലൂടെ മാത്രമേ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാവൂവെന്ന തിരിച്ചറിവാണല്ലോ സി.ഐ.എയുടെ അട്ടിമറിക്കു പിന്നില്‍. പിന്നീട് 1979ല്‍ ആയ്യത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ വിപ്ലവത്തെയും തകര്‍ക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും അമ്പേ പരാജയപ്പെട്ടു. അന്നു മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഇറാന് 'വലിയ സാത്താനാ'ണ്. 


എഴുപതുകളുടെ അന്ത്യത്തില്‍ സോവിയറ്റ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ അഫ്ഗാന്‍ പോരാളികള്‍ക്ക് ആയുധം നല്‍കിയ അമേരിക്ക, തങ്ങളുടെ ഇംഗിതം നടക്കില്ലെന്നായപ്പോള്‍ അവര്‍ക്കെതിരെ നീങ്ങിയത്, ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെക്കുറിച്ച് വിവരം അറഞ്ഞിട്ടും സദ്ദാം ഹുസൈനെ തടയാതിരുന്നത്, അല്‍ജീരിയയില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് അധികാരത്തിലെത്തുമെന്ന് ഉറപ്പായപ്പോള്‍ സൈന്യത്തെക്കൊണ്ട് അട്ടിമറി നടത്തിയ ആ നാട്ടിനെ കുട്ടിച്ചോറാക്കിയത്, സോമാലിയയില്‍ അധിനിവേശം നടത്താന്‍ ശ്രമിച്ച് നാണംകെട്ട് പിന്‍മാറേണ്ടി വന്നത്, ഫലസ്ത്വീനില്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് തങ്ങളുടെ വാലാട്ടികളല്ലാത്ത ഹമാസ് എന്നറിഞ്ഞതോടെ പ്രസ്തുത സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്...ഇത് വലിയൊരു പരമ്പരയാണ്.

ഒളിച്ചോട്ടമോ?

അവിശ്വാസ പ്രമേയത്തിനു പിന്നില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ ഉണ്ടായെന്ന് ദേശീയ സുരക്ഷാ കൗണ്‍സിലിന് ബോധ്യപ്പെടുകയും അത്തരം നീക്കങ്ങളെ ശക്തിയായ ഭാഷയില്‍ അപലപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിന്റെ പ്രസക്തി ഇല്ലാതായെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ നിലപാട്. ഇതു തന്നെയാണ് അവിശ്വാസ പ്രമേയം തള്ളുന്നതിന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞ ന്യായം. പിന്നാലെ, ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ ഉത്തരവിറക്കുകയും ചെയ്തു.

അവിശ്വാസ പ്രമേയം നേരിടാതെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകവഴി ഇമ്രാന്‍ ഒളിച്ചോടുകയായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍, പ്രധാന മന്ത്രിക്കസേര സ്വപ്നം കണ്ട് ഗൂഢാലോചന മെനഞ്ഞ പി.എം.എല്‍ നേതാവ് ഷഹബാസ് ശരീഫിന് കനത്ത ആഘാതമേല്‍പിക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ഇരു വിഭാഗവും പരസ്പരം ആരോപിക്കുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിര്‍ണായകമായിരിക്കും. നാല് സാധ്യതകളാണ് കോടതിയില്‍നിന്ന് പ്രതീക്ഷിക്കാവുന്നത്.

1.ഇമ്രാന്‍ ഖാന്റെ നടപടി കോടതി ശരിവെക്കും. അതിനര്‍ഥം, നേരത്തെ നിശ്ചയിച്ചതനുസരിച്ച് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. ഇമ്രാന്‍ ഖാന് രാഷ് ട്രീയപരമായി വലിയ വിജയമായിരിക്കും ഇത്തരമൊരു വിധി. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്താന്‍ അത് സഹായകമാകും.

2. അവിശ്വാസ പ്രമേയം റദ്ദാക്കി ഇലക് ഷന്‍ പ്രഖ്യാപിച്ച ഇമ്രാന്റെ നടപടി കോടതി റദ്ദാക്കും. അങ്ങനെ വരുമ്പോള്‍ ദേശീയ അസംബ്ലിയുടെ അധോസഭ പുനഃസ്ഥാപിക്കപ്പെടുകയും ഇമ്രാനെതിരായ അവിശ്വസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുകയും ചെയ്യും. സ്വാഭാവികമായും ഇമ്രാന്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷം തങ്ങളുടെ ഭാഗത്തുനിന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന് 2023 ഓഗസ്റ്റ് വരെ അധികാരത്തില്‍ തുടരാനുള്ള മാന്‍ഡേറ്റ് ലഭിക്കുകയും ചെയ്യും. നേരത്തെയുള്ള തെരഞ്ഞെടുപ്പിന് തങ്ങള്‍ അനുകൂലമാണെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും ഇമ്രാന്‍ ഖാനെ പാര്‍ലമെന്റിലെ ഫ്ളോറില്‍ പരാജയപ്പെടുത്തുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം. ഇമ്രാന്‍ ഖാന് എതിരെ കോടതി വിധിയുണ്ടായാല്‍ ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ച് പുതിയ നിയമ നടപടികള്‍ക്ക് വഴിതുറക്കാനും അത് ഇടവരുത്തും. 2012ലും 2017ലും രണ്ട് മുന്‍ പ്രധാന മന്ത്രിമാര്‍ക്ക് സംഭവിച്ചതു പോലെ ഭാവി തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യത കല്‍പിക്കുന്നതിലേക്ക് വരെ അത് ചെന്നെത്തിക്കൂടായ്കയില്ല. 

യുഎന്നില്‍ സംസാരിക്കുന്ന ഇമ്രാന്‍ ഖാന്‍


3. ഇമ്രാന്റെ നടപടി നിയമവിരുദ്ധമെങ്കിലും പുതിയ തെരഞ്ഞെടുപ്പിനുള്ള പ്രക്രിയ ആരംഭിച്ച സ്ഥിതിക്ക് അതുമായി മുന്നോട്ട് പോകാന്‍ കോടതി വിധിക്കും. ഇത്തരമൊരു വിധി വന്നാല്‍ കാര്യമായ പരിക്കേല്‍ക്കാതെ ഇമ്രാന് രക്ഷപ്പെടാം.

4. കോടതി വിഷയത്തില്‍ ഇടപെടാതിരിക്കാം. പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ കോടതി നേരിട്ട് ഇടപെടുന്നത് വിലക്കുന്ന ഭരണഘടനാപരമായ ചില വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഭരണഘടനയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടങ്ങളില്‍ കോടതി മുമ്പ് ഇടപെട്ടിട്ടുണ്ട്. കോടതി ഇടപെട്ടില്ലെങ്കില്‍ അത് ഇമ്രാന്‍ ഖാന്റെ നിലപാടിന് അംഗീകാരമായി വ്യാഖ്യാനിക്കാം.

എഴുപത്തഞ്ചു വര്‍ഷത്തെ പാക്കിസ്ഥാന്റെ ചരിത്രത്തില്‍ 33 വര്‍ഷവും സൈന്യത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നു രാജ്യം. 1958, 1977, 1999 എന്നീ വര്‍ഷങ്ങളില്‍ രാഷ് ട്രീയ അസ്ഥിരത ഉണ്ടായപ്പോഴൊക്കെ സൈന്യം ബാരക്കില്‍നിന്ന് പുറത്തുവന്നതാണ് അനുഭവം. ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെടില്ലെന്ന് ഉയര്‍ന്ന ജനറല്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത്തരമൊരു സാഹചര്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കാനുമാവില്ല - വിശിഷ്യാ, ആഭ്യന്തര കലാപത്തിലേക്ക് രാജ്യം എടുത്തെറിയപ്പെടുകയാണെങ്കില്‍. 

Tags:    

Writer - abs

contributor

Editor - abs

contributor

By - പി.കെ നിയാസ്

contributor

Similar News