വിവാഹപ്രായം ഉയർത്തുന്നത് പുരുഷാധിപത്യത്തെ ശക്തിപ്പെടുത്താനേ സഹായിക്കൂ
വിവാഹപ്രായം വർധിപ്പിച്ച് സ്ത്രീശാക്തീകരണം നടത്തുമെന്നത് സർക്കാറിന്റെ പൊള്ളയായ വാഗ്ദാനം
പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കാനുള്ള സർക്കാർ നീക്കത്തെ രാജ്യത്തെ ഒട്ടുമിക്ക സ്ത്രീസംഘടനകളും എതിർക്കുകയാണിപ്പോൾ. സ്ത്രീശാക്തീകരണത്തിന്റെ അളവുകോലെന്നാണ് ഈ നീക്കത്തെ കൊട്ടിഘോഷിക്കുന്നുവെന്നാണ് ഇതിന്റെ വിരോധാഭാസം. വിവാഹപ്രായം ഉയർത്താനുള്ള സർക്കാരിന്റെ ഉദ്ദേശ്യം 2020 ആഗസ്റ്റ് 15 ന് തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. കൂടാതെ ഇതിന്റെ മുന്നോട്ടുള്ള കാര്യങ്ങളും പുരോഗതിയും പരിശോധിക്കാൻ കമ്മിറ്റിയും ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ടെന്നും അന്ന് കേന്ദ്രം അറിയിച്ചിരുന്നു.
പെൺമക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് സർക്കാർ നിരന്തരം ശ്രദ്ധപുലർത്തുന്നുണ്ട്. പോഷകാഹാരക്കുറവിൽ നിന്ന് നമ്മുടെ പെൺമക്കളെ രക്ഷിക്കാൻ അവർ ശരിയായ പ്രായത്തിൽ വിവാഹിതരാകേണ്ടത് ആവശ്യമാണ്. ഇതുവഴി പെൺകുട്ടികളെയും യുവതികളെയും ശാക്തീകരിക്കുകയും അവരുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുകയും ശിശു-മാതൃനിരക്ക് കുറക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നുമായിരുന്നു അന്നത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നത്.
2020 സെപ്തംബറിൽ ഗുജറാത്തിലെ താഴേത്തട്ടിലുള്ള നിരവധി വനിത സംഘടനകൾ ഈ നീക്കത്തെ എതിർത്ത് മുന്നോട്ട് വന്നിരുന്നു. സംസ്ഥാന സർക്കാരിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചുകൊണ്ടാണ് അവർ എതിർപ്പ് പ്രകടിപ്പിച്ചത്. ''സ്ത്രീ ശാക്തീകരണത്തിനായി തയ്യാറാക്കുന്ന ഒരു നിയമ ചട്ടക്കൂടിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, വിവാഹമോ വിവാഹപ്രായമോ അതിന്റെ പ്രാഥമിക പരിഗണനയായി വരരുത്. ഇത് വരുമെന്ന് ഘോഷിക്കുന്ന മാറ്റത്തിന്റെ വ്യാപ്തിയെ നാടകീയമായി ചുരുക്കുകയാണ് ചെയ്യുകയാണെന്നും മെമ്മോറാണ്ടത്തിൽ അവർ ചൂണ്ടിക്കാട്ടി.
അതുപോലെ ടാസ്‌ക് ഫോഴ്‌സിന് മറുപടിയായി രൂപീകരിച്ച 'യംഗ് വോയ്‌സ്: നാഷണൽ വർക്കിംഗ് ഗ്രൂപ്പ്' 2020 ജൂലൈ 25 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ഈ നീക്കത്തെ ശക്തമായി തന്നെ എതിർത്തിരുന്നു. 15 സംസ്ഥാനങ്ങളിലായി ഏകദേശം 2,500 കൗമാരക്കാരിലായി നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്. 'സ്ത്രീകളുടെ ശാക്തീകരണത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കപ്പെടാത്തിടത്തോളം കാലം വിവാഹപ്രായം വർധിക്കുന്നത് ഒന്നുകിൽ ദോഷം ചെയ്യും, അതെല്ലെങ്കിൽ അതുകൊണ്ടൊരു പ്രയോജനവുമുണ്ടാകില്ല.'
സിവിൽ സൊസൈറ്റി സംഘടനകള്‍ ചൂണ്ടിക്കാണിച്ചതുപോലെ, പുരുഷാധിപത്യം ആഴത്തിൽ വേരൂന്നിയ ഒരു സമൂഹത്തിനുള്ളിൽ ഈ നിയമം വരുമ്പോൾ പെൺകുട്ടികളുടെ സ്വയംഭരണാധികാരവും അവരുടെ ലൈംഗിക തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് സാധിക്കുമെന്ന വസ്തുത കാണാതിരിക്കാനാവില്ല. പൊലീസും വെൽഫെയർ ഓഫീസർമാരടക്കമുള്ള ഭരണാധികാരികളുടെയും ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നതും വിസ്മരിക്കാനാവില്ല.
സ്ത്രീകൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങളുണ്ടാകുന്നതിനും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് 1978 ൽ വിവാഹപ്രായം 16 ൽ നിന്ന് 18 ആക്കി ഉയർത്തിയത്. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം 40 വർഷങ്ങൾക്ക് ശേഷവും ശൈശവ വിവാഹങ്ങളുടെ നിരക്ക് 23 ശതമാനമായി വർധിച്ചിരിക്കുന്നുവെന്ന ദയനീയമായ വസ്തുതയാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
പിന്നാക്ക, ദാരിദ്ര്യ ബാധിത പ്രദേശങ്ങളിലെ പെൺകുട്ടികൾക്ക് മെച്ചപ്പെട്ട അവസരമൊരുക്കുന്നതിനും ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിലും സർക്കാർ പരാജയപ്പെടുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സ്ത്രീകളോടുള്ള യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവുമായ മനോഭാവവും ഇനിയും സമൂഹം മാറ്റിയിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് വിവാഹപ്രായം 18ൽ നിന്ന് 21 ആക്കുന്നതിലൂടെ സ്ത്രീശാക്തീകരണം സാധ്യമാകുമെന്ന് സർക്കാർ അവകാശപ്പെടുന്നത്. നേരെമറിച്ച് ഇത് പ്രായപൂർത്തിയാകാത്ത വിവാഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കുകയും കൂടുതൽ യുവാക്കളെ ക്രിമിനൽ കുറ്റത്തിന് പ്രേരിപ്പിക്കുയും ചെയ്യുമെന്നാണ് വാസ്തവം.
പെൺകുട്ടികൾക്ക് സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പ്രവേശനം വർധിപ്പിക്കുക, ദൂരയുള്ള പ്രദേശങ്ങളിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനത്തിലേക്കെത്താനുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കുക, സ്‌കൂളിൽ നൈപുണ്യ-വ്യവസായ പരിശീലനവും ലൈംഗിക വിദ്യാഭ്യാസം നൽകുക തുടങ്ങിയവ ഉറപ്പാക്കണമെന്ന് ടാസ്‌ക് ഫോഴ്‌സ് തന്നെ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുന്നതിനുള്ള മുൻകരുതലുകളായിരിക്കണം ഈ നടപടികളെന്നും ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇതൊന്നും ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു നിയമം കൊണ്ടുവന്നിട്ടും ഫലമുണ്ടാകില്ല.
തീർത്തും ദാരിദ്ര്യപൂർണമായ ചുറ്റുപാടുകളിൽ നിന്നുള്ള ധാരാളം പെൺകുട്ടികൾ സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നുണ്ട്. കൂടാതെ, ഇതുവരെ സ്‌കൂളിൽ പോയിട്ടില്ലാത്ത വലിയൊരു വിഭാഗം പെൺകുട്ടികളും നമുക്കിടയിലുണ്ട്. ദാരിദ്ര്യമാണ് ഈ രണ്ടു സംഭവത്തിലെയും പ്രധാന കാരണമായി നിൽക്കുന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ ഈ സ്ഥിതി കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നു.ഇത്രയും കയ്പ്പേറിയ പ്രശ്നങ്ങൾ നമ്മുടെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. ഓരോ കുട്ടിക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രീകൃത പരിപാടികളും ആവശ്യമായ ബജറ്റ് വിഹിതവും ആവശ്യമാണ്. ഒരു പെൺകുട്ടി സ്‌കൂളിൽ പഠിക്കുമ്പോൾ മാത്രമേ ശൈശവവിവാഹങ്ങൾ കുറയുകയുള്ളൂ.
പുതിയ നിയമമോ ചട്ടമോ ഉണ്ടാക്കുന്നതിന് സർക്കാരിന് സാമ്പത്തിക ബാധ്യതയൊന്നും വരുത്തുന്നില്ല. വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത് അത്യാവശ്യമാണ്.ഇതൊന്നും ചെയ്യാതെ വിവാഹപ്രായം വർധിപ്പിച്ച് സ്ത്രീശാക്തീകരണം നടത്തുമെന്നത് സർക്കാറിന്റെ പൊള്ളയായ വാഗ്ദാനം മാത്രമായിരിക്കും.
പ്രമുഖ അഭിഭാഷകയും ഫെമിനിസ്റ്റുമായ ഫ്‌ളവിയ ആഗ്നസ് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനം. പരിഭാഷ പി. ലിസ്സി