ദ കേരള സ്റ്റോറി; കേട്ടുപഴകിയ നുണകൾ മാത്രം

''സ്നേഹത്തിന്റെയോ സഹാനുഭൂതിയുടേയോ ഒരു കണിക പോലും സുദീപ്തോ സെന്നിന്റെ കാഴ്ചയിൽ കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കില്ല. രണ്ടര മണിക്കൂർ ഭയപ്പെടുത്തിയത് സിനിമയല്ല, വിദ്വേഷവും പച്ചക്കള്ളവും നിറഞ്ഞ ഒരു 'ആവിഷ്ക്കാര സ്വാതന്ത്ര്യം' കണ്ട് കൈയടിച്ച വിദ്യാർത്ഥികളാണ്''

Update: 2023-05-03 06:08 GMT
Advertising

നുണകൾ കുത്തിനിറച്ച് അവതരിപ്പിച്ച സുദിപ്തോ സെൻ ചിത്രത്തെ എങ്ങനെ വിലയിരുത്തണമെന്ന് അറിയില്ല. കാരണം അത്രയധികം സംഘപരിവാർ പ്രൊപ്പഗാണ്ട അടങ്ങിയ ഒരു മിശ്രിതമാണ് 'ദ കേരള സ്റ്റോറി'. രണ്ടര മണിക്കൂർ നീളുന്ന ചിത്രത്തിന്റെ ആദ്യപ്രദർശനമാണ് രാജ്യത്തെ പ്രമുഖ സർവകലാശാലയായ ജെഎൻയുവിൽ സംഘ്പരിവാർ നടത്തിയത്. ആദ്യപ്രദർശനത്തിനായി ഈ സർവകലാശാല തെരഞ്ഞെടുത്തത്തിൽ തന്നെ കാരണങ്ങള്‍ ഏറെയുണ്ട്. തിങ്ങിറഞ്ഞ വിദ്യാർത്ഥികൾക്ക് ഇടയിൽ, ജയ് ശ്രീരാം വിളികൾ കേട്ടാണ് ചിത്രം കണ്ടുതുടങ്ങിയത്. അഞ്ചു മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്നൊരു നുണകഥയാണ് രണ്ടര മണിക്കൂർ വലിച്ചുനീട്ടിയത്.

അഫ്ഗാനിസ്ഥാനിലെ ഒരു ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട ഒരു യുവതി വിദേശ സൈനികര്‍ക്ക് മുന്നിലിരുന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് സിനിമയുടെ തുടക്കം. ആ പെൺകുട്ടിയുടെ ഇരുത്തവും ഭയം നിറഞ്ഞുള്ള അവളുടെ മറുപടികളും സിനിമയെ ആദ്യം മുതല്‍ അവസാനം വരെ നയിക്കുന്നു.

തിരുവനന്തപുരം സ്വദേശിയും നഴ്സിംഗ് വിദ്യാർത്ഥിയുമായിരുന്ന ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന യുവതി 'ഫാത്തിമ'യായി മാറി, ISISന്റെ പിടിയിലായി അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ വഴികളാണ് ഉദ്യോസ്ഥരോട് വിവരിക്കുകയാണ്.

കേരളത്തിന്റെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി കാസര്‍കോട്ടെ നഴ്സിങ് കോളേജില്‍ പഠിക്കാനെത്തുന്ന നാല് പെൺകുട്ടികള്‍. അവരില്‍ രണ്ട് പേര്‍ ഹിന്ദുവും ഒരാള്‍ ക്രിസ്ത്യനും മറ്റൊരാള്‍ മുസ്‌ലിമും. കോളജ് ഹോസ്റ്റൽ മുറിയിലെ നാലാമത്തെ ആളായാണ് ശാലിനിയെത്തുന്നത്. തുടർന്ന് ആ മുറിയിലെ മുസ്‌ലിം യുവതിയായ ആസിഫ മറ്റുമൂന്ന് പേരെ മതംമാറ്റാനായുള്ള ശ്രമങ്ങൾ നടത്തുന്നതാണ് സിനിമയുടെ തുടക്കം.

കാസര്‍കോട്ടെ ഒരു മാളില്‍ വെച്ച് ഒരുസംഘം ആളുകൾ യുവതികളെ കയറിപിടിക്കുകയും വസ്ത്രം വലിച്ചുകീറുകയു ചെയ്യുന്നു. അത് കണ്ടുനിന്ന ഒരാൾ പോലും ഇവരെ സംരക്ഷിക്കുന്നില്ല. ഒടുവിൽ ഒരു മുസ്‌ലിം സ്ത്രീ അവരുടെ ഷോൾ കൊണ്ട് മൂവരുടേയും ശരീരം മറക്കുന്നു. പിന്നീട്, റൂമിലെത്തിയ മൂവരെയും ആസിഫ ഇസ്‌ലാമിനെ കുറച്ച് കൂടുതൽ പരിചയപ്പെടുത്തി. ഇസ്ലാമിക വസ്ത്രധാരണം സ്ത്രീക്ക് സുരക്ഷിതമെന്ന് ഓർമ്മപ്പെടുത്തി. തുടർന്ന് ശാലിനിയും ഗീതാഞ്ജലിയും പർദ്ദയിലേക്ക് മാറുന്നു. 

ആസിഫ അവരുടെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഇരുവരെയും പ്രണയ ബന്ധത്തിൽപ്പെടുത്തുന്നു. ശാലിനിയെ അഫ്ഗാനിസ്ഥാനിലേക്ക് കടത്താന്‍ കൂട്ടുനില്‍ക്കുന്നു. ഇതിന് തായാറാകാത്ത ഗീതാഞ്ജലി മറ്റുപ്രശ്നങ്ങളിൽ പെട്ട്, ആത്മഹത്യ ചെയ്യുന്നു. മതം മാറ്റത്തിന് കൂടെ നില്‍ക്കാത്ത ക്രിസ്ത്യന്‍ യുവതി ബലാത്സംഗം ചെയ്യപ്പെടുന്നതുമാണ് പിന്നീട് സിനിമ പറയുന്നത്.

ഒരു വെടിക്ക് മൂന്ന് പക്ഷിയാണ് അണിയറക്കാർ ലക്ഷ്യമിട്ടതെന്ന് തോന്നുന്നു. കേരളത്തിലെ മുസ്ലിംകളെല്ലാം മറ്റു മതക്കാര്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, അവര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മതം മാറ്റം ചെയ്യിക്കുന്നവരാണ് എന്ന ചിന്ത സിനിമയിൽ നന്നായി പടർത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ അടിത്തറയൊരുക്കുന്നത് കമ്യൂണിസ്റ്റുകളാണ് എന്ന ധാരണ ജനിപ്പിക്കുന്നു. ക്രിസ്ത്യാനികളും ഇതിനെല്ലാം ഇരയാകുന്നു എന്ന ചിന്തയുണ്ടാക്കുന്നു. കലാ മൂല്യത്തിന് യാതൊരു പരിഗണനയും കൊടുക്കാതെ പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞ്, മുസ്ലീം വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയും മാത്രമായി ചിത്രം ആദ്യാവാസാനം വരെ പോകുന്നു.

ഓരോ ഫ്രെയ്മിലും പ്രൊപ്പഗാണ്ട നിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കേരളത്തെ ഒരു തരത്തിലും അടയാളപ്പെടുത്തുന്നില്ല സിനിമ. ഹോസ്റ്റൽ മുറിയിലേക്ക് എത്തുന്ന ശാലിനി, മുസ്ലീം യുവതിയോട് നിങ്ങളുടെ വീട് കോഴിക്കോടോ, മലപ്പുറമോ അല്ലേ എന്ന ചോദ്യം മുതല്‍ ഒരു സമുദായതെ ഭീകരാവത്കരിക്കാന് തുടങ്ങി.

ഗീതാഞ്ജലിയുടെ വീട്ടിലെ ചുവരില്‍ കാള്‍ മാര്‍ക്സിനേയും ഏംഗല്‍സിനേയും ലെനിനേയും കൊണ്ടുവെക്കുന്നതിലും വീടിന് പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കൊടികെട്ടിവെയ്ക്കാനും, അത് ഓരോ ഫ്രൈമിലും കാണിക്കാനും സംവിധായകന്‍ സുദീപ്തോ സെന്‍ ശ്രദ്ധിക്കുന്നു. കാസര്‍കോട്ടെ ഒരു മുസ്ലിം മതപഠന സ്ഥാപനം വഴി മതംമാറ്റത്തിനുള്ള ആസൂത്രിത ഇടപെടല്‍ നടക്കുന്നുവെന്ന് സിനിമ പറയുന്നു. ഇസ്ലാം മത വിശ്വാസികളായി സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നവരെല്ലാം ഭീകരരോ ഭീകരര്‍ക്ക് സഹായം ചെയ്യുന്നവരോ ആയി ചിത്രീകരിക്കപ്പെടുന്നു. സ്നേഹത്തിന്റെയോ സഹാനുഭൂതിയുടേയോ ഒരു കണിക പോലും സുദീപ്തോ സെന്നിന്റെ കാഴ്ചയില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ക്കില്ലെന്ന് തന്നെ പറയാം.

കേരളത്തെക്കുറിച്ച് കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ചിത്രം സാധ്യമാക്കാന്‍ നിയോഗിക്കപ്പെട്ടത് എന്ന് വ്യക്തം. ഹിന്ദു യുവതികളോട് ക്രിസ്ത്യന്‍ യുവതി ചോദിക്കുന്നത് ദീപാവലി ആഘോഷിക്കാന്‍ എന്തുകൊണ്ട് വീട്ടില്‍ പോകുന്നില്ല എന്നാണ്. പഴയ തലമുറ ആഘോഷിക്കാറുണ്ട്, പക്ഷേ ഞങ്ങളത് അങ്ങനെ കൊണ്ടാടാറില്ല എന്ന് ഹിന്ദു യുവതികള്‍ മറുപടി പറയുന്നു. കേരളത്തില്‍ അന്നും ഇന്നും ദീപാവലി വലിയൊരാഘോഷമേയല്ല. ജാതിമത ഭേദമന്യേ മനുഷ്യര്‍ കൊണ്ടാടുന്ന ഉത്സവങ്ങളാണ് കേരളത്തില്‍ ഏറെയുമുള്ളത് എന്ന യാഥാര്‍ഥ്യം ഉത്തരേന്ത്യയിലെ ചിലര്‍ക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. 

ബോംബിന് മുകളിലാണ് കേരളത്തിന്റെ നില്‍പ്പ്, കമ്യൂണിസ്റ്റുകള്‍ കുഴപ്പക്കാരാണ് എന്നൊക്കെ കഥാപാത്രങ്ങൾ നിരന്തരം പറയുന്നു. കേരളത്തില്‍ നിന്ന് 30,000 പെൺകുട്ടികളെ കാണ്മാനില്ല. അനൗദ്യോഗികമായി ആ എണ്ണം 50,000 ആണ്. 703 കേസേ റജിസ്റ്റര്‍ ചെയ്തുള്ളു, 260 പേരെ മാത്രമേ രക്ഷപ്പെടുത്തിയുള്ളു എന്നെല്ലാം ഒരു കാഥാപാത്രം പോലീസിന് മുന്നില്‍ വിശദീകരിക്കുന്നുണ്ട്.

കേരളത്തെക്കുറിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ സിനിമ, യഥാര്‍ഥ സംഭവങ്ങളാണ് അടിസ്ഥാനമെന്ന് അണിയറ പ്രവര്‍ത്തകര്‍ നിരന്തരം പറയുന്നുണ്ട്. എന്നാല്‍, ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്ന നിമിഷം മുതല്‍ കേരളത്തിൽ സിനിമക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. കാരണം അതൊരു സംഘപരിവാർ അജണ്ടയുടെ ഭാഗമായുണ്ടായ നുണക്കഥയാണ്.

ഈ വാദത്തെ സാധൂകരിക്കുന്നതായിരുന്നു ആദ്യ പ്രദര്‍ശനം. സംഘപരിവാര്‍ സംഘടനയായ എ.ബി.വി.പിയാണ് പ്രദർശനം സംഘടിപ്പിച്ചത്. അതും സർവകലാശാലയുടെ അനുമതിയുടെ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലും. പ്രദർശനം ഉദ്ഘാടനം ചെയ്യാൻ പ്രൊഫസർമാരും എത്തി. 

രണ്ടര മണിക്കൂർ ഭയപ്പെടുത്തിയത് സിനിമയല്ല, വിദ്വേഷവും പച്ചക്കള്ളവും നിറഞ്ഞ ഒരു 'ആവിഷ്ക്കാര സ്വാതന്ത്ര്യം' കണ്ട് കൈയടിച്ച വിദ്യാർത്ഥികളാണ്. നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ രാജ്യത്തെ ഉന്നത കലാലയത്തിൽ മുസ്‌ലിം വിരുദ്ധയ്ക്ക് ഇന്ന് കൈയടിയും പിന്തുണയും കൂടിവരുകയാണ്. പരസ്പരം സ്നേഹിച്ച് ഒന്നിച്ചൊരു മുറിയിൽ കഴിഞ്ഞിരുന്നുവരിൽ വിഷം നിറച്ച്, രണ്ടായി പിളർത്തിമാറ്റി കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ഇത് നിങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥമാത്രമാണ്,  കേരളത്തിന്റെതല്ല. 





Tags:    

Writer - abs

contributor

Editor - abs

contributor

By - തൗഫീഖ് അസ്‌ലം

contributor

Similar News