അവിടെ മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ, ദ റിയൽ കേരള സ്‌റ്റോറി

മലപ്പുറത്തുകാരല്ലേ, കുഴപ്പമില്ല എന്ന വിദ്വേഷ കമന്റുകൾക്കിടെ താനൂർ ബോട്ട് ദുരന്തത്തിലെ മനുഷ്യരുടെ കൂട്ടായ്മ ഓർത്തെടുക്കുന്നു ലേഖകൻ

Update: 2023-05-09 08:00 GMT
Advertising

ഡ്യൂട്ടി കഴിഞ്ഞ് തിരൂരിലെ വീട്ടിലെത്തി കുളിച്ച് അത്താഴത്തിനിരിക്കുമ്പോഴാണ് കോഡിനേറ്റിങ് എഡിറ്റർ എന്‍.പി ജിഷാറിന്‍റെ ഫോൺ വരുന്നത്. 'എടാ... താനൂരിനടുത്ത് ഒരു ബോട്ട് മുങ്ങി ആളുകൾ മരിച്ചത് കണ്ടിരുന്നോ, അടുത്തുള്ള ആശുപത്രികളിലാണ് ബോഡി കൊണ്ടുപോയിട്ടുള്ളത്. കോൺടാക്ട് ഉണ്ടെങ്കിൽ ഒന്നു വിളിച്ച് കൺഫേം ചെയ്യാമോ'. ആ വാർത്ത ന്യൂസ് ഗ്രൂപ്പിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. മരണം ഒമ്പതായിട്ടുണ്ട്. ബോട്ടിൽ നാൽപ്പതോളം ആളുണ്ടെന്ന് പറയുന്നു. നാട്ടിലെ വാട്‌സ്ആപ് ഗ്രൂപ്പിൽ ചിത്രങ്ങളും വീഡിയോകളും പറന്നു നടക്കുന്നു.

'വീട്ടിൽനിന്ന് അഞ്ചെട്ട് കിലോമീറ്ററേ ഉള്ളൂ. ജിഷാർക്കാ, സ്‌പോട്ടിലേക്ക് ഞാൻ പോകാം' എന്നു പറഞ്ഞ്, മുമ്പിൽവച്ച ഭക്ഷണത്തിൽ ഒന്ന് കൈവച്ച്, ബൈക്കെടുത്ത് താനൂരിലേക്ക് തിരിച്ചു. താനൂർ-തിരൂർ റോഡിലേക്ക് തിരിയവെ ചീറിപ്പായുന്ന ആംബുലൻസുകളുടെ സൈറൺ. അതിനിടെ, ഓഫീസിൽനിന്ന് ക്യാമറമാൻ ബിബിൻ ജെയിംസിന്റെ ഫോൺ. കിട്ടുന്ന വിഷ്വലുകൾ വേഗത്തിൽ അയയ്ക്കണേ എന്ന് അവൻ. വിവരങ്ങള്‍ തേടി കോഴിക്കോട് ബ്യൂറോ ചീഫ് മുഹമ്മദ് അസ്‌ലമിന്റെ വിളി.

അഞ്ചു മിനിറ്റിലുള്ളിൽ മൂലക്കൽ അജ്‌നോറ ആശുപത്രിയിലെത്തി. ആശുപത്രിമുറ്റം നിറയെ ആംബുലൻസുകളുടെ ബീക്കൺ ലൈറ്റുകൾ. ശരവേഗത്തിൽ അവ വരികയും പോകുകയും ചെയ്തു. ഒമ്പത് മരണം ആശുപത്രിയിൽ സ്ഥിരീകരിച്ചതായി താനൂർ മുൻ എംഎൽഎ അബ്ദുറഹ്‌മാൻ രണ്ടത്താണി. ആ ബൈറ്റും ആശുപത്രി പരിസരവും മൊബൈലിലാക്കി ഓഫീസിലേക്കയച്ചു. 


അപകടം നടന്ന സ്ഥലത്ത് തടിച്ചുകൂടിയ ജനം

അപകടം നടന്ന കെട്ടുങ്ങൾ ബീച്ചിലേക്കുള്ള വഴികളപ്പോഴേക്കും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. സ്വയം വളണ്ടിയർമാരായി ആവശ്യക്കാരെ മാത്രം സ്ഥലത്തേക്ക് കടത്തിവിടുകയാണ് നാട്ടുകാർ. കെട്ടുങ്ങൽ തീരത്തെ പാലം കഴിഞ്ഞ് ഇടതുഭാഗത്തുള്ള പോക്കറ്റ് റോഡിലൂടെ വേണം അപകട സ്ഥലത്തെത്താൻ. അവിടെ ഒന്നു രണ്ടു പൊലീസുകാർ വാഹനം നിയന്ത്രിക്കുന്നു. പ്രസ് കാർഡ് കാണിച്ചതോടെ വണ്ടി വിട്ടു. രണ്ടു മൂന്നു മിനിറ്റു കൊണ്ട് സ്‌പോട്ടിനടുത്തെത്തി. നടന്നു പോകുന്നതാണ് നല്ലതെന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞതോടെ ബൈക്ക് റോഡരികിൽ വച്ചു. തെരുവു വിളക്കുകളൊന്നുമില്ലാത്ത ആ ചെമ്മൺപാതയിലൂടെ ആളുകൾ മൊബൈൽ വെളിച്ചത്തിൽ ധൃതിപ്പെട്ട് ഓടിക്കൊണ്ടിരുന്നു.

രണ്ടു വീടിന്റെ ഇടയിലൂടെയുള്ള ചെറിയ ഇടനാഴി കടന്നു വേണം സ്‌പോട്ടിലെത്താൻ. ഒരു വീടിന്റെ മുറ്റത്തു വച്ച് മലപ്പുറം റിപ്പോർട്ടർ ഷബീർ ഒമറിനെ കണ്ടു. ദുരന്തം ആദ്യമായി നേരിട്ടു കണ്ട ഒരു ചേച്ചിയെ കണ്ടു. അവരുടെ വാക്കുകളിൽ നിറയെ നടുക്കം.

'ഈ തിണ്ടത്ത് നിൽക്കുകയായിരുന്നു. പുഴയിൽ പോയിക്കൊണ്ടിരിക്കുന്ന ബോട്ട് ചെരിഞ്ഞ് ചെരിഞ്ഞ് കമിഴ്ന്നു പോയി. ആളുകളുടെ ആർപ്പുംവിളിയും ബഹളവും കേൾക്കാമായിരുന്നു. ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ആളുകളെ വിളിച്ചു പറഞ്ഞു. അവർ പൊലീസിനെ വിളിച്ചു. നാട്ടിലുള്ള കുട്ടോളെ എല്ലാവരും ഫോൺ ചെയ്തു വിളിച്ചു. എല്ലാവരും ഓടിച്ചെന്നു. രക്ഷിക്കാൻ പറ്റുന്നവരെ രക്ഷിച്ചു. നടുപുഴയിലല്ലേ അതു മറിഞ്ഞുവീണത്. ഇരുട്ടായതു കൊണ്ട് ശരിക്ക് കാണാൻ പറ്റിയിരുന്നില്ല. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.'

കോലായിലെയും അടുക്കളയിലെയും വാതിലുകൾ തുറന്നുവച്ച് ആർക്കും കയറിച്ചെല്ലാവുന്ന ഒരിടമായി മാറിയിരുന്നു അപ്പോഴേക്കും ആ വീട്. അടുക്കളപ്പുറത്തെ വരാന്തയിൽ നിറയെ പാത്രങ്ങൾ. കുടിക്കാൻ ആവശ്യത്തിനു വെള്ളം. പുറത്തെ ബാത്ത് റൂം തുറന്നുവച്ചിരുന്നു. രക്ഷാദൗത്യത്തിൽ എന്തിനും സജ്ജമായി, അണയാത്ത വിളക്കു പോലെ ആ വീടും വീട്ടുകാരും നിന്നു.

വീടിന്റെ പിൻഭാഗത്ത് പൂരപ്പുഴ. പുഴയിലേക്ക് അഭിമുഖമായി നിൽക്കുന്ന തെങ്ങിൻതോപ്പിൽ രക്ഷാദൗത്യത്തിനായി വന്ന ആളുകളുടെ ബഹളം. അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ട് അപ്പോഴും പുഴയിൽ കിടക്കുകയാണ്. അതിനു മുകളിലും വശങ്ങളിലുമായി നിരവധി ആളുകൾ. കൈയിലുള്ള ആയുധങ്ങളുമായി അവർ അവർക്കാവുന്നതു ചെയ്യുകയാണ്. പരസ്പരം നിർദേശം നൽകിയും കലഹിച്ചും ജീവൻരക്ഷാ ദൗത്യത്തിന്റെ ഭാഗമാകുന്നു. വാർത്ത കേട്ട് എവിടെ നിന്നൊക്കെയോ ഓടിവന്നവർ!

ബോട്ടിന്റെ അടിഭാഗത്ത് കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചായിരുന്നു എല്ലാവരുടെയും ആധി. ഉള്ളിലേക്ക് നൂണുകടക്കാനുള്ള നാട്ടുകാരുടെയും ദൗത്യസംഘത്തിന്റെയും എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. അതിനിടെ, ഒരു ബഹളം കേട്ടു. ഒരു പിഞ്ചുകുഞ്ഞിനെ പുറത്തെടുക്കുന്നതിന്റെ ധൃതിപ്പെടലാണ്. വഴി മാറെടാ... പിടിക്കെടാ... എന്നൊക്കെയുള്ള അട്ടഹാസങ്ങൾക്കിടെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ സുരക്ഷിതമായ ഒരിടനാഴി രൂപപ്പെട്ടു. ആ ഇളംമേനിയിൽ ജീവന്റെ ചൂട് ബാക്കിനിൽക്കുന്നുണ്ടെങ്കിലോ എന്നൊക്കെയുള്ള ആധിയുമായി മനുഷ്യർ ആംബുലൻസിലേക്ക് പാഞ്ഞു. കുറച്ചുകഴിഞ്ഞ് ആളുകൾ പുറത്തെടുത്തത് ഒരു യുവാവിനെയായിരുന്നു. വെള്ളമുറ്റി വീഴുന്ന ഒരുടൽ. മനുഷ്യർ ചേർത്തുപിടിച്ച കരങ്ങളിലൂടെ അയാളും ആംബുലൻസിലേക്ക് കൈമറിഞ്ഞു പോയി. 


അപകടത്തില്‍പ്പെട്ട അറ്റ്ലാന്‍റിക് ബോട്ടിന് മുകളില്‍  രക്ഷാപ്രവര്‍ത്തകര്‍ 


അതിനിടെ, ഡസ്‌കിൽ നിന്ന് വിവരം തേടിയുള്ള വിളി. ന്യൂസ് ഫ്‌ളോറിൽ നിന്ന് നിഷാദ് റാവുത്തറിന്റെ ചോദ്യങ്ങൾ. കിട്ടിയ വിഷ്വലുകൾ എങ്ങനെയെങ്കിലും അയയ്ക്കാമോ എന്ന ബിബിൻ ജെയംസിന്റെ വിളി വീണ്ടും. ഇന്റർനെറ്റ് നേരത്തെ ജാമായി കഴിഞ്ഞിരുന്നു. നേരെ പുറത്തിറങ്ങി നടന്നു. വഴിയരികിലെ വീട്ടിൽ കയറി ഫോൺ ഒന്നു ചാർജ് ചെയ്‌തോട്ടെ എന്നു ചോദിച്ചു. എല്ലാ പോയിന്റിലും ഫോൺ കുത്തിവച്ചിരിക്കുകയാണല്ലോ എന്നു പറഞ്ഞ് നിസ്സഹായനായി ആ വീട്ടുകാരൻ. അടുത്ത വീടുകളിലെല്ലാം വെട്ടമുണ്ട്. ഒരിടത്തു കയറി ചാർജ് ചെയ്യാൻ ഇടം ചോദിച്ചു. ആ ചേട്ടൻ വീട്ടിനകത്തേക്കു വിളിച്ചു സോക്കറ്റ് കാണിച്ചുതന്നു. സോഫയിലേക്ക് ചൂണ്ടി ഇരിക്കാൻ പറഞ്ഞു. ഡൈനിങ് ഹാളിനോട് ചേർന്ന ബാത്ത്‌റൂമിൽ നിന്ന് മൂത്രമൊഴിച്ചു വന്ന എന്നോട്, അവിടത്തെ അമ്മ ഭക്ഷണം കഴിച്ചോ ചോദിച്ചു. കഴിക്കാൻ സ്‌നേഹപൂർവ്വം നിർബന്ധിച്ചു. കഴിച്ചെന്നു പറഞ്ഞപ്പോൾ കുടിക്കാൻ ചൂടാക്കിയ വെള്ളം തന്നു. ഈ വിഷ്വലുകൾ അയക്കാൻ വഴിയുണ്ടാകുമോ എന്നു ചോദിച്ചപ്പോൾ വൈഫെയുടെ പാസ്‌വേഡ് തന്നു. നന്ദി പറഞ്ഞു തിരിച്ചുപോകുമ്പോഴും അവരെന്റെ പേരു ചോദിച്ചില്ല.  എവിടെ നിന്ന് വരുന്നു എന്നു ചോദിച്ചില്ല!

തിരികെ അപകട സ്ഥലത്തെത്തുമ്പോഴും രക്ഷാദൗത്യം ഒരിഞ്ചു മുമ്പോട്ടുപോയിരുന്നില്ല. വലിയ ബോട്ട് നീറ്റിൽനിന്ന് ഉയർത്താനായി രണ്ട് ജെസിബി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വടംകെട്ടി വലിച്ചുകയറ്റുന്നതിനിടെ അത് ഏതുനിമിഷവും പൊട്ടുമെന്നു തോന്നി. രക്ഷാദൗത്യങ്ങളിൽ ആധുനിക ആയുധങ്ങളില്ലാതെ കഷ്ടപ്പെടുന്ന സേനയുടെ നിസ്സഹായത അനുഭവിച്ചറിഞ്ഞു.

നാലഞ്ചു മണിക്കൂർ പിന്നിട്ടിട്ടും പ്രതീക്ഷാഭരിതമായി ആ ദൗത്യത്തിൽ കൈ മെയ് മറന്നു മുന്നിൽ നിന്ന മനുഷ്യർ അത്ഭുതമായി നിൽക്കുന്നു. ബ്ലേഡിനേക്കാൾ മൂർച്ചയുള്ള ചിപ്ലികൾക്കു മുകളിലാണ് അവർ നിന്നിരുന്നത്. അതിലുരഞ്ഞ് അവരുടെ കാലുകളിൽ പൊടിഞ്ഞിട്ടുണ്ടായിരുന്നു. ബോട്ടിന്റെ ചില്ലുഗ്ലാസിലുരഞ്ഞ് രക്തം കിനിയുണ്ടായിരുന്നു. ചിലർ തൂവാല കൊണ്ട് കൈ കെട്ടിയാണ് ആ ദൗത്യത്തിന്റെ അവസാനം വരെ നിലയുറപ്പിച്ചത്.

ഏഴു മണിയോടെ പുഴയിൽ വീണു മറിഞ്ഞ ബോട്ട്, ഒടുവിൽ അഞ്ചര മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ശേഷം ആർപ്പുവിളിയോടെ കരയിലേക്ക് വലിച്ചിട്ടു. നാട്ടുകാരും ദൗത്യസംഘവും ബോട്ട് വെട്ടിപ്പൊളിച്ച് അകത്തുകയറി. അകത്ത് ഇനിയാരുമില്ലെന്ന വിവരം ആശ്വാസത്തെ പുറത്തേക്കു വന്നു. നെടുവീർപ്പുകൾ കേട്ടു. പുഴയിൽ ഇനി ആരെങ്കിലുമുണ്ടാകുമോ എന്ന ആധിയായിരുന്നു പിന്നീട്. ചളി നിറഞ്ഞ ആറ്റിൽ നിന്ന് ദുഃഖകരമായ വാർത്തകളൊന്നും കയറി വരരുതേ എന്ന പ്രാർത്ഥന അവിടെ നിറഞ്ഞു നിന്നു. ആളുകൾ പതിയെ പിൻവാങ്ങിത്തുടങ്ങി. നീറ്റിൽ എറണാകുളത്തു നിന്നെത്തിയ വിദഗദ്ധ സംഘം തെരച്ചിൽ തുടരുന്നുണ്ട്. പാതിരാവു കഴിഞ്ഞിരുന്നു. മൂന്നു മണിയോടെ  തിരിച്ചുവരുമ്പോള്‍‌  പുഴയിലേക്ക് പടര്‍ന്ന വെളിച്ചത്തിൽ അറ്റ്‌ലാന്റികിന്റെ നിഴൽ ദുരന്തസ്മൃതി പോലെ വീണുകിടക്കുകയായിരുന്നു. 






Tags:    

Writer - abs

contributor

Editor - abs

contributor

By - എം അബ്ബാസ്‌

contributor

Similar News