വർഷം പന്ത്രണ്ടു കഴിഞ്ഞു, ആ വെടിയൊച്ച ഇപ്പോഴുമുണ്ട് കാതിൽ
ബീമാപള്ളിയിലെ പൊലീസ് ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ സാഹസികമായി പകർത്തിയ മാധ്യമപ്രവർത്തകൻ എം റഫീഖ് എഴുതുന്നു
ഞായറാഴ്ച ഉച്ച. ബീമാപള്ളി കടപ്പുറത്ത് തണുത്ത കാറ്റു കൊണ്ട് നിൽക്കുകയായിരുന്നു ഞാൻ. തൊട്ടപ്പുറം കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിന്റെ ആരവം. കുറച്ചു പേർ ചുറ്റം കൂടിയിരുന്ന് വർത്തമാനം പറയുന്നു. എല്ലാറ്റിനും മുകളിൽ കരയെ തൊടുന്ന തിരമാലകളുടെ ഒച്ച. പെട്ടെന്നാണ് വെടിയൊച്ച കേട്ടത്. തുരുതുരാ വെടിവയ്ക്കുന്നതിന്റെ ശബ്ദം. കുറച്ചു പേർ കടപ്പുറത്ത് കൂടെ ഓടുന്നു. പിന്നിൽ തോക്കേന്തി പൊലീസ്. കടപ്പുറത്ത് കാറ്റു കൊള്ളാനിരുന്നവരും ഭയചകിതരായി എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു. ഇവർക്കു നേരെയും വെടിവയ്പ്പുണ്ടായി.
ഓടിപ്പോകുന്നവരിൽ ഏറ്റവും പിന്നിലായിരുന്ന ഒരു ചെറുപ്പക്കാരൻ കടപ്പുറത്തെ മണലിൽ വെടിയേറ്റു വീണു. പൊലീസ് നിന്നില്ല. വീണ യുവാവിന്റെ ശരീരത്തിലൂടെ ബൂട്ടിട്ടു ചവിട്ടി അവർ മുമ്പോട്ടു പോയി. ഓടുന്ന ഓട്ടത്തിൽ വെടിവെപ്പ് തുടരുകയാണ്. പിന്നീട് അഞ്ചു പേർ കൂടി വെടിയുണ്ട തുളച്ച് പിടഞ്ഞു വീണു. കുറേ ദൂരം മുമ്പോട്ടു പോയ ശേഷം പൊലീസ് മടങ്ങി വന്നു. ചെറുപ്പക്കാരൻ രക്തത്തിൽ കുളിച്ച് കടപ്പുറത്തു കിടക്കുന്നു. മണലിൽ അപ്പോൾ വീണ ചോര കിനിയുന്നു. രക്ഷയ്ക്കായി യാചിച്ച അയാളെ പൊലീസ് മണലിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി. കുറേ ദൂരം പോയി, അവിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലേക്ക് എടുത്തെറിഞ്ഞു. പരിക്കു പറ്റിയതു മൂലം മടക്കാൻ കഴിയാതിരുന്ന അയാളുടെ കാൽ വലിച്ചു മടക്കിയാണ് ജീപ്പിലേക്കിട്ടത്. കടപ്പുറത്ത് മണിക്കൂറുകളോളം പൊലീസിന്റെ സംഹാരതാണ്ഡവമായിരുന്നു. പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോയ ആ ചെറുപ്പക്കാരന് പിന്നീട് കാൽ തന്നെ നഷ്ടമായി.
പൊലീസിന്റെ കണ്ണുവെട്ടിച്ച് അതിസാഹസികമായാണ് ഞാനാ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തത്. അതിന്റെ ഭീതി പന്ത്രണ്ടു വർഷങ്ങൾക്കു ശേഷവും എന്നെ വിട്ടുപോയിട്ടില്ല. അന്ന് പകർത്തിയ വീഡിയോ വഴിയാണ്, പിന്നീട് ദൃശ്യമാധ്യമങ്ങളിലൂടെ ബീമാപള്ളി വെടിവയ്പ്പിന്റെ ഭീകരത പുറംലോകമറിഞ്ഞത്.
2009 മേയ് 17 നായിരുന്നു പൊലീസിന്റെ നരവേട്ട. ആറുപേരുടെ മരണത്തിനും 52 പേരുടെ ഗുരുതരമായ പരിക്കിനും ഇടയാക്കിയ വെടിവയ്പ്പ് കേരള ചരിത്രത്തിൽ ഇതുവരെ നടന്നതിൽ വച്ചേറ്റവും വലിയ പൊലീസ് വേട്ടയായിരുന്നു. ഗൾഫിൽ നിന്നു ലീവിനെത്തി ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ ആക്കിയ ശേഷം കടപ്പുറത്തെത്തിയ ചെറുപ്പക്കാരൻ വരെ പൊലീസ് വെടിവയ്പ്പിൽ മരിച്ചു. വെടിയേറ്റു മരിച്ചവർക്കൊപ്പം ആ നരനായാട്ടിൽ ദുരിതം പേറി ജീവിക്കുന്നവർ ഇന്നും ബീമാപള്ളിയുടെ നൊമ്പരമാണ്.
വെടിവയ്പ്പിന്റെ ഒന്നാം വാർഷികത്തിൽ മാധ്യമം പത്രത്തിന് വേണ്ടി റിപ്പോർട്ട് തയ്യാറാക്കാൻ പ്രദേശത്ത് വീണ്ടുമെത്തിയപ്പോഴാണ് നൊമ്പരപ്പെടുത്തുന്ന മറ്റൊരു കാഴ്ച കൂടി കണ്ടത്. വെടിവയ്പ്പിൽ പരിക്കേറ്റ മകന്റെ ചികിത്സയ്ക്കായി ബീമാപള്ളിക്ക് പുറത്ത് ഒരു മാതാവ്. സന്ദർശകരുടെ ചെരുപ്പുകൾക്ക് കാവൽ നിൽക്കുകയായിരുന്നു അവർ. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തുന്നവർ നൽകുന്ന നാണയത്തുട്ടുകളായിരുന്നു ഇവരുടെ വരുമാനം. കൃത്യമായി ചികിത്സ കിട്ടാതെ മൂന്നു വർഷം ദുരിതം പേറി ഇവരുടെ മകൻ മരിച്ചു. വെടിവയ്പ്പിൽ പരിക്കേറ്റ നിരവധി പേരുടെ സ്ഥിതി ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഉറ്റവരുടെ വേർപാട് സൃഷ്ടിച്ച വ്യഥയിലും ഒറ്റപ്പെടലിലും അവർ ജീവിതം തള്ളി നീക്കുന്നു.
അന്നന്നത്തെ അന്നത്തിനായി കടലിനോട് മല്ലടിക്കുന്നവരെയാണ് ഈയിടെ പുറത്തിറങ്ങിയ സിനിമ 'മാലിക്' അധോലോക മാഫിയയായി ചിത്രീകരിക്കുന്നത്. യാഥാർത്ഥ്യത്തോട് തെല്ലും നീതി പുലർത്താത്ത ആവിഷ്‌കാരമാണത്. പള്ളിയെക്കുറിച്ച് സിനിമയിൽ പറയുന്ന കാര്യങ്ങൾ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ല. പള്ളിയിൽ കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ജാതിഭേത്യമന്യേ പാവപ്പെട്ടവരുടെ ചികിൽസക്കായി വർഷം തോറും മാറ്റിവയ്ക്കുന്ന ഒരു ജാമഅത്ത് കൂടിയാണ് ബീമാപള്ളി.